Football in Malayalam

ബാഴ്‌സലോണ, യുവന്റസ്, റയൽ മാഡ്രിഡ് ടീമുകൾക്കെതിരായ നിയമനടപടി യുവേഫ ഉപേക്ഷിച്ചു

Sreejith N
The Real Madrid, Juventus and Barcelona Club Badges
The Real Madrid, Juventus and Barcelona Club Badges / Visionhaus/Getty Images
facebooktwitterreddit

ഏറെ വിവാദമുയർത്തിയ സൂപ്പർലീഗിന്റെ പദ്ധതികളുമായി മുന്നോട്ടു പോയതിനു ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് ടീമുകൾക്കെതിരായ നിയമനടപടി യുവേഫ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് അവരിക്കാര്യം വെളിപ്പെടുത്തിയത്.

യുവേഫ സൂപ്പർലീഗിന്റെ ഭാഗമായിരുന്ന നിരവധി ക്ലബുകൾ പിൻവാങ്ങിയിട്ടും ഈ മൂന്നു ക്ലബുകൾ പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു. ഇതേത്തുടർന്നാണ് ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ടൂർണമെന്റുകളിൽ നിന്നും ഇവരെ വിലക്കുമെന്ന ഭീഷണിയുമായി യുവേഫ രംഗത്തു വന്നത്. എന്നാൽ നിയമനടപടി ഉപേക്ഷിച്ചുവെന്ന് യുവേഫ അറിയിച്ചതോടെ സൂപ്പർ ലീഗ് പദ്ധതികൾ വീണ്ടും സജീവമാകുമെന്ന് ഉറപ്പായിട്ടുണ്ട്.

സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് യുവേഫയുടെ ചട്ടക്കൂടും നിയമ ലംഘനവും നടത്തിയതിനെ തുടർന്ന് ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് ടീമുകൾക്കെതിരെ ഉണ്ടായിരുന്ന നിയമ നടപടികൾ നിർത്തിവെച്ചുവെന്ന് യുവേഫയുടെ പ്രസ്‌താവന വ്യക്തമാക്കുന്നു. നിയമനടപടികൾ ഒരിക്കലും തുറക്കാത്തതു പോലെ അസാധുവായി പോകുമെന്നും അവർ പറഞ്ഞു.

യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റായ ചാമ്പ്യൻസ് ലീഗിനെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലാണ് സൂപ്പർ ലീഗ് പദ്ധതികൾ ഏപ്രിലിൽ ഉയർന്നു വന്നത്. ആഴ്‌സണൽ, ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം, അത്ലറ്റികോ മാഡ്രിഡ്, എസി മിലാൻ, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകൾ ഇതിന്റെ ഭാഗമായിരുന്നു എങ്കിലും നിയമനടപടികൾ ഉണ്ടാകുമെന്നതിനെ തുടർന്ന് പിന്മാറുകയായിരുന്നു.

യുവേഫയുടെ ഭീഷണിക്ക് വഴങ്ങാതെ സൂപ്പർ ലീഗ് നടത്താനുള്ള പദ്ധതികളുമായി മുന്നോട്ടു പോയിരുന്ന റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് ക്ലബുകൾക്ക് പുതിയ ഊർജ്ജമാണ് നിലവിലെ യുവേഫയുടെ പ്രസ്‌താവന. ഇതു മറ്റു ടീമുകൾ സൂപ്പർ ലീഗിലേക്ക് മടങ്ങിയെത്താനും വഴിയൊരുക്കും.

facebooktwitterreddit