Main Stories

'ഇങ്ങനെ നുണ പറയുന്നവരെ കണ്ടിട്ടില്ല' - മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് ക്ലബ് മേധാവികൾക്കെതിരെ യുവേഫ പ്രസിഡന്റ്

Sreejith N
FBL-QAT-AMIR-CUP-SADD-ARABI
FBL-QAT-AMIR-CUP-SADD-ARABI / KARIM JAAFAR/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും യുവന്റസിന്റെയും മേധാവികളായ എഡ് വുഡ്‌വാർഡ്, ആന്ദ്രേ ആഗ്നല്ലി എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി യുവേഫ പ്രസിഡന്റ് അലക്‌സാൻഡ്രോ സെഫെറിൻ. പാലു കൊടുത്ത കൈക്ക് തിരിഞ്ഞു കൊത്തുന്ന പാമ്പുകളെ പോലെയാണ് ഇവർ രണ്ടു പേരുമെന്ന് സൂപ്പർ ലീഗ് തുടങ്ങാനുള്ള പദ്ധതികളെ വിമർശിക്കുന്നതിനൊപ്പം സെഫെറിൻ വ്യക്തമാക്കി.

"ഞാൻ വർഷങ്ങളോളം നിരവധി കാര്യങ്ങൾ ജീവിതത്തിൽ കണ്ടിട്ടുണ്ട്. ഇരുപത്തിനാലു വർഷം ക്രിമിനൽ വക്കീലായിരുന്ന ഞാൻ നിരവധി വ്യത്യസ്‌ത തരം വ്യക്തികളെ ജീവിതത്തിൽ കണ്ടിട്ടുണ്ട്. പക്ഷെ ഇതു പോലെയുള്ളവരെ ഞാനിതു വരെ കണ്ടിട്ടില്ല," സെഫെറിൻ പറഞ്ഞു.

"വുഡ്‌വാർഡിൽ നിന്നും തുടങ്ങുന്നതായിരിക്കും എളുപ്പം. അദ്ദേഹവുമായി ഞാൻ കൂടുതൽ സംസാരിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ വ്യാഴാഴ്‌ച എന്നെ വിളിച്ച സമയത്ത് ചാമ്പ്യൻസ് ലീഗിൽ വരുത്താനിരിക്കുന്ന പുതിയ മാറ്റങ്ങളിൽ വളരെ സംതൃപ്തനാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഫിനാൻഷ്യൽ ഫെയർ പ്ലേയെക്കുറിച്ച് മാത്രമേ അദ്ദേഹത്തിന് കൂടുതൽ സംസാരിക്കാനുണ്ടായിരുന്നുള്ളു. എന്നാൽ അതിനു മുൻപു തന്നെ മറ്റൊരു കരാറിൽ അദ്ദേഹം സൈൻ ചെയ്‌തിരുന്നു.

"ആഗ്നല്ലിയെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. അദ്ദേഹം എന്നെ സംബന്ധിച്ച് ഏറ്റവുമധികം നിരാശപ്പെടുത്തിയ വ്യക്തിയാണ്. കൂടുതൽ വ്യക്തിപരമായി പറയാൻ എനിക്ക് താൽപര്യമില്ലെങ്കിലും എന്റെ ജീവിതത്തിൽ ഞാൻ ഇത്രയധികം തവണ തുടർച്ചയായി നുണ പറയുന്ന ഒരാളെ കണ്ടിട്ടില്ല. അത് അവിശ്വസനീയമാണ്.

"ശനിയാഴ്‌ച ഞാൻ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ ആഗ്നല്ലി പറഞ്ഞത് ഇതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നാണ്. ഒന്നും സംഭവിക്കില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പറഞ്ഞ അദ്ദേഹം ഒരു മണിക്കൂറിനകം തിരിച്ചു വിളിക്കാമെന്നു പറഞ്ഞ് ഫോൺ ഓഫാക്കി. പിറ്റേന്ന് ഞാൻ കാണുന്നത് സൂപ്പർ ലീഗിന്റെ പ്രഖ്യാപനമാണ്."

ജീവിതത്തിൽ പലതും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെയുള്ള വ്യക്തികളെ കണ്ടിട്ടില്ലെന്നും എന്നാൽ ഓരോരുത്തരെയും കൃത്യമായി മനസിലാക്കാൻ കഴിയുന്നത് നല്ല കാര്യമാണെന്നും സെഫെറിൻ പറഞ്ഞു. ചാമ്പ്യൻസ് ലീഗിന്റെ പുതിയ രൂപം എല്ലാ ക്ലബുകളും ഒറ്റക്കെട്ടായി അംഗീകരിച്ചത് ഈ കരാർ ഒപ്പിട്ടതിനു ശേഷമാണെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit