Football in Malayalam

ഓസ്ട്രിയൻ താരം മാർക്കോ അർണൗട്ടോവിച്ചിനെതിരെ വംശീയ ആരോപണം; അന്വേഷണം നടത്താൻ തയ്യാറെടുത്ത് യുവേഫ

Gokul Manthara
Austria v North Macedonia - UEFA Euro 2020: Group C
Austria v North Macedonia - UEFA Euro 2020: Group C / Daniel Mihailescu - Pool/Getty Images
facebooktwitterreddit

വടക്കൻ മാസിഡോണിയക്കെതിരായ യൂറോ കപ്പ് മത്സരത്തിനിടെ എതിരാളിയെ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിക്കപ്പെടുന്ന ഓസ്ട്രിയൻ താരം മാർക്കോ അർണൗട്ടോവിച്ചിന്റെ ഗോളാഘോഷത്തെക്കുറിച്ച് അന്വേഷണം നടത്താനൊരുങ്ങി യുവേഫ. മത്സരത്തിൽ ഗോൾ നേടിയതിന് ശേഷം അൽബേനിയൻ വംശജനായ വടക്കൻ മാസിഡോണിയ താരം എസ്ജാൻ അലിയോസ്ക്കിക്കെതിരെ, അർണൗട്ടോവിച്ച് വംശീയപരമായ വാക്കുകൾ ഉപയോഗിച്ചെന്നാണ് ആരോപണം. ഇതിനെതിരെ ഫുട്ബോൾ ഫെഡറേഷൻ ഓഫ് മാസിഡോണിയ (എഫ് എഫ് എം) ശക്തമായി രംഗത്ത് വരുകയും, സംഭവം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാ വിഷയമാവുകയും ചെയ്തിരുന്നു.

യൂറോ കപ്പിൽ വടക്കൻ മാസിഡോണിയയെ 3-1 ന് കീഴടക്കിയ മത്സരത്തിൽ ഓസ്ട്രിയയുടെ മൂന്നാം ഗോൾ നേടിയ അർണൗട്ടോവിച്ച് തുടർന്ന് അലിയോസ്കിയെ ലക്ഷ്യം വെച്ചു കൊണ്ട് വിവേചനപരമായ ഭാഷ ഉപയോഗിക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാൽ താൻ വംശീയ പദങ്ങൾ ഉപയോഗിച്ചുവെന്ന ആരോപണം മത്സരശേഷം അർണൗട്ടോവിച്ച് തള്ളിക്കളഞ്ഞിരുന്നു. കളിയുടെ വികാരങ്ങളിൽ ചില ചൂടേറിയ വാക്കുകൾ ഉപയോഗിക്കേണ്ടി വന്നെന്നും അതിന് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, താനൊരു വംശീയ വാദിയല്ലെന്നും, മിക്കവാറും എല്ലാ രാജ്യങ്ങളിലും സുഹൃത്തുക്കളുള്ള‌ താൻ വൈവിധ്യത്തിനായി നിലകൊള്ളുന്നയാളാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ താൻ വംശീയപരമായ പ്രയോഗങ്ങൾ നടത്തിയില്ലെന്ന അർണൗട്ടോവിച്ചിന്റെ അവകാശവാദത്തെ എഫ് എഫ് എം ശക്തമായി എതിർക്കുകയും അതിനെതിരെ അവരുടേതായ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. സംഭവത്തിൽ അർണൗട്ടോവിച്ചിന് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യുവേഫക്ക് ഔദ്യോഗികമായി കത്ത് നൽകിയെന്നും ഫുട്ബോൾ ഫെഡറേഷൻ ഓഫ് മാസിഡോണിയ തങ്ങളുടെ പ്രസ്താവനയിൽ വ്യക്തമാക്കി.

സംഭവം വലിയ വിവാദമായതോടെ ഇക്കാര്യത്തിൽ യുവേഫ അന്വേഷണം നടത്താൻ തയ്യാറെടുക്കുകയാണെന്ന് ഇന്നലെ ദി ഗാർഡിയനാണ് വാർത്ത പുറത്തു വിട്ടത്. വിവാദ സംഭവം അന്വേഷിക്കാൻ ഒരു എത്തിക്സ്, ഡിസിപ്ലിനറി ഇൻസ്പെക്ടറെ യുവേഫ നിയമിക്കുമെന്നും അർണൗട്ടോവിച്ച് വിവേചനപരമായ പദങ്ങൾ ഉപയോഗിച്ചതായി ഇവരുടെ അന്വേഷണത്തിൽ തെളിഞ്ഞാൽ അദ്ദേഹത്തെ കളിക്കളത്തിൽ നിന്ന്‌ യുവേഫ വിലക്കുമെന്നുമാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്.

facebooktwitterreddit