Chelsea News

മാഞ്ചസ്റ്റർ സിറ്റിയുടെയും ലിവർപൂളിന്റെയും മാതൃക പിന്തുടരാൻ ചെൽസി, ട്രാൻസ്‌ഫർ നീക്കങ്ങളിൽ ടുഷെലിന് പൂർണനിയന്ത്രണം

Sreejith N
Thomas Tuchel To Be Given Full Control Of Chelsea Transfers
Thomas Tuchel To Be Given Full Control Of Chelsea Transfers / Robin Jones/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും പ്രീമിയർ ലീഗിലും യൂറോപ്പിലും മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തിൽ അവർ പിന്തുടരുന്ന മാതൃക സ്വീകരിച്ച് ട്രാൻസ്‌ഫർ സംബന്ധമായ കാര്യങ്ങളിൽ പൂർണമായ നിയന്ത്രണം പരിശീലകൻ തോമസ് ടുഷെലിനു നൽകാൻ ചെൽസി ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇംഗ്ലീഷ് മാധ്യമമായ ദി ടെലെഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

ഫസ്റ്റ് ടീം ഫുട്‍ബോളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തോമസ് ടുഷെലിന് തീരുമാനം എടുക്കാനുള്ള പൂർണസ്വാതന്ത്ര്യം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്ലബിന്റെ പുതിയ ഉടമകളായി എത്തിയ ടോഡ് ബോഹ്‍ലിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ജർമൻ പരിശീലകന് പൂർണമായ പിന്തുണ നൽകുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ചെൽസിയുടെ പ്രവർത്തനങ്ങളിൽ വലിയ മാറ്റം ഉണ്ടാകാനുള്ള സാധ്യതയാണ് ഇതു തുറന്നിടുന്നത്. മുൻപുണ്ടായിരുന്ന പരിശീലകരിൽ പലരും ട്രാൻസ്‌ഫർ നീക്കങ്ങളിൽ പൂർണമായും ഇടപെടാൻ കഴിയാത്തതിൽ പ്രതിഷേധങ്ങൾ ഉയർത്തിയിട്ടുണ്ട്. അതേസമയം ആരെയൊക്കെ ടീമിലെത്തിക്കണം, ആരെയൊക്കെ ഒഴിവാക്കണം എന്ന കാര്യത്തിൽ തോമസ് ടുഷെലിനു പൂർണമായ സ്വാതന്ത്ര്യം ഉണ്ടാകും.

അടുത്തിടെ നടന്ന ഒരു മീറ്റിങ്ങിൽ ടീമിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനും നിലവിലുള്ളവരെ ഒഴിവാക്കാനും തോമസ് ടുഷെലിനു പൂർണമായ സ്വാതന്ത്ര്യമുണ്ടാകുമെന്ന് ക്ലബ് ഉടമയായ ടോഡ് ബോഹ്‍ലി വ്യക്തമാക്കിയിരുന്നു. ഇതിനു മുൻപുണ്ടായിരുന്ന ചെൽസി പരിശീലകർക്ക് ടീമിലേക്ക് ഏതു താരത്തെ വേണമെന്ന അഭിപ്രായം പറയാൻ കഴിയുമായിരുന്നെങ്കിലും താരങ്ങളെ വിൽക്കുന്ന കാര്യത്തിൽ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല.

ചെൽസിയിലേക്ക് വന്ന ആദ്യത്തെ സീസണിൽ തന്നെ ക്ലബിന് ചാമ്പ്യൻസ് ലീഗ് കിരീടം നൽകിയ ടുഷെലിനെ ടീമിന്റെ പ്രധാനപ്പെട്ട സമ്പാദ്യമായാണ് ചെൽസി കണക്കാക്കുന്നത്. ഈ സീസണിൽ കറബാവോ കപ്പ്, എഫ്എ കപ്പ് ഫൈനലുകളിൽ കളിച്ച ചെൽസി ഷൂട്ടൗട്ടിലാണ് രണ്ടിലും പരാജയപ്പെട്ടത്. ഇതിനു പുറമെ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനം നേടിയ ടീം ചാമ്പ്യൻസ് ലീഗിൽ വിജയത്തിനരികിൽ എത്തിയിരുന്നെങ്കിലും റയലിന്റെ തിരിച്ചുവരവിൽ കീഴടങ്ങി പുറത്തു പോവുകയായിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit