Football in Malayalam

അത്ലറ്റികോയെ തകർത്ത് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക്, ചെൽസി പരിശീലക കരിയറിലെ ഏറ്റവും മികച്ച തുടക്കം കുറിച്ച് ടുഷെൽ

Sreejith N
Chelsea FC v Atletico Madrid  - UEFA Champions League Round Of 16 Leg Two
Chelsea FC v Atletico Madrid - UEFA Champions League Round Of 16 Leg Two / Marc Atkins/Getty Images
facebooktwitterreddit

ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന, ലാ ലിഗയിൽ ഒന്നാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡിനെ തോൽപിച്ച് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ച് ചെൽസി. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചെൽസിയെ പരാജയപ്പെടുത്തിയതോടെ ഇരുപാദങ്ങളിലുമായി എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയം നേടിയാണ് ടുഷെൽ പരിശീലകനായ ചെൽസി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തിയത്.

ഹക്കിം സിയച്ചും എമേഴ്‌സണും ഗോൾ നേടി വിജയം നൽകിയതോടെ ചെൽസി പരിശീലക കരിയറിൽ തന്നെ ഏറ്റവും മികച്ച തുടക്കമെന്ന നേട്ടം കൂടിയാണ് ജർമൻ പരിശീലകനായ ടുഷെൽ സ്വന്തമാക്കിയത്. ലാംപാർഡിനെ പുറത്താക്കിയ ഒഴിവിലേക്ക് ചെൽസിയുടെ പരിശീലകനായി എത്തിയ ടുഷെൽ ഇതുവരെ ഒരു മത്സരത്തിൽ പോലും തോൽവിയറിയാതെയാണ് കുതിച്ചു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ചെൽസിയെക്കൊണ്ട് മികച്ച പ്രകടനം നടത്തിയെങ്കിലും ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും കൈവിടുമെന്ന അവസ്ഥയിലാണ് ലംപാർഡിനെ ചെൽസി ഒഴിവാക്കുന്നത്. പിഎസ്‌ജി അതിനു മുൻപേ ഒഴിവാക്കിയ ടുഷെലിനെ തൊട്ടു പിന്നാലെ തന്നെ അവർ നിയമിക്കുകയും ചെയ്‌തു. അതിനു ശേഷം കളിച്ച പതിമൂന്നു മത്സരങ്ങളിൽ ഒൻപതു ജയവും നാല് സമനിലയുമാണ് ചെൽസി സ്വന്തമാക്കിയത്.

2008ൽ ചെൽസി പരിശീലകനായതിനു ശേഷം ലൂയിസ് ഫെലിപെ സ്‌കൊളാരി പന്ത്രണ്ടു മത്സരങ്ങളിൽ അപരാജിതരായി ടീമിനെ നയിച്ചതിന്റെ റെക്കോർഡാണ് ടുഷെൽ തകർത്തത്. അപരാജിതരായി മുന്നോട്ടു കുതിക്കുന്ന ഈ പതിമൂന്നു മത്സരങ്ങളിൽ പതിനൊന്നെണ്ണത്തിലും ചെൽസി ഒരു ഗോൾ വഴങ്ങിയില്ലെന്നത് ടുഷെൽ കൊണ്ടുവന്ന മാറ്റം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.

ഷെഫീൽഡ് യുണൈറ്റഡിനെതിരായ എഫ്എ കപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടമാണ് ചെൽസിയുടെ അടുത്ത മത്സരം. അതിനു ശേഷം ഇന്റർനാഷണൽ ബ്രെക്കിനു ശേഷം അവർ വെസ്റ്റ് ബ്രോമിനെ നേരിടും. നിലവിലെ ഫോം പരിഗണിക്കുമ്പോൾ സാധ്യമായ ഏതു കിരീടവും നേടാൻ പ്രാപ്‌തിയുള്ള ഒരു ടീമായി ചെൽസി വളർന്നിട്ടുണ്ട്.

facebooktwitterreddit