യുവേഫ നാഷൻസ് ലീഗ്: സെമി ഫൈനൽ, ഫൈനൽ സമയവും ഇന്ത്യയിലെ ടെലികാസ്റ്റ് വിവരങ്ങളും


ഇന്റർനാഷണൽ ബ്രേക്ക് വന്നതോടെ ക്ലബ് ഫുട്ബോളിന്റെ ആവേശത്തിനു താൽക്കാലികമായി ഒരു വിരാമമായെങ്കിലും ഇന്റർനാഷണൽ മത്സരങ്ങളിൽ വമ്പൻ പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു പുറമെ യുവേഫ നാഷൻസ് ലീഗ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഈ ഇന്റർനാഷണൽ ബ്രേക്കിൽ നടക്കുമെന്നതിനാൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
മറ്റു ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റുകളുടെ അത്രയും പ്രാധാന്യം യുവേഫ നാഷൻസ് ലീഗിനില്ലെങ്കിലും അതിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ യൂറോപ്പിലെ വമ്പൻ ക്ലബുകൾ തമ്മിലാണ് ഏറ്റു മുട്ടുന്നത്. ആദ്യത്ത സെമി ഫൈനൽ ഇന്നു രാത്രി (ഒക്ടോബർ 6, രാത്രി 12.15) നടക്കാനിരിക്കെ മറ്റൊരു സെമി ഫൈനൽ നാളെ രാത്രിയാണു (ഒക്ടോബർ 7, രാത്രി 12.15) നടക്കുക. അതേസമയം നാഷൻസ് ലീഗിന്റെ കലാശപ്പോരാട്ടം ഒക്ടോബർ പത്തിനാണ് നടക്കുക.
ഇന്നു രാത്രി നടക്കാനിരിക്കുന്ന സെമി ഫൈനൽ 2020 യൂറോ കപ്പ് സെമി ഫൈനലിന്റെ ആവർത്തനമാണ്. ആ മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ച വെച്ച സ്പെയിനും യൂറോ ജേതാക്കളായ ഇറ്റലിയും തമ്മിൽ വീണ്ടും ഏറ്റുമുട്ടുമ്പോൾ രണ്ടാമത്തെ സെമി ഫൈനലിൽ ലോകചാമ്പ്യന്മാരായ ഫ്രാൻസും ഫിഫ റാങ്കിങ്ങിൽ ഒന്നാം നമ്പറായി നിൽക്കുന്ന ബെൽജിയവും തമ്മിൽ ഫൈനൽ ബർത്തിനായി പോരാടും.
മത്സരത്തിന്റെ സമയക്രമം:
ഒന്നാം സെമിഫൈനൽ: ഇറ്റലി vs സ്പെയിൻ (ഒക്ടോബർ 6, രാത്രി 12.15)
രണ്ടാം സെമി ഫൈനൽ: ബെൽജിയം vs ഫ്രാൻസ് (ഒക്ടോബർ 7, രാത്രി 12.15)
ഫൈനൽ ആൻഡ് ലൂസേഴ്സ് ഫൈനൽ: ഒക്ടോബർ 10
ടെലികാസ്റ്റ് വിവരങ്ങൾ:
ഇന്ത്യയിൽ സോണി നെറ്റ്വർക്കാണ് യുവേഫ നാഷൻസ് ലീഗിന്റെ സംപ്രേഷണാവകാശം എടുത്തിരിക്കുന്നത് എന്നതിനാൽ സോണി ടെൻ ചാനലുകളിൽ മത്സരം ലഭ്യമാകും. ഇതിനു പുറമെ സോണിലൈവ്, ജിയോ ടിവി ആപ്പുകളിലും മത്സരം ലഭ്യമാകും.