Football in Malayalam

സിദാന് പകരക്കാരനായി റയൽ മാഡ്രിഡ് പരിഗണിക്കുന്നത് രണ്ടു പരിശീലകരെ

Sreejith N
Real Madrid v Atalanta Bergamo - UEFA Champions League
Real Madrid v Atalanta Bergamo - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

സിനദിൻ സിദാന് പകരക്കാരനായി റയൽ മാഡ്രിഡ് പ്രധാനമായും പരിഗണിക്കുന്നത് ജർമൻ പരിശീലകൻ ജോകിം ലോ, ക്ലബിന്റെ ഇതിഹാസതാരം റൗൾ എന്നിവരെയാണെന്ന് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫ്രഞ്ച് ഇതിഹാസതാരത്തിന് ഇനി ലോസ് ബ്ലാങ്കോസുമായുള്ള കരാർ ഒരു വർഷം മാത്രം ബാക്കിയുള്ളൂ എന്നിരിക്കെയാണ് പകരക്കാരെ കണ്ടെത്താൻ റയൽ മാഡ്രിഡ് ശ്രമങ്ങൾ ആരംഭിച്ചത്.

2018ൽ രണ്ടര വർഷം നീണ്ട തന്റെ റയൽ മാഡ്രിഡ് പരിശീലകസ്ഥാനം തുടർച്ചയായി മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയതിനു ശേഷം ഉപേക്ഷിച്ച സിദാൻ പിന്നീട് റയലിലേക്ക് തിരിച്ചെത്തുന്നത് 2019ലാണ്. കഴിഞ്ഞ സീസണിൽ ലാ ലിഗ കിരീടം സ്വന്തമാക്കിയെങ്കിലും ഈ സീസണിൽ അത്ര മികച്ച ഫോം കാഴ്ച വെക്കാത്ത റയലിന് രണ്ടു കിരീടങ്ങൾ സ്വന്തമാക്കാനുള്ള സാധ്യതയുണ്ടെങ്കിലും സിദാൻ ഈ സീസണ് ശേഷം തുടരാൻ സാധ്യതയില്ലെന്നാണ് സ്‌പാനിഷ്‌ മാധ്യമം എഎസ് റിപ്പോർട്ടു ചെയ്യുന്നത്.

741 മത്സരങ്ങൾ റയലിനു വേണ്ടി കളിച്ചിട്ടുള്ള റൗൾ 2019 മുതൽ ക്ലബിന്റെ അക്കാദമി ടീമിന്റെ പരിശീലകനാണ്. സിദാനും സമാനമായ ഒരു പൊസിഷനിൽ നിന്നുമാണ് റയലിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്ത് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയത്. എന്നാൽ സിദാൻ ഉണ്ടായിരുന്നപ്പോഴത്തേക്കാൾ മികച്ച പ്രകടനമാണ് റൗളിനൊപ്പം കാസ്റ്റില്ല ടീം കാഴ്‌ച വെക്കുന്നതെന്നു പറയാതെ വയ്യ.

അതേസമയം യൂറോ കപ്പിന് ശേഷം ജർമൻ ടീമിന്റെ പരിശീലക സ്ഥാനം ജോക്കിം ലോ ഒഴിയുകയാണെന്നതു കൊണ്ടാണ് റയൽ മാഡ്രിഡ് അടുത്ത സമ്മറിൽ അദ്ദേഹത്തെയും പരിഗണിക്കുന്നത്. പതിനാലു വർഷമായി ജർമനിക്കൊപ്പമുള്ള അദ്ദേഹത്തിനു ലോകകപ്പ് വരെ കരാറുണ്ടെങ്കിലും അതിനു മുൻപ് തന്നെ സ്ഥാനമൊഴിയാൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം കിരീടങ്ങൾ നേടാൻ കഴിഞ്ഞാൽ സിദാനെ പരിശീലക സ്ഥാനത്ത് നിലനിർത്താൻ തന്നെയാണ് റയലിന് താൽപര്യം. എന്നാൽ ലോകകപ്പിന് ശേഷം ഫ്രാൻസ് ദേശീയ ടീമിലേക്ക് സിദാൻ ചേക്കേറാൻ സാധ്യതയുള്ളതിനാൽ പകരക്കാർ എല്ലായിപ്പോഴും റയലിന്റെ പരിഗണനയിലുണ്ട്.


facebooktwitterreddit