Champions League

നടക്കാനിരിക്കുന്നത് ടെന്നീസ് മാച്ചല്ല, ഗ്വാർഡിയോളയും താനും തമ്മിലല്ല ചാമ്പ്യൻസ് ലീഗ് ഫൈനലെന്ന് തോമസ് ടുഷെൽ

Sreejith N
Manchester City v Chelsea: Emirates FA Cup Semi Final
Manchester City v Chelsea: Emirates FA Cup Semi Final / Pool/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം ലോകഫുട്ബോളിലെ മികച്ച പരിശീലകരായ പെപ് ഗ്വാർഡിയോളയുടെയും തോമസ് ടുഷെലിന്റെയും തന്ത്രങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയായിരിക്കുമെന്ന് ആരാധകർ കരുതുന്നുണ്ട്. ടുഷെൽ സ്ഥാനമേറ്റെടുത്തതിനു ശേഷം രണ്ടു തവണയാണ് ചെൽസി മികച്ച ഫോമിലുള്ള മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ചതെന്നത് മത്സരത്തിന്റെ ആവേശം വർധിപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ ഫൈനൽ മത്സരം ഗ്വാർഡിയോളയും താനും തമ്മിലുള്ള തന്ത്രങ്ങളുടെ പോരാട്ടമായിരിക്കുമെന്ന വാദങ്ങളെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ടുഷെൽ തള്ളിക്കളഞ്ഞു. രണ്ടു പേർ ചേർന്നു കളിക്കാൻ ഇതു ടെന്നീസ് മത്സരമല്ലെന്നും ഓരോ കളിക്കും വേണ്ടി ടീമിനെ മികച്ച രീതിയിൽ തയ്യാറെടുപ്പിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും ടുഷെൽ വ്യക്തമാക്കി.

"അതിലുമധികമാണിത്, ഒരിക്കലും ഇത് പെപ് ഗ്വാർഡിയോളയും ഞാനും തമ്മിലുള്ള മത്സരമായി ഒരിക്കലും കണക്കാക്കാനാവില്ല. കാരണം ഞങ്ങൾക്കു കളിക്കാനുള്ളത് ഒരു ടെന്നീസ് മത്സരമല്ല. ഞങ്ങൾ ടീമുകളുമായി വരുന്നു, പെപ് അദ്ദേഹത്തിന്റെ ടീമിനെയും ഞാൻ എന്റെ ടീമിനെയും തയ്യാറാക്കുന്നു. ഏറ്റവും മികച്ച രീതിയിൽ ടീമിനെ അണിനിരത്താനാണ് ഞങ്ങൾ ശ്രമിക്കുക."

"രണ്ടു വ്യത്യസ്‌ത ടൂർണമെന്റുകളിലെ രണ്ടു മത്സരങ്ങളിൽ രണ്ടു ലൈനപ്പ് ഇറക്കിയ അവർക്കെതിരെ കളിച്ച പരിചയം ഞങ്ങൾക്കുണ്ട്. ഫൈനലിലും മാഞ്ചസ്റ്റർ സിറ്റി ഒരു വ്യത്യസ്‌ത ലൈനപ്പ് പരീക്ഷിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതിനൊപ്പം അവർക്കെതിരെ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചതിന്റെയും മത്സരത്തിന്റെ ഓരോ ഘട്ടങ്ങളിലും ഉപയോഗിക്കേണ്ട ധൈര്യത്തിന്റെയും ബുദ്ധിക്ഷമതയുടെയും പരിചയം കൂടി ഞങ്ങൾക്കുണ്ട്."

"എന്നെ സംബന്ധിച്ച് പെപ് ഗ്വാർഡിയോള സൈഡ്‌ലൈനിൽ നിൽക്കുമ്പോൾ സിറ്റിയായാലും ബയേണായാലും ബാഴ്‌സയായാലും മത്സരം ബുദ്ധിമുട്ടായിരിക്കും. വലിയ വിശ്വാസത്തോടെ വലിയ വിജയങ്ങൾക്കു വേണ്ടി, തുടർച്ചയായ വിജയങ്ങൾ നേടുകയെന്ന മനോഭാവത്തോടെയാണ് അദ്ദേഹം ടീമിനെ സൃഷ്ടിച്ചിട്ടുണ്ടാവുക." ടുഷെൽ വ്യക്തമാക്കി.

facebooktwitterreddit