Champions League

റാമോസ് കളിക്കുമോയെന്നതു നിർണായകം, ചെൽസിക്ക് വിജയം നേടാനുള്ള വഴികളെക്കുറിച്ചും തോമസ് ടുഷെൽ

Sreejith N
FBL-EUR-C1-REAL MADRID-CHELSEA
FBL-EUR-C1-REAL MADRID-CHELSEA / JAVIER SORIANO/Getty Images
facebooktwitterreddit

റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിന്റെ രണ്ടാം പാദത്തിൽ ഇറങ്ങുമോ ഇല്ലയോ എന്ന കാര്യം നിർണായകമാണെന്ന് ചെൽസി പരിശീലകൻ തോമസ് ടുഷെൽ. റയലിനെതിരെ ആത്മവിശ്വാസത്തോടെ മികച്ച പോരാട്ടം നടത്തിയാൽ മാത്രമേ ചെൽസിക്ക് ഫൈനലിൽ എത്താനാവൂ എന്നു പറഞ്ഞ ടുഷെൽ റാമോസിന്റെ സാന്നിധ്യം അത് കൂടുതൽ ദുഷ്‌കരമാക്കുമെന്നും കൂട്ടിച്ചേർത്തു.

റയൽ മാഡ്രിഡിന്റെ മൈതാനത്തു വെച്ചു നടന്ന ആദ്യപാദ മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച ചെൽസിക്ക് ദൗർഭാഗ്യം കൊണ്ട് വിജയം നഷ്ടമായെങ്കിലും സമനില നേടിയെടുക്കാൻ കഴിഞ്ഞിരുന്നു. ഇരുടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞ മത്സരത്തിലെ എവേ ഗോളിന്റെ മുൻ‌തൂക്കം രണ്ടാം പാദത്തിനിറങ്ങുമ്പോൾ ചെൽസിക്കു പ്രതീക്ഷയാണ്.

"മത്സരത്തിലുടനീളം തീവ്രത നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സെമി ഫൈനലാകുമ്പോൾ സമ്മർദ്ദമുണ്ടാകും, എന്നാൽ ആത്മവിശ്വാസത്തോടെ എത്തുകയെന്നത് വളരെ പ്രധാനമാണ്. അതുണ്ടെങ്കിൽ റയൽ മാഡ്രിഡിനെതിരെ ആശങ്കപ്പെടേണ്ട കാര്യമില്ല. ഞങ്ങളുടെ ആത്മവിശ്വാസം അവർക്കു മനസിലായി തുടങ്ങിയാൽ ടീമിന് മുന്നേറാൻ കഴിയും."

"റാമോസ് ടീമിന്റെ നായകനാണ്. കഴിഞ്ഞ പത്തു വർഷമായി ഏറ്റവുമധികം വിജയങ്ങളുണ്ടാക്കിയ ടീമിന്റെ നായകനായ അദ്ദേഹം ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റാമോസ് ആദ്യ ഇലവനിൽ തന്നെ കളിക്കുമെന്നാണ് ഞാൻ കരുതുന്നതെങ്കിലും അദ്ദേഹം മാത്രമല്ല കളിക്കുന്നതെന്നതും ആലോചിക്കേണ്ട കാര്യമാണ്." ടുഷെൽ മാധ്യമങ്ങളോട് പറഞ്ഞു.

ചെൽസി മധ്യനിര താരം എൻഗോളോ കാന്റെയെ ടുഷെൽ പ്രശംസിക്കുകയും ചെയ്‌തു. ടീമിനൊപ്പം ഉണ്ടാകണമെന്ന് താൻ വളരെയധികം ആഗ്രഹിച്ച താരമാണ് കാന്റയെന്നും ഇപ്പോൾ അദ്ദേഹം തനിക്കൊപ്പമുണ്ടെന്നും ജർമ്മൻ പരിശീലകൻ പറഞ്ഞു. ആത്മാർപ്പണത്തോടെ കളിക്കുന്ന കാന്റക്ക് ഏതു ടീമിന്റെയും അവിഭാജ്യ ഘടകമായി മാറാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

facebooktwitterreddit