Football in Malayalam

മാഞ്ചസ്റ്റർ സിറ്റിയും പിഎസ്‌ജിയും ചാമ്പ്യൻസ് ലീഗ് നേടാത്തതിൽ സന്തോഷമെന്ന് മുൻ ബയേൺ പ്രസിഡന്റ് ഉളി ഹോനെസ്

Sreejith N
Digital X 2020/21 In Cologne
Digital X 2020/21 In Cologne / Andreas Rentz/GettyImages
facebooktwitterreddit

യൂറോപ്യൻ ഫുട്ബോളിലെ വമ്പൻ സാമ്പത്തിക ശക്തികളായ മാഞ്ചസ്റ്റർ സിറ്റിക്കും പിഎസ്‌ജിക്കും ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതിൽ സന്തോഷമുണ്ടെന്ന് ബയേൺ മ്യൂണിക്കിന്റെ മുൻ പ്രസിഡന്റായ ഉളി ഹോനെസ്. എമിറേറ്റ്സും ഖത്തറും ഏറ്റെടുത്ത ഈ രണ്ടു ക്ലബുകളും ഓരോ തവണ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയിരുന്നെങ്കിലും പിഎസ്‌ജി ബയേൺ മ്യൂണിക്കിനോടും മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ സീസണിൽ ചെൽസിയോടും പരാജയപ്പെടുകയായിരുന്നു.

"ഈ രണ്ടു ക്ലബുകളും ഇതുവരേക്കും ഒന്നും വിജയിച്ചിട്ടില്ല, ഒന്നും. അവർ ഞങ്ങളോട് വീണ്ടും തോൽക്കും. എല്ലായിപ്പോഴുമില്ല, എന്നാൽ ഓരോ സമയങ്ങളിൽ അത് സംഭവിക്കും. ഞങ്ങളുടെ ലക്ഷ്യവും അതു തന്നെയാണ്." ഇലവൻ ലേബെൻ പോഡ്‌കാസ്റ്റിൽ സംസാരിക്കേ ഉളി ഹോനെസ് പറഞ്ഞു.

"ഞങ്ങൾ അവരെ തോൽപ്പിക്കുന്നത് എനിക്കു വളരെ സന്തോഷം നൽകുന്ന കാര്യമാണ്. കാണിച്ചു കൊടുക്കൂ, നിങ്ങളുടെ പണം ഇതിനു മതിയാവില്ലെന്ന്." ഹോനെസ് പറഞ്ഞു. പിഎസ്‌ജിയുടെ പ്രസിഡന്റ് നാസർ അൽ ഖേലൈഫിയെയും ഹോനെസ് വിമർശിച്ചു.

"അയാൾക്ക് ഫുട്ബോൾ ഇഷ്‌ടമാണെന്നു പോലും എനിക്കറിയില്ല. ഞാനും അയാളും തമ്മിലുള്ള പ്രധാന വ്യത്യാസം? ഞാൻ എന്റെ പണം നേടാൻ കഠിനമായി അധ്വാനിക്കുമ്പോൾ അയാൾ അതൊരു സമ്മാനം പോലെയാണ് നേടുന്നത്." ഹോനെസ് തുറന്നടിച്ചു.

ബയേൺ മ്യൂണിക്കും പിഎസ്‌ജിയും ചാമ്പ്യൻസ് ലീഗിൽ ആറു തവണ ഏറ്റു മുട്ടിയപ്പോൾ മൂന്നു തവണ സിറ്റിയും മൂന്നു തവണ ബയേണുമാണ് വിജയം നേടിയിരിക്കുന്നത്. അതേസമയം 2020 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേണിനോട് തോറ്റ പിഎസ്‌ജി കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജർമൻ ടീമിനെ മറികടന്നിരുന്നു.

facebooktwitterreddit