Football in Malayalam

പറങ്കിപ്പടയെ നിഷ്പ്രഭരാക്കി ജർമൻ വീര്യം; ഉജ്ജ്വല ജയവുമായി ജർമനിയുടെ തിരിച്ചു വരവ്

Gokul Manthara
Portugal v Germany - UEFA Euro 2020: Group F
Portugal v Germany - UEFA Euro 2020: Group F / Matthias Hangst/Getty Images
facebooktwitterreddit

ഇതാണ് തിരിച്ചുവരവ്. യൂറോ 2020ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാൻസിനോട് പരാജയപ്പെട്ടജർമനി, പോർച്ചുഗലിനെതിരായ രണ്ടാംമത്സരത്തിൽ കാഴ്ച വെച്ചത് തകർപ്പൻ തിരിച്ചു വരവ്. മൈതാനം നിറഞ്ഞു കളിച്ച മത്സരത്തിൽ പോർച്ചുഗലിനെതിരെ, അവരുടെ വിജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്. അതും രണ്ട് സെൽഫ് ഗോളുകളുടെ കൂടി സഹായത്തിൽ.

ആദ്യ മത്സരത്തിൽ സെൽഫ് ഗോൾ വില്ലനായപ്പോൾ, രണ്ടാം മത്സരത്തിൽ സെൽഫ് ഗോളുകൾ തകർപ്പൻ ജയം നേടാൻ ജെർമ്മനിക്ക് സഹായകമാവുകയായിരുന്നു. അങ്ങനെ ആദ്യ മത്സരത്തിലെ പരാജയത്തിന്റെ നിരാശയിൽ നിന്ന് പൂർണമായും പുറത്തു കടക്കാൻ പര്യാപ്തമായ ജയമാണ് ഇന്ന് ജോക്കിം ലോയുടെ കുട്ടികൾ നേടിയിരിക്കുന്നത്. ഈ ജയത്തോടെ 2 മത്സരങ്ങളിൽ 3 പോയിന്റായ ജർമനി എഫ് ഗ്രൂപ്പിലെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി‌.

മത്സരത്തിന്റെ തുടക്കം മുതൽ എതിർ ബോക്സിലേക്ക് കുതിച്ചെത്തുന്ന ജർമനിയെയാണ് അലയൻസ് അരീനയിൽ കണ്ടത്. അഞ്ചാം മിനുറ്റിൽ ഇതിന് ഫലവും കണ്ടു. റോബിൻ ഗോസൻസിന്റെ ഗോൾ പോർച്ചുഗൽ വല തുളച്ചു. എന്നാൽ വി എ ആർ പരിശോധനയിൽ അത് ഓഫ്സൈഡാണെന്ന് വ്യക്തമാവുകയും റഫറി ഗോൾ നിഷേധിക്കുകയുമായിരുന്നു. ജർമനി തുടർ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നെങ്കിലും കളിയിലെ ‌ആദ്യ ഗോൾ പോർച്ചുഗലിന്റെ വകയായിരുന്നു. നായകൻ കൂടിയായ റൊണാൾഡോയായിരുന്നു ഈ‌ ഗോൾ സ്കോർ ചെയ്തത്.

ഗോൾ വഴങ്ങിയതോടെ ജർമനി ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. അതിന്റെ ഫലമായി 35-ം മിനുറ്റിൽ അവർ മുന്നിലെത്തി. ആദ്യ നോട്ടത്തിൽ ഹാവർട്സാണ് ഗോൾ സ്കോർ ചെയ്തതെന്ന് തോന്നപ്പെട്ടെങ്കിലും റൂബൻ ഡയസിന്റെ കാലിൽ നിന്നു പിറന്ന സെൽഫ് ഗോളായിരുന്നു‌ അത്.

നാല് മിനുറ്റുകൾക്കുള്ളിൽ ജർമന ലീഡെടുത്തു. ഇത്തവണയും സെൽഫ് ഗോളായിരുന്നു അവരുടെ അക്കൗണ്ടിലെത്തിയത്‌‌‌. റാഫേൽ ഗുരേരോക്കായിരുന്നു ഇക്കുറി പിഴവ് പറ്റിയത്. ജർമനി സ്കോർ ചെയ്ത ആദ്യ രണ്ട് ഗോളുകളും സെൽഫ് ഗോളുകളായിരുന്നുവെങ്കിലും അത് രണ്ടും ജർമൻ താരങ്ങളുടെ ആക്രമണ മികവിൽ നിന്ന് സംഭവിച്ചതായിരുന്നു‌.

രണ്ടാം പകുതി തുടങ്ങി ആറാം മിനുറ്റിൽ ജർമനി തങ്ങളുടെ മൂന്നാം ഗോളും സ്കോർ ചെയ്തു. ഇത്തവണ കൈ ഹാവർട്സായിരുന്നു ഗോൾ സ്കോറർ.‌ ഓരോ ഗോളിന് ശേഷവും കൂടുതൽ ആക്രമാസക്തരാവുന്ന രീതി ജർമനി തുടർന്നു കൊണ്ടിരുന്നപ്പോൾ അൻപത്തിയൊൻപതാം മിനുറ്റിൽ അവരുടെ നാലാം ഗോൾ പിറന്നു. റോബിൻ ഗോസൻസിന്റെ ഈ ഗോൾ ജർമൻ ടീമിന്റെ വിജയം ഏറെക്കുറെ ഉറപ്പിക്കുന്നതായിരുന്നു.

എന്നാൽ 4-1 ന് പിന്നിലായിട്ടും വിട്ടു‌കൊടുക്കാൻ തയ്യാറല്ലാതെ പോർച്ചുഗൽ കളി തുടർന്നു. അറുപത്തിയേഴാം മിനുറ്റിൽ ഡിയഗോ ജോട്ട നേടിയ ഗോൾ അങ്ങനെയാണ് വരുന്നത്. ഇതിന് ശേഷവും ഇരു ടീമുകളും ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും പക്ഷേ ഗോളിലേക്കെത്തിയില്ല.


facebooktwitterreddit