Chelsea News

റൊമേലു ലുക്കാക്കു ചെൽസിയിലേക്ക് തന്നെ മടങ്ങി വരാനുള്ള സാധ്യത കുറവാണെന്ന് പരിശീലകൻ തോമസ് ടുഷെൽ

Sreejith N
Tuchel Says Lukaku Return Not Very Likely
Tuchel Says Lukaku Return Not Very Likely / Robin Jones/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ചെൽസി വിട്ട് ലോൺ കരാറിൽ ഇന്റർ മിലാനിലേക്ക് ചേക്കേറിയ ബെൽജിയൻ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കു ചെൽസിയിലേക്ക് തന്നെ തിരിച്ചു വരാനുള്ള സാധ്യത കുറവാണെന്ന് ക്ലബിന്റെ പരിശീലകനായ തോമസ് ടുഷെൽ. മാഞ്ചസ്റ്റർ സിറ്റി താരമായ റഹീം സ്റ്റെർലിങ്ങിന്റെ ട്രാൻസ്‌ഫർ ചെൽസി പൂർത്തിയാക്കിയതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

തങ്ങളുടെ മുൻ താരമായ റൊമേലു ലുക്കാക്കുവിനെ കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് ചെൽസി ക്ലബിന്റെ റെക്കോർഡ് ട്രാൻസ്‌ഫറിൽ സ്വന്തമാക്കിയത്. എന്നാൽ ചെൽസിക്കൊപ്പം മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന ലുക്കാക്കു ഒരു സീസൺ കഴിഞ്ഞപ്പോൾ തന്നെ താൻ സീരി എ കിരീടം സ്വന്തമാക്കിയ ക്ലബായ ഇന്റർ മിലാനിലേക്ക് തിരിച്ചു പോവുകയായിരുന്നു.

"ലുക്കാക്കു ലോണിലാണ് പോയിരിക്കുന്നത് എന്നതിനാൽ തന്നെ തിരിച്ചു വരാനുള്ള സാധ്യതയുണ്ട്. എന്നാൽ ആ സാധ്യത വളരെ അധികമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ അതിലൊരു അവലോകനം നൽകേണ്ടത് ഞാനല്ല, അതിനു സാധ്യതയുണ്ട്." സ്കൈ സ്പോർട്ട്സിനോട് സംസാരിക്കുമ്പോൾ ലുക്കാക്കു പറഞ്ഞു.

ലുക്കാക്കു പോയതിനു പിന്നാലെ റഹീം സ്റ്റെർലിംഗിനെ ടീമിന്റെ ഭാഗമാക്കി ചെൽസി ആക്രമനിരയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇനി പ്രതിരോധത്തിലാണ് അവർക്ക് അടുത്ത സീസണിൽ കരുത്തു പകരാനുള്ളത്‌. ഇതിനായി കൂളിബാളി, കിംപെംബെ, സ്‌ക്രിനിയർ, കൂണ്ടെ തുടങ്ങി നിരവധി പ്രതിരോധതാരങ്ങളെ അവർ നോട്ടമിട്ടിട്ടുണ്ട്.

ലുക്കാക്കു ടീം വിട്ടതിനാൽ പുതിയൊരു സ്‌ട്രൈക്കറെ ടീമിന്റെ ഭാഗമാക്കാനും ചെൽസി ശ്രമം നടത്തുന്നുണ്ട്. വിപണിയിൽ മികച്ച സ്‌ട്രൈക്കർമാരില്ലെന്നതാണ് അവരെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധി. ബയേൺ മ്യൂണിക്ക് താരമായ ലെവൻഡോസ്‌കിയെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞില്ലെങ്കിൽ താരത്തെ ടീമിലെത്തിക്കാനാണ് ചെൽസി ഒരുങ്ങുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit