2021-22 സീസണിലെ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി സീസൺ പ്രഖ്യാപിച്ച് യുവേഫ


2021-22 സീസണിലെ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചപ്പോൾ ഫൈനലിൽ കളിച്ച റയൽ മാഡ്രിഡിൽ നിന്നും ലിവർപൂളിൽ നിന്നും ഇടം നേടിയത് നാലു വീതം താരങ്ങൾ. പാരീസിൽ വെച്ചു നടന്ന ഫൈനലിൽ രണ്ടാം പകുതിയിൽ വിനീഷ്യസ് ജൂനിയർ നേടിയ ഒരേയൊരു ഗോളിൽ ലിവർപൂളിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് കിരീടം നേടിയിരുന്നു.
ഫൈനലിൽ ഗോൾ നേടിയ വിനീഷ്യസ് ജൂനിയറിനൊപ്പം കരിം ബെൻസിമ, തിബോ ക്വാർട്ടുവ, ലൂക്ക മോഡ്രിച്ച് എന്നിവരാണ് റയൽ മാഡ്രിഡിൽ നിന്നും ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി സീസണിൽ ഇടം നേടിയിരിക്കുന്നത്. അതേസമയം ലിവർപൂളിൽ നിന്നും അലക്സാണ്ടർ അർണോൾഡ്, ഫാബിന്യോ, റോബർട്സൺ, വാൻ ഡൈക്ക് എന്നിവരും ഇടം നേടിയിട്ടുണ്ട്.
ഈ എട്ടു താരങ്ങൾക്കു പുറമെ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങിയ ചെൽസിയുടെ അന്റോണിയോ റൂഡിഗർ, സെമി ഫൈനലിൽ കളിച്ച മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയ്ൻ, പിഎസ്ജി താരം കിലിയൻ എംബാപ്പെ എന്നിവരാണ് പതിനൊന്നംഗ ടീമിൽ ഇടം നേടിയ മറ്റു താരങ്ങൾ. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ പതിനഞ്ചു ഗോളുകൾ നേടിയ റയൽ മാഡ്രിഡ് താരം കരിം ബെൻസിമയാണ് ചാമ്പ്യൻസ് ലീഗ് പ്ലേയർ ഓഫ് ദി സീസൺ.
👕 UEFA's Technical Observer panel has selected its 2021/22 UEFA Champions League Team of the Season 🙌#UCL pic.twitter.com/I8t9T6uM5R
— UEFA Champions League (@ChampionsLeague) May 31, 2022
യുവേഫ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി സീസൺ
ഗോൾകീപ്പർ: തിബോ ക്വാർട്ടുവ (റയൽ മാഡ്രിഡ്) - റയൽ മാഡ്രിഡ് ഫൈനൽ വിജയം നേടിയതിനു പിന്നിലെ കാരണം ഗോൾവലക്കു മുന്നിൽ ഒമ്പതോളം സേവുകൾ നടത്തിയ ക്വാർട്ടുവയുടെ പ്രകടനം തന്നെയാണ്. ഫൈനലിലെ താരവും ക്വാർട്ടുവ ആയിരുന്നു.
റൈറ്റ് ബാക്ക്: ട്രെന്റ് അലക്സാണ്ടർ അർണോൾഡ് (ലിവർപൂൾ) - പ്രതിരോധ മികവിൽ കുറച്ചു പിന്നിലാണെങ്കിലും ലിവർപൂൾ ആക്രമണത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ ട്രെന്റിനുള്ള മികവൊന്നു വേറെയാണ്.
സെന്റർ ബാക്ക്: അന്റോണിയോ റുഡിഗർ (ചെൽസി) - ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനോട് ചെൽസി പൊരുതി തോറ്റെങ്കിലും ആ മത്സരമടക്കം ചെൽസി പ്രതിരോധത്തിൽ മിന്നുന്ന പ്രകടനമാണ് ജർമൻ താരം നടത്തിയത്. കഴിഞ്ഞ സീസണിൽ ചെൽസി ചാമ്പ്യൻസ് ലീഗ് നേടാനും റുഡിഗർ നിർണായക പങ്കു വഹിച്ചിരുന്നു.
സെന്റർ ബാക്ക്: വിർജിൽ വാൻ ഡൈക്ക് (ലിവർപൂൾ) - ഫൈനലിൽ ലിവർപൂളിന് കിരീടം സമ്മാനിക്കാൻ കഴിഞ്ഞില്ലെങ്കിലും ചാമ്പ്യൻസ് ലീഗിൽ കളിച്ച എട്ടു മത്സരങ്ങളിലും ഡച്ച് താരം ടീമിന്റെ പ്രതിരോധത്തെ ഭംഗിയായി കാത്തു സൂക്ഷിച്ചിരുന്നു.
ലെഫ്റ്റ് ബാക്ക്: ആൻഡ്രൂ റോബർട്സൺ (ലിവർപൂൾ) - ലിവർപൂളിന്റെ ആക്രമണങ്ങളെ മുന്നോട്ടു നയിക്കുന്നതിൽ അവരുടെ ഫുൾ ബാക്കുകളുടെ സേവനം വളരെ വലുതാണ്. റോബർട്സനും വലിയ വെല്ലുവിളിയാണ് എതിരാളികൾക്ക് സൃഷ്ടിച്ചത്.
മിഡ്ഫീൽഡർ: കെവിൻ ഡി ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി) - മാഞ്ചസ്റ്റർ സിറ്റിയെ ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും കെവിൻ ഡി ബ്രൂയ്ന്റെ പ്രകടനം വളരെ നിർണായകമായിരുന്നു. ഈ സീസണിൽ പ്രീമിയർ ലീഗിലെ താരം കൂടിയാണ് ബെൽജിയൻ താരം.
മിഡ്ഫീൽഡർ: ഫാബിന്യോ (ലിവർപൂൾ) - ലിവർപൂൾ മധ്യനിരയുടെ കപ്പിത്താനായ ബ്രസീലിയൻ താരത്തിന്റെ മികച്ച പ്രകടനമാണ് സീസണിൽ ക്ലബ്ബിനെ ഫൈനൽ വരെയെത്തിച്ചത്.
മിഡ്ഫീൽഡർ: ലൂക്ക മോഡ്രിച്ച് (റയൽ മാഡ്രിഡ്) - മുപ്പത്തിയാറാം വയസിലും റയൽ മാഡ്രിഡ് മധ്യനിരയിൽ സ്ഥിരതയോടെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന മോഡ്രിച്ചിന് ചാമ്പ്യൻസ് ലീഗ് വിജയത്തിനു പിന്നാലെ റയൽ പുതിയ കരാർ നൽകുകയും ചെയ്തിരുന്നു.
റൈറ്റ് വിങ്: കിലിയൻ എംബാപ്പെ (പിഎസ്ജി) - എട്ടു മത്സരങ്ങളിൽ നിന്നും ആറു ചാമ്പ്യൻസ് ലീഗ് ഗോളുകൾ പിഎസ്ജിക്കു വേണ്ടി നേടിയ ഫ്രഞ്ച് താരം റയലിനെതിരെ രണ്ടു പാദങ്ങളിലും ഗോൾ നേടിയെങ്കിലും ദൗർഭാഗ്യം അവർക്കു തിരിച്ചടി നൽകി.
സ്ട്രൈക്കർ: കരിം ബെൻസിമ (റയൽ മാഡ്രിഡ്) - ബെൻസിമയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സീസണിൽ താരം നടത്തിയത്. ചാമ്പ്യൻസ് ലീഗിൽ മാത്രം പതിനഞ്ചു ഗോളുകൾ നേടിയ താരമാണ് നോക്ക്ഔട്ട് മത്സരങ്ങളിൽ റയൽ മാഡ്രിഡിന്റെ തിരിച്ചു വരവിനു പിന്നിലെ പ്രധാനി.
ലെഫ്റ്റ് വിങ്: വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്) - ആൻസലോട്ടി വന്നതോടെ ഈ സീസണിൽ തന്റെ ഏറ്റവും മികച്ച ഫോം കാഴ്ച വെച്ചു തുടങ്ങിയ വിനീഷ്യസിന് ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഒരേയൊരു ഗോൾ നേടി അതിനു കൂടുതൽ തിളക്കം നൽകാൻ കഴിഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.