ന്യൂകാസിൽ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ നൽകി ഉനെ എമറി


യങ് ബോയ്സിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മികച്ച വിജയമാണ് വിയ്യാറയൽ സ്വന്തമാക്കിയതെങ്കിലും അതിനു ശേഷമുള്ള പരിശീലകൻ ഉനെ എമറിയുടെ വാക്കുകൾ അവർക്ക് ആശങ്ക നൽകുന്നതാണ്. സൗദി കൺസോർഷ്യം ഏറ്റെടുത്ത ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡ് തന്നിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനോട് താൻ ഇതുവരെ മുഖം തിരിച്ചിട്ടില്ലെന്നും എമറി വ്യക്തമാക്കി.
സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്തതോടെ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബായി ന്യൂകാസിൽ യുണൈറ്റഡ് മാറിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ വലിയ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന ന്യൂകാസിൽ യുണൈറ്റഡുമായി നിരവധി പരിശീലകരെ ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഒടുവിൽ മുൻ സെവിയ്യ, പിഎസ്ജി, ആഴ്സണൽ പരിശീലകനായ എമെറിയിലാണ് ടീം എത്തിയതെന്നാണ് മനസിലാക്കേണ്ടത്.
"അവർ എന്നിൽ താൽപര്യം കാണിച്ചുവെന്നതു മാത്രമാണ് തീർച്ചയുള്ള ഒരേയൊരു കാര്യം, എന്നാൽ അതിനേക്കാൾ വലിയ വാർത്തകളൊന്നും എന്റെ പക്കലില്ല. ഇതുവരെയും ഓഫറുകളില്ല, ഉണ്ടെങ്കിൽ ക്ലബ് മുഖേനയാണ് അതു മുന്നോട്ടു പോവുക. ഞാൻ പോകുമെന്നും പറയാൻ കഴിയില്ല. ഗെറ്റാഫക്കെതിരായ ലീഗ് മത്സരത്തിലാണ് ഞാനിപ്പോൾ ശ്രദ്ധ കൊടുത്തിരിക്കുന്നത്," എമറി പറഞ്ഞു.
ന്യൂകാസിൽ യുണൈറ്റഡ് ഓഫർ മുന്നോട്ടു വെച്ചാൽ എന്താണു ചെയ്യുകയെന്ന ചോദ്യത്തിനും സ്പാനിഷ് കോച്ച് മറുപടി പറഞ്ഞു. "അങ്ങിനെയൊരു നീക്കമുണ്ടായാൽ ഞാൻ വിയ്യാറയൽ പ്രസിഡന്റുമായി സംസാരിക്കും. സ്ക്വാഡിനോടും ക്ലബിനോടും ബഹുമാനമുള്ള ഞാൻ അവരുമായി ചർച്ച നടത്തും. ഞാൻ ഒരു വാതിലും തുറക്കുകയോ അടക്കുകയോ ചെയ്യുന്നില്ല. അവരുടെ താൽപര്യത്തോട് ഞാൻ പറ്റില്ലെന്നു പറഞ്ഞിട്ടുമില്ല," എമറി വ്യക്തമാക്കി.
അതേസമയം ഇംഗ്ലണ്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എമറി തന്നെയാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ അടുത്ത പരിശീലകനെന്നാണ്. സെവിയ്യക്കൊപ്പം തുടർച്ചയായി മൂന്നു യൂറോപ്പ ലീഗ് നേടിയിട്ടുള്ള അദ്ദേഹം പിഎസ്ജിക്കൊപ്പം ഒരു ലീഗ് കിരീടമുൾപ്പെടെയുള്ള നേട്ടങ്ങളും വിയ്യാറയലിനൊപ്പം കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗും നേടിയിരുന്നു.