ലെവൻഡോസ്‌കിയെ സ്വന്തമാക്കാനുള്ള ശ്രമം ബാഴ്‌സലോണ തുടരരുതെന്ന് മുൻ ബയേൺ പ്രസിഡന്റ് ഉളി ഹോനെസ്
By Sreejith N

ബയേൺ മ്യൂണിക്ക് വിടാനും ബാഴ്‌സയിലേക്ക് ചേക്കേറാനുമുള്ള തന്റെ ആഗ്രഹം ലെവൻഡോസ്‌കി അറിയിച്ചെങ്കിലും നിലവിൽ അതിനോടുള്ള ബയേൺ മ്യൂണിക്കിന്റെ പ്രതികരണം ഒട്ടും അനുകൂലമല്ല. ബാഴ്‌സലോണ ഒന്നിലധികം ഓഫറുകൾ പോളണ്ട് താരത്തിനു വേണ്ടി മുന്നോട്ടു വെച്ചെങ്കിലും അതെല്ലാം ബയേൺ മ്യൂണിക്ക് നിരസിക്കുകയാണ് ചെയ്‌തത്.
ലെവൻഡോസ്‌കിക്കായി അറുപതു മില്യൺ യൂറോ ബയേൺ മ്യൂണിക്ക് ആവശ്യപ്പെടുന്നത് മാത്രമല്ല, പോളണ്ട് സ്‌ട്രൈക്കറെ വിട്ടുകൊടുക്കാൻ തങ്ങൾക്ക് താൽപര്യമില്ലെന്ന് ക്ലബ് നേതൃത്വത്തിലുള്ളവർ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്കിന്റെ മുൻ പ്രസിഡന്റായ ഉളി ഹോനെസും ലെവൻഡോസ്‌കിക്കായി ഓഫർ നൽകുന്നതിൽ നിന്നും ബാഴ്‌സലോണ പിൻവലിയണമെന്ന് അറിയിക്കുകയുണ്ടായി.
Sorry Barcelona fans, Bayern Munich still aren't budging on Robert Lewandowski 🤷♂️
— Transfermarkt.co.uk (@TMuk_news) June 29, 2022
At least that's what Uli Hoeneß thinks... pic.twitter.com/dRUEjxYzJW
"പുതിയ ഓഫറിനെക്കുറിച്ച് എനിക്കൊന്നുമറിയില്ല. എന്നാൽ മ്യൂണിക്കിൽ നിലനിൽക്കുന്നതും ഞാൻ കേട്ടതുമായ കാര്യങ്ങളിൽ നിന്നും പറയാനുള്ളത്, ബാഴ്‌സലോണ മറ്റൊരു ഓഫർ താരത്തിനു വേണ്ടി നൽകുന്നതിൽ നിന്നും സ്വയം രക്ഷപ്പെടണമെന്നാണ്." ന്യൂലാൻഡിലെ ഒരു സ്പോർട്ട് കോൺഗ്രസിൽ സംസാരിക്കേ ഹോനെസ് പറഞ്ഞു.
"ഞാനല്ല തീരുമാനങ്ങൾ എടുക്കുന്നത്. പക്ഷെ ബയേണിന്റെ വാക്കുകൾ വളരെ വ്യക്തമാണ്. ലെവൻഡോസ്‌കി ബയേൺ മ്യൂണിക്കുമായുള്ള കരാറിനെ മതിക്കണമെന്നാണ് അവർ പറയുന്നത്. എത്ര വലിയ തുകയായാലും അതിനവരുടെ മനസ് മാറ്റാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല." അദ്ദേഹം വ്യക്തമാക്കി.
ലെവൻഡോസ്‌കിക്ക് പകരക്കാരനാവാൻ കഴിയുന്ന മറ്റൊരു മികച്ച സ്‌ട്രൈക്കർ ലഭ്യമല്ലാത്തതിനാലാണ് താരത്തെ വിട്ടുകൊടുക്കാൻ ബയേൺ മ്യൂണിക്ക് വിമുഖത കാണിക്കുന്നത്. അതേസമയം ലെവൻഡോസ്‌കിയെയും താരത്തിന്റെ ഏജന്റിനെയും നേരിട്ടു വിളിച്ച ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ട ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ കഴിയുമെന്ന ഉറപ്പ് അവർക്കു നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.