രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തിയാൽ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി യുവേഫ

Sreejith N
NETHERLANDS-UEFA-FBL-SPORT
NETHERLANDS-UEFA-FBL-SPORT / ROBIN VAN LONKHUIJSEN/Getty Images
facebooktwitterreddit

ഫുട്ബോൾ ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്താനുള്ള ഫിഫയുടെ പദ്ധതികളെ എതിർത്ത് യുവേഫ. രണ്ടു വർഷം കൂടുമ്പോൾ ലോകകപ്പെന്ന പദ്ധതിയുമായി ഫിഫ മുന്നോട്ടു പോവുകയാണെങ്കിൽ ടൂർണമെന്റിൽ യൂറോപ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്നതു ബഹിഷ്‌കരിക്കാൻ തങ്ങൾക്കു കഴിയുമെന്ന് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

മുൻ ആഴ്‌സണൽ പരിശീലകനും നിലവിൽ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവെലപ്മെന്റിന്റെ ചീഫുമായ ആഴ്‌സൺ വെങ്ങറാണ് രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പെന്ന ആശയത്തെ നിലവിൽ സജീവമാക്കുന്നത്. എല്ലാ വർഷവും ഫിഫയുടെ ഒരു പ്രധാന ടൂർണമെന്റ് നടത്തണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഇതിനെ തുടക്കത്തിൽ തന്നെ എതിർക്കുകയാണ് യുവേഫ ചെയ്യുന്നത്.

"അതിൽ കളിക്കുന്നില്ലെന്നു ഞങ്ങൾക്ക് തീരുമാനിക്കാൻ കഴിയും. എനിക്ക് അറിയാവുന്നതു പ്രകാരം സൗത്ത് അമേരിക്കൻസിനും ഇതേ അഭിപ്രായമാണുള്ളത്. അത്തരമൊരു ലോകകപ്പിന് എല്ലാ ഭാവുകങ്ങളും നേരുന്നു. എന്നാൽ ഫുട്ബോളിന്റെ തന്നെ അടിസ്ഥാന തത്വങ്ങൾക്കെതിരായ ആ ടൂർണമെന്റ് നടക്കില്ലെന്നാണ് ഞാൻ കരുതുന്നത്." ദി ടൈംസിനോട് സംസാരിക്കുമ്പോൾ സെഫെറിൻ പറഞ്ഞു.

"എല്ലാ സമ്മറിലും ഒരു മാസത്തെ ടൂർണമെന്റ് നടത്തുകയെന്നാൽ അതു കളിക്കാരെ കൊല്ലുന്നതു പോലെയാണ്. അതു രണ്ടു വർഷത്തിൽ ഒരിക്കലാണെങ്കിൽ വിമൻസ് ലോകകപ്പ്, ഒളിമ്പിക് ഫുട്ബോൾ ടൂർണമെന്റ് എന്നിവയെ ബാധിക്കാനും സാധ്യതയുണ്ട്. നാലു വർഷത്തിൽ ഒരിക്കലാകുമ്പോഴാണ് അതിനു മൂല്യമുണ്ടാകുന്നത്. ഒളിമ്പിക് ഗെയിംസ് പോലെ വലിയൊരു ഇവന്റായ ലോകകപ്പ് ഫുട്ബോളിനു നമ്മൾ കാത്തിരിക്കയാണ്. മറ്റു ഫെഡറേഷനുകൾ അതിനെ പിന്തുണക്കുമെന്നു ഞാൻ കരുതുന്നില്ല." സെഫെറിൻ വ്യക്തമാക്കി.

അതേസമയം ഫുട്ബോൾ ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്താനുള്ള ആശയത്തിന് വളരെ പോസിറ്റിവ് പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് വെങ്ങർ പറയുന്നത്. മുൻ ബ്രസീലിയൻ താരമായ റൊണാൾഡോ, ഓസ്‌ട്രേലിയൻ താരമായ ടിം കാഹിൽ, ഡെന്മാർക്ക് ഗോൾകീപ്പർ പീറ്റർ ഷ്മെഷൽ എന്നിവർ ഇതിനെ പിന്തുണക്കുമ്പോൾ നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ നിന്നും ഇതിനെതിരെ എതിർപ്പുകൾ ഉയരുന്നുണ്ട്.

facebooktwitterreddit