ക്ലബുകൾക്കു മേലുള്ള യുവേഫയുടെ പുതിയ സാമ്പത്തിക നിയന്ത്രണങ്ങൾ ഏപ്രിലിൽ ഔദ്യോഗികമായി സ്ഥിരീകരിക്കും


യൂറോപ്പിലെ ക്ലബുകളെ സാമ്പത്തികമായി നിയന്ത്രിക്കാനുള്ള യുവേഫയുടെ പുതിയ നിയമങ്ങൾ ഏപ്രിലിൽ ഔദ്യോഗികമായി നിലവിൽ വരുമെന്നു റിപ്പോർട്ടുകൾ. ടീം ചിലവാക്കുന്ന തുക, ട്രാൻസ്ഫർ ഫീസ്, കളിക്കാരുടെ വേതനം എന്നിവയെല്ലാം നിയന്ത്രിക്കുന്ന നിയമങ്ങളാണ് യുവേഫ നടപ്പിൽ വരുത്താൻ തയ്യാറെടുക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
റിപ്പോർട്ടുകൾ പ്രകാരം ക്ലബിന്റെ ചിലവുകൾ അവരുടെ മൊത്തം വരുമാനത്തിന്റെ എഴുപതു ശതമാനത്തിൽ കവിയരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിയന്ത്രണം. ഇതിൽ വീഴ്ച വരുത്തിയാൽ യുവേഫ ടൂർണമെന്റുകളിൽ നിന്നും പുറത്താക്കുന്നതും തരം താഴ്ത്തുന്നതും ഉൾപ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുക.
UEFA are set to change the FFP rules, but will it make much of an impact?https://t.co/iybzKPXlzu
— talkSPORT (@talkSPORT) March 24, 2022
2010ൽ നടപ്പിലാക്കിയ നിലവിലുള്ള നിയമങ്ങൾ പ്രകാരം ഓരോ മൂന്നു മത്സരങ്ങൾ കഴിയുമ്പോഴുമാണ് ക്ലബിന്റെ ബഡ്ജെറ്റ് വിശകലനം ചെയ്യപ്പെടുക. എന്നാൽ പുതിയതായി നടപ്പിലാക്കാൻ പോകുന്ന നിയന്ത്രണങ്ങൾ പ്രകാരം സാമ്പത്തിക നിയന്ത്രണങ്ങൾ ഓരോ സീസണും ശേഷമാണ് നടപ്പിലാക്കുക.
പത്ത് മില്യൺ യൂറോയുടെ അലവൻസിനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതിൽ കൂടുതലായി നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് നടപടി നേരിടേണ്ടി വരും. ഈ പുതിയ മാറ്റത്തിലേക്ക് ക്ലബുകൾക്ക് എത്തിച്ചേരാൻ മൂന്നു വർഷത്തെ സമയം യുവേഫ അനുവദിക്കുകയും ചെയ്യും.
2024 മുതൽ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റ് മാറുമെന്നതിനാൽ ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ യുവേഫക്ക് എളുപ്പമാകും. അതേസമയം യുവേഫയുടെ ഈ തീരുമാനങ്ങൾ പൂർണമായി അംഗീകരിക്കപ്പെട്ടിട്ടില്ല. നാൽപതോളം ക്ലബുകൾ വിവിധ വിഷയങ്ങൾ മുൻനിർത്തി ഇതിനെ എതിർക്കുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.