Football in Malayalam

സൂപ്പര്‍ ലീഗുമായി മുന്നോട്ട്, റയല്‍ മാഡ്രിഡ് ആരാണെന്ന് യുവേഫയെ മനസിലാക്കുമെന്നും പെരസ്

Haroon Rasheed
Real Madrid v Celta de Vigo - La Liga Santander
Real Madrid v Celta de Vigo - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

യൂറോപ്യന്‍ ഫുട്‌ബോളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ് മുന്നോട്ട്. റയല്‍ മാഡ്രിഡിന്റെ മെംബേഴസ് അസംബ്ലിയിലാണ് സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട പുതിയ വിവരം പെരസ് പങ്കുവെച്ചത്. യൂറോപ്യന്‍ സൂപ്പര്‍ ലീഗിന് തുരങ്കം വെച്ച യുവേഫക്ക് റയല്‍ മാഡ്രിഡ് ആരാണെന്ന് മനസിലാക്കിക്കൊടുക്കുമെന്നും പെരസ് മുന്നറിയിപ്പ് നല്‍കി.

''തകര്‍ന്ന്‌കൊണ്ടിരിക്കുന്ന ഫുട്‌ബോളിന്റെ പുനരുജ്ജീവനത്തിന് വേണ്ടിയാണ് സൂപ്പര്‍ ലീഗ് കൊണ്ടുവരുന്നത്, സ്വാതന്ത്ര്യം, സ്വയം ഭരണം, സുഗമമായ സാമ്പത്തിക നയം, സഹായം, സുതാര്യത, ഐക്യം, ഫുട്‌ബോളില്‍ പുതിയ രീതി സൃഷ്ടിക്കുക, ആരാധകരെ ബഹുമാനിക്കുക തുടങ്ങിയ നയങ്ങളാണ് സൂപ്പര്‍ ലീഗിന്റെ മുഖമുദ്ര, യുവതലമുറ ഫുട്‌ബോളില്‍ നിന്ന് വഴിതെറ്റിപ്പോകുന്നു, ആരാധകര്‍ ആവശ്യപ്പെടുന്ന രീതിയിലേക്ക് ഫുട്‌ബോളിനെ മാറ്റും,'' പെരസ് വ്യക്തമാക്കി.

കഴിഞ്ഞ സീസണിലായിരുന്നു യൂറോപ്പില്‍ നിന്നുള്ള 12 ക്ലബുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് എന്ന പേരില്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റീന പെരസിന്റെയും യുവന്റസ് പ്രസിഡന്റ് ആന്‍ഡ്രിയ ആഗ്നെല്ലിയുടെയും നേതൃത്വത്തില്‍ പുതിയ ടൂര്‍ണമെന്റ് പ്രഖ്യാപിച്ചത്. യുവേഫയുടെ തെറ്റായ നയങ്ങളെ തുടര്‍ന്നാണ് പുതിയ ടൂര്‍ണമെന്റ് രൂപപ്പെടുത്തുന്നതെന്നായിരുന്നു പെരസിന്റെ വാദം.

എന്നാല്‍ യൂറോപ്യന്‍ ലീഗില്‍ കളിച്ചാല്‍ വിലക്കുമെന്ന മുന്നറിയിപ്പുമായി യുവേഫ രംഗത്തെത്തിയതോടെ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും യുവന്റസും ഒഴികെയുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. പുതിയ സീസണില്‍ വീണ്ടും പെരസ് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് വിഷയം പുറത്തിട്ടത്തോടെ വരും ദിവസങ്ങളില്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ രംഗത്ത് ചൂടുപിടിച്ച ചര്‍ച്ചയാകും റയൽ മാഡ്രിഡ് പ്രസിഡന്റിന്റെ വാക്കുകള്‍.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit