"എല്ലാം ചെൽസിക്കെതിരാണ്"- ബ്രൈറ്റനെതിരായ സമനിലയിൽ നിരാശ വെളിപ്പെടുത്തി ടുഷെൽ

Chelsea v Brighton & Hove Albion - Premier League
Chelsea v Brighton & Hove Albion - Premier League / Justin Setterfield/GettyImages
facebooktwitterreddit

ബ്രൈറ്റനെതിരെ നടന്ന നടന്ന മത്സരത്തിൽ സമനില വഴങ്ങി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ചെൽസി പുറകോട്ടു പോയതിലുള്ള നിരാശ വെളിപ്പെടുത്തി പരിശീലകൻ തോമസ് ടുഷെൽ. റൊമേലു ലുക്കാക്കു നേടിയ ഗോളിൽ അവസാന മിനുട്ടുകൾ വരെയും മുന്നിൽ നിന്നിരുന്ന ചെൽസിയെ ഡാനി വെൽബെക്ക് നേടിയ ഗോളിലൂടെയാണ് ബ്രൈറ്റൻ സമനിലയിൽ കുരുക്കിയത്.

മത്സരത്തിൽ പുലിസിച്ചിന് അനുകൂലമായി പെനാൽറ്റി നൽകാതിരുന്ന റഫറിയുടെ തീരുമാനത്തെ വിമർശിച്ച ജർമൻ പരിശീലകൻ ടീമിലെ കളിക്കാർക്ക് പരിക്കു പറ്റിയതും ചെൽസിയുടെ പ്രകടനത്തെ ബാധിച്ചുവെന്നും വ്യക്തമാക്കി. സമനില വഴങ്ങിയതോടെ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി നിലവിൽ എട്ടു പോയിന്റിന്റെ വ്യത്യാസമാണ് രണ്ടാം സ്ഥാനത്തുള്ള ചെൽസിക്കുള്ളത്.

"രണ്ടു ഗോളുകൾക്ക് മുന്നിലെത്തേണ്ടിയിരുന്ന സമയത്ത് റഫറിയിൽ നിന്നും മോശമായ തീരുമാനമാണ് ഉണ്ടായത്. അതൊന്നു പരിശോധിച്ചു പോലുമില്ല. എല്ലാം ഞങ്ങൾക്കെതിരാണ്. രണ്ടു പരിക്കുകൾ കൂടി സംഭവിക്കുകയും ചെയ്‌തു. പെനാൽറ്റി നൽകാതിരുന്ന തീരുമാനം ഒരു തമാശയായിരുന്നു, വീഡിയോ റഫറിയിൽ നിന്നും ഒരു ഇടപെടൽ പോലും ഉണ്ടായില്ല."

"ഞങ്ങളുടെ ടീമിലെ നിരവധി താരങ്ങൾ ദൈർഘ്യമേറിയ പരിക്കിൽ നിന്നും കോവിഡിൽ നിന്നുമെല്ലാം മുക്തരായി തിരിച്ചു വന്നിട്ടേയുള്ളൂ. റീസ് ജെയിംസിന് സംഭവിച്ച പരിക്ക് വലിയൊരു തിരിച്ചടിയാണ്. ആൻഡ്രിയാസാണ് മൈതാനത്തുണ്ടായിരുന്ന മികച്ച താരങ്ങളിൽ ഒരാൾ. ചില സമയത്ത്, ഒന്നും നഷ്ടമാകാൻ ഇല്ലാത്ത ബ്രൈറ്റൻ ടീമിനെതിരെ അതു വളരെ കൂടുതലായിരുന്നു." ടുഷെൽ ആമസോണിനോട് പറഞ്ഞു.

ചെൽസി കിരീടപ്പോരാട്ടത്തിൽ ഇപ്പോഴുമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് ടുഷെൽ നൽകിയത്. ആറു താരങ്ങൾ ദൈർഘ്യമേറിയ പരിക്കിന്റെ പിടിയിലായതും ഏഴോളം പേർക്ക് കോവിഡ് ബാധയേറ്റതും മൂലം ചെൽസിക്ക് കിരീടപ്പോരാട്ടത്തിൽ നിലനിൽക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. മുഴുവൻ സ്‌ക്വാഡും ലഭ്യമായ മറ്റു ടീമുകൾക്കിടയിൽ ചെൽസിക്ക് കിരീടത്തിനായി പൊരുതാൻ കഴിയുമെന്നു കരുതുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.