Football in Malayalam

ചാമ്പ്യൻസ് ലീഗ് ഡ്രോയിലെ അസാധാരണ പിഴവ്, നറുക്കെടുപ്പ് വീണ്ടും നടത്തുമെന്ന് യുവേഫ

Sreejith N
UEFA European Club Football Season Kick-Off 2019/2020 - UCL Draw
UEFA European Club Football Season Kick-Off 2019/2020 - UCL Draw / Eurasia Sport Images/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ നറുക്കെടുപ്പിനിടെയുണ്ടായ അസാധാരണമായ പിഴവ് യുവേഫ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ടു സാങ്കേതികമായ പിഴവ് സംഭവിച്ചുവെന്നും അതിനാൽ ഇന്ത്യൻ സമയം 7.30നു വീണ്ടും ചാമ്പ്യൻസ് ലീഗ് ഡ്രോ സംഘടിപ്പിക്കുമെന്നും യുവേഫ സ്ഥിരീകരിച്ചു. നറുക്കെടുപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോട്ടിൽ ഉൾപ്പെടുത്തിയതിലാണ് പിഴവു സംഭവിച്ചത്.

ആദ്യം നറുക്കെടുത്തപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനു സ്‌പാനിഷ്‌ ക്ലബായ വിയ്യാറയലിനെ എതിരാളികളായി ലഭിച്ചിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ പരസ്‌പരം ഏറ്റുമുട്ടിയ ടീമുകൾ പ്രീ ക്വാർട്ടറിൽ എതിരാളികളായി വരാൻ പാടില്ലെന്ന നിയമമുള്ളതിനാൽ നറുക്കെടുപ്പ് വീണ്ടും നടത്തുകയും വിയ്യാറയലിനു മാഞ്ചസ്റ്റർ സിറ്റിയെ എതിരാളികളായി ലഭിക്കുകയും ചെയ്‌തു.

എന്നാൽ അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരെഴുതിയ ബോൾ യഥാർത്ഥ പോട്ടിൽ ഇട്ടില്ലെന്നതാണ് നറുക്കെടുപ്പിനെ സംബന്ധിച്ച് വിമർശനങ്ങളും വിവാദങ്ങളും ഉയരാൻ കാരണമായത്. ഇതേതുടർന്ന് അത്ലറ്റികോ മാഡ്രിഡിന്റെ എതിരാളികൾക്കുള്ള നറുക്കെടുപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉണ്ടായിരുന്നില്ല. സ്‌പാനിഷ്‌ ക്ലബിന് ബയേൺ മ്യൂണിക്കിനെയാണ് എതിരാളികളായി ലഭിച്ചത്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന് പിഎസ്‌ജി എതിരാളികളായി വന്നു.

ടൂർണ്ണമെന്റിന്റെയും യുവേഫയുടെയും നറുക്കെടുപ്പിന്റെയും വിശ്വാസ്യത നിലനിർത്തുന്നതിന്റെ ഭാഗമായാണ് നറുക്കെടുപ്പ് വീണ്ടും നടത്താൻ യുവേഫ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ നേരത്തെ നടത്തിയ നറുക്കെടുപ്പിൽ വന്ന ടീമുകളായിരിക്കില്ല ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പരസ്‌പരം ഏറ്റുമുട്ടുക.

മെസി, റൊണാൾഡോ ആരാധകരെ സംബന്ധിച്ച് നറുക്കെടുപ്പ് ഒഴിവാക്കിയത് ഒരേസമയം നിരാശയും ആശ്വാസവുമാണ്. പ്രീ ക്വാർട്ടറിൽ തന്നെ മെസി-റൊണാൾഡോ പോരാട്ടം നടക്കാനുള്ള സാധ്യതയില്ലെന്നത് നിരാശ പകരുമ്പോൾ ഇവരിൽ രണ്ടു പേരിലൊരാൾ ക്വാർട്ടർ ഫൈനലിൽ ഉണ്ടാകില്ലെന്ന ഭീഷണി ഒഴിവായത് ആശ്വാസമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit