Football in Malayalam

ന്യൂകാസിൽ യുണൈറ്റഡ് പരിശീലകസ്ഥാനം നിരസിച്ച് ഉനെ എമറി, സ്‌പാനിഷ്‌ പരിശീലകൻ വിയ്യാറയലിൽ തുടരും

Sreejith N
Athletic Club v Villarreal CF - La Liga Santander
Athletic Club v Villarreal CF - La Liga Santander / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ന്യൂകാസിൽ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുക്കാനുള്ള ഓഫർ ഉനെ എമറി നിരസിച്ചുവെന്ന് റിപ്പോർട്ടുകൾ. നിലവിൽ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്ന വിയ്യാറയലിന്റെ ഉടമയായ ഫെർണാണ്ടോ റോയ്‌ഗിനോട് ക്ലബിനൊപ്പം തന്നെ തുടരുമെന്ന കാര്യം ഉനെ എമറി വ്യക്തമാക്കിയെന്ന് സ്‌പാനിഷ്‌ മാധ്യമം മാർക്കയാണ് വെളിപ്പെടുത്തിയത്.

യങ് ബോയ്‌സിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയം നേടിയതിനു പിന്നാലെയാണ് സ്‌പാനിഷ്‌ പരിശീലകൻ ക്ലബ് ഉടമയെ വിളിച്ച് തന്റെ തീരുമാനം അറിയിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡുമായി പോയിന്റ് നിലയിൽ ഒപ്പമെത്തി ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് സാധ്യതകൾ വിയ്യാറയൽ നിലനിർത്തിയിരുന്നു.

വിയ്യാറയലിന്റെ പരിശീലകസ്ഥാനം എമറി ഏറ്റെടുത്തതിനു ശേഷമാണ് വർഷങ്ങൾക്കു ശേഷം അവർ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നത്. കഴിഞ്ഞ സീസണിലെ യൂറോപ്പ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് കിരീടം നേടി ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടിയ ടീം ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ലാ ലിഗയിൽ പന്ത്രണ്ടു പോയിന്റ് മാത്രം നേടി പതിമൂന്നാം സ്ഥാനത്താണ്.

നിലവിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബെന്ന ഖ്യാതിയുള്ള ന്യൂകാസിൽ യുണൈറ്റഡിന്റെ ഓഫർ വന്നപ്പോൾ എമറി അതേറ്റെടുക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വമ്പൻ ഫണ്ടൊഴുക്കാൻ കഴിയുന്ന ക്ലബിന്റെ വാഗ്‌ദാനം നിരസിച്ച് വിയ്യാറയൽ ആരാധകർക്ക് സന്തോഷം നൽകുന്ന തീരുമാനം മുൻ ആഴ്‌സണൽ, പിഎസ്‌ജി, സെവിയ്യ പരിശീലകൻ എടുത്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇന്നലത്തെ മത്സരത്തിനു ശേഷം ന്യൂകാസിൽ യുണൈറ്റഡിന്റെ ഓഫർ താൻ നിഷേധിച്ചിട്ടില്ലെന്നാണ് പറഞ്ഞ എമറി ക്ലബ് ഉടമയുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് തീരുമാനം മാറ്റിയതെന്നാണ് കരുതേണ്ടത്. ഇതോടെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ന്യൂകാസിലിന്റെ ശ്രമങ്ങൾ നീളുകയാണ്.

facebooktwitterreddit