Champions League

"ഇതു സ്വപ്‌നം കാണുന്ന പോരാട്ടം"- റയലിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിനെക്കുറിച്ച് ചെൽസി പരിശീലകൻ

Sreejith N
Manchester City v Chelsea: Emirates FA Cup Semi Final
Manchester City v Chelsea: Emirates FA Cup Semi Final / Pool/Getty Images
facebooktwitterreddit

റയൽ മാഡ്രിഡിനെ പോലെയൊരു വമ്പൻ ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ നേരിടാൻ കഴിയുന്നത് മികച്ചൊരു അനുഭവമായിരിക്കുമെന്നും അതുൾക്കൊണ്ട് കളിക്കാൻ ചെൽസി താരങ്ങൾ തയ്യാറാകണമെന്നും വെളിപ്പെടുത്തി പരിശീലകൻ തോമസ് ടുഷെൽ. 2014നു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ ഇടം പിടിക്കുന്ന ചെൽസി ടീമിൽ യൂറോപ്യൻ മത്സരങ്ങളിൽ പരിചയസമ്പത്തു കുറഞ്ഞ താരങ്ങളാണ് ഇപ്പോഴുള്ളത്.

അതേസമയം സിദാന്റെ കീഴിൽ മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള ടീമിലെ നിരവധി താരങ്ങളുമായാണ് റയൽ സെമി ഫൈനലിന് തയ്യാറെടുക്കുന്നത്. പ്രത്യക്ഷത്തിൽ റയലിന് ചെൽസിയെക്കാൾ മുൻതൂക്കമുണ്ടെങ്കിലും ഇതുപോലെയൊരു പോരാട്ടം ഏവരും സ്വപ്നം കാണുന്നതാണെന്നും തന്റെ ടീമിന് ലോസ് ബ്ലാങ്കോസിനെതിരെ പൊരുതാൻ ശേഷിയുണ്ടെന്നും ടുഷെൽ പറഞ്ഞു.

"ഇതൊരു വലിയ വെല്ലുവിളിയാണെങ്കിലും അതിനു ശേഷം ഞങ്ങൾ കൂടുതൽ മികച്ചതാവും എന്നുറപ്പാണ്. എല്ലാവർക്കും ഈ മത്സരങ്ങൾ വലിയൊരു അനുഭവമായിരിക്കും. ഈ ഘട്ടം വരെയെത്തിയതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. റയൽ മാഡ്രിഡുമായി ഇന്റർനാഷണൽ മത്സരങ്ങൾ കളിക്കുകയെന്നത് ചെറിയ കുട്ടിയായിരിക്കുമ്പോഴേ സ്വപ്‌നം കാണുന്ന കാര്യമാണെന്നതിൽ യാതൊരു സംശയവുമില്ല," ടുഷെൽ മാധ്യമങ്ങളോട് പറഞ്ഞു.

റയൽ മാഡ്രിഡുമായുള്ള മത്സരത്തിനിറങ്ങുമ്പോൾ ആത്മവിശ്വാസം ഉണ്ടെങ്കിലും ചാമ്പ്യൻസ് ലീഗിലെ ഏറ്റവും പരിചയസമ്പത്തുള്ള ടീമും പരിശീലകനും അവർക്കൊപ്പമുണ്ടെന്നും ടുഷെൽ പറഞ്ഞു. പതിനേഴു മത്സരങ്ങളായി തോൽവിയറിയാത്ത റയൽ മാഡ്രിഡ് മികച്ച ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങുകയെന്നും എന്നാൽ അവർക്കെതിരെ മികച്ച പോരാട്ടം നടത്താൻ ചെൽസിക്ക് കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെൽസിയെ സംബന്ധിച്ച് മധ്യനിരയിൽ മാറ്റിയോ കോവാസിച്ച് കളിക്കാൻ സാധ്യതയില്ലാത്തത് കനത്ത തിരിച്ചടിയാണ്. എന്നാൽ വെസ്റ്റ് ഹാമിനെതിരെയും മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും വിജയം നേടിയതിന്റെ ആത്മവിശ്വാസം ചെൽസിക്കുള്ളപ്പോൾ ലാ ലിഗയിലെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടു സമനില വഴങ്ങിയാണ് റയൽ ഇറങ്ങുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit