Football in Malayalam

യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനത്തിന് പിന്നാലെ, ചാമ്പ്യൻസ് ലീഗിനെ പുതിയ രൂപത്തിലവതരിപ്പിക്കാൻ യുവേഫ ഒരുങ്ങുന്നു

Sreejith N
NETHERLANDS-UEFA-FBL-SPORT
NETHERLANDS-UEFA-FBL-SPORT / ROBIN VAN LONKHUIJSEN/Getty Images
facebooktwitterreddit

ലോക ഫുട്ബോളിലെ 12 വമ്പൻ ക്ലബുകൾ യൂറോപ്യൻ സൂപ്പർ ലീഗ് തുടങ്ങുന്നത് പ്രഖ്യാപിച്ചതിന് പിന്നാലെ, ചാമ്പ്യൻസ് ലീഗിനെ പുതുക്കിപ്പണിയാൻ യുവേഫ ഒരുങ്ങുന്നു. 2024-25 സീസൺ മുതൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ പുതിയ ഫോർമാറ്റിലായിരിക്കും നടക്കുകയെന്ന് യുവേഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച യൂറോപ്യൻ ക്ലബ് അസോസിയേഷൻ ബോർഡുമായും യുവേഫ ക്ലബ് കോംപിറ്റേഷൻ കമ്മിറ്റി എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

പുതിയ ഫോർമാറ്റ് നിലവിൽ വരുന്നതോടെ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം മുപ്പത്തിരണ്ടിൽ നിന്നും മുപ്പത്തിയാറായി വർധിക്കും. ഇതിനു പുറമെ നിലവിലുള്ള ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുടെ രീതി മാറ്റി പങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഉൾപ്പെടുത്തി ഒരൊറ്റ ലീഗ് സ്റ്റേജായാണ് മത്സരങ്ങൾ നടത്തുക. ഓരോ ടീമിനും പത്ത് വ്യത്യസ്ത എതിരാളികൾക്കെതിരെ പത്ത് മത്സരങ്ങളാണ് (അഞ്ചു ഹോം മത്സരങ്ങൾ, അഞ്ച് എവേ മത്സരങ്ങൾ) ആദ്യ ഘട്ടത്തിൽ കളിക്കേണ്ടി വരിക.

ഈ ഘട്ടത്തിൽ ആദ്യ എട്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നേരിട്ട് നോക്ക്ഔട്ട് ഘട്ടത്തിലേക്ക് മുന്നേറും. ഒൻപതു മുതൽ ഇരുപത്തിനാലു വരെ സ്ഥാനങ്ങളിലുള്ളവർ രണ്ടു പാദങ്ങളായി സംഘടിപ്പിക്കുന്ന പ്ലേ ഓഫ് മത്സരങ്ങൾ കളിച്ച് പ്രീ ക്വാർട്ടറിലെ ബാക്കി സ്ഥാനങ്ങൾക്കു വേണ്ടി പോരാടും. യുവേഫ യൂറോപ്പ ലീഗിനും സമാനമായ രീതിയിൽ (ലീഗ് സ്റ്റേജ് ഘട്ടത്തിൽ എട്ടു മത്സരങ്ങൾ) മാറ്റങ്ങൾ വരുത്തുകയും ടീമുകളുടെ എണ്ണം മുപ്പത്തിയാറായി ഉയർത്തുകയും ചെയ്യും.

ആഭ്യന്തര ലീഗുകളിൽ ക്ലബിന്റെ പ്രകടനം അടിസ്ഥാനമാക്കി തന്നെയാണ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നൽകുന്നത്. കൂട്ടിച്ചേർക്കുന്ന നാല് സ്ഥാനങ്ങളിൽ ഒരെണ്ണം യുവേഫയുടെ അസോസിയേഷൻ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ലീഗിലെ മൂന്നാം സ്ഥാനക്കാർക്കാണ് ലഭിക്കുക. ലീഗ് ചാമ്പ്യന്മാരായാലും പ്ലേ ഓഫ് കളിച്ച് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടേണ്ട ചില ലീഗുകളിൽ നിന്നുള്ള ടീമുകളുടെ എണ്ണം നാലിൽ നിന്നും അഞ്ചായി വർധിപ്പിക്കുന്നതിലേക്കാണ് മറ്റൊരു സ്ഥാനം പോവുക.

ബാക്കിയുള്ള രണ്ടു സ്ഥാനങ്ങൾ അവസാന അഞ്ചു വർഷങ്ങളായി യുവേഫയുടെ കോഎഫിഷ്യന്റ് റാങ്കിങ്ങിൽ മുന്നിൽ നിൽക്കുകയും എന്നാൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിയാത്തതുമായ ടീമുകൾക്കാണ് നൽകുക. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്, യൂറോപ്പ ലീഗ് മുതലായവക്ക് യോഗ്യത നേടിയ ടീമുകൾക്കും ഇതുവഴി നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിലെത്താം. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയാത്ത വമ്പൻ ടീമുകളെ സഹായിക്കുന്നതാണ് ഈ തീരുമാനം.

ആഭ്യന്തര ലീഗുകളിലെ മത്സരങ്ങളുടെ സമയക്രമം പരിഗണിച്ച് എല്ലാ മത്സരങ്ങളും മിഡ്-വീക്കിലാണ് നടത്തുക. പുതിയ ഫോർമാറ്റ് അവതരിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്‌തതോടെ യൂറോപ്യൻ സൂപ്പർ ലീഗ് എന്ന വെല്ലുവിളിക്ക് മുന്നിൽ തങ്ങൾ പതറില്ലെന്നു കൂടിയാണ് യുവേഫ വ്യക്തമാക്കിയിരിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit