ചെൽസിയുടെ സാഹചര്യങ്ങൾ മാറുമെന്ന പ്രതീക്ഷയിൽ ടുഷെൽ, ജർമൻ പരിശീലകനിൽ കണ്ണുവെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Sreejith N
Tuchel Promised To Stay With Chelsea This Season
Tuchel Promised To Stay With Chelsea This Season / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

ചെൽസി ഫുട്ബോൾ ക്ലബുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ ഈ സീസൺ അവസാനിക്കുന്നതു വരെ ക്ലബിനൊപ്പം തുടരുമെന്നു വ്യക്തമാക്കി തോമസ് ടുഷെൽ. റഷ്യ യുക്രൈനിൽ നടത്തുന്ന അധിനിവേശത്തിനെതിരെ സമ്മർദ്ദം ചെലുത്താൻ വേണ്ടി ബ്രിട്ടീഷ് ഗവൺമെന്റ് അബ്രമോവിച്ചിന്റെ സ്വത്തുക്കൾ മരവിപ്പിച്ചതിനെ തുടർന്ന് ചെൽസി വലിയ പ്രതിസന്ധി അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്.

ചെൽസിയെ വിൽക്കാൻ അബ്രമോവിച്ച് ഒരുങ്ങിയെങ്കിലും അതിനെയും ബ്രിട്ടീഷ് ഗവണ്മെന്റ് തടയുകയുണ്ടായി. ഇനിയുള്ള മത്സരങ്ങളിൽ സീസൺ ടിക്കറ്റ് എടുത്തവർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂവെന്നും ക്ലബുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ വിൽക്കാൻ കഴിയില്ലെന്നതും ഉൾപ്പെടെ നിരവധി നടപടികൾ സ്വീകരിച്ചതോടെ ക്ലബ് താൽക്കാലികമായി സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കയാണ്.

"ഞാൻ ഈ സീസൺ അവസാനിക്കുന്നതു വരെ തുടരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തീർച്ചയായും അതെ. ഞങ്ങൾ കാത്തിരിക്കണം, ഞങ്ങൾ ഓരോ ദിവസമായി മുന്നോട്ടു പോകണം, കാരണം എല്ലാം മാറാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യം കൃത്യമാണ്, ക്ലബ് വിൽപ്പനയ്ക്കു വെച്ചിട്ടുണ്ട്, അത് നടന്ന് എല്ലാം ശരിയാകുമെന്നും പുതിയൊരു കാഴ്ച്ചപ്പാട് ലഭിക്കുമെന്നും പ്രതീക്ഷിക്കാം." ടുഷെൽ പറഞ്ഞു.

മാധ്യമങ്ങൾ പറയുന്നതിൽ കൂടുതലൊന്നും തനിക്കറിയില്ലെന്നും ഓരോ ദിവസങ്ങളായി മുന്നോട്ടു പോകാൻ നിർബന്ധിതരാണെന്നും പറഞ്ഞ അദ്ദേഹം മൈതാനത്തു ടീമിന്റെ പ്രകടനത്തെ അതു ബാധിക്കാതിരിക്കാനാണു ശ്രദ്ധിക്കേണ്ടതെന്നും പറഞ്ഞു. ചെൽസി വലിയൊരു ക്ളബാണെന്നും അതിനാൽ തന്നെ നിരവധി ആരാധകർ ഈ അവസ്ഥയിൽ ആശങ്കയോടെ നിൽക്കുന്നുണ്ടെന്നും ടുഷെൽ വ്യക്തമാക്കി.

അതിനിടയിൽ ചെൽസിയുടെ നിലവിലെ സാഹചര്യം മുതലെടുത്ത് തോമസ് ടു ഷെലിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ടെന്ന് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്‌. റാങ്നിക്ക് ഈ സീസണു ശേഷം താൽക്കാലിക പരിശീലകസ്ഥാനം ഒഴിയുമെന്നിരിക്കെ ചെൽസി ഇതേ അവസ്ഥയിൽ തുടർന്നാൽ ജർമൻ പരിശീലകനെ പുതിയ മാനേജരാക്കി നിയമിക്കാമെന്ന കണക്കുകൂട്ടലിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit