Football in Malayalam

ഇപ്പോഴത്തെ ചെൽസി ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്ന ക്ലബിന്റെ ഇതിഹാസ താരങ്ങൾ ആരൊക്കെയെന്ന് വെളിപ്പെടുത്തി ടുഷെൽ

Sreejith N
FBL-EUR-C1-REAL MADRID-CHELSEA
FBL-EUR-C1-REAL MADRID-CHELSEA / JAVIER SORIANO/Getty Images
facebooktwitterreddit

ഇപ്പോഴത്തെ ചെൽസി സ്‌ക്വാഡിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്ന ക്ലബിന്റെ ഇതിഹാസതാരങ്ങൾ ആരൊക്കെയാണെന്നു വെളിപ്പെടുത്തി പരിശീലകൻ തോമസ് ടുഷെൽ. കഴിഞ്ഞ സീസണിൽ ചെൽസിയെ ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് നയിച്ച ടുഷെൽ 2012ൽ സമാനനേട്ടം സ്വന്തമാക്കിയ താരങ്ങളായ ഗോൾകീപ്പർ പീറ്റർ ചെക്കും സ്‌ട്രൈക്കർ ദിദിയർ ദ്രോഗ്ബയുമാണ് നിലവിലെ ടീമിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നത്.

ടൈം മെഷീൻ സ്വന്തമായുണ്ടെങ്കിൽ ഏതു ചെൽസി ഇതിഹാസത്തെയാണ് നിലവിലെ ടീമിൽ എത്തിക്കുകയെന്ന ചോദ്യത്തിന് ചെൽസിയുടെ ഒഫിഷ്യൽ വെബ്‌സൈറ്റിൽ മറുപടി പറയുകയായിരുന്നു ടുഷെൽ. "അതു ബുദ്ധിമുട്ടേറിയ ചോദ്യമാണ്. ഞാൻ പീറ്റർ ചെക്കുമായി എല്ലാ ദിവസവും ചേർന്നു പ്രവർത്തിക്കുന്നതു കൊണ്ടും പരിചയസമ്പത്തും കണക്കിലെടുത്ത് അദ്ദേഹത്തെ തിരഞ്ഞെടുക്കും. ചെക്ക് കൂടെയുള്ളത് വലിയൊരു നേട്ടമാണ്."

"ടെക്‌നിക്കൽ അഡ്വൈസർ ആയാണ് ഇവിടെയദ്ദേഹം ഉള്ളതെങ്കിലും പലപ്പോഴും ഞങ്ങളുടെ ഗോൾകീപ്പർമാരെ സഹായിക്കാനും ചെക്ക് തയ്യാറാവാറുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ കളിക്കാരനെന്ന നിലയിൽ പരിശീലിപ്പിക്കുക രസകരമായ കാര്യമായിരിക്കും."

"അടുത്തിടെ ചെക്കും ദ്രോഗ്ബയും ഉൾപ്പെടുന്ന ഡോക്യൂമെന്ററി ഞാൻ കണ്ടിരുന്നു. രണ്ടു പേരും കളിച്ചു കൊണ്ടിരുന്നപ്പോൾ അവർക്കുണ്ടായിരുന്നു വിജയീ മനോഭാവം വളരെ മികച്ചതാണ്. വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച് ആത്മാർത്ഥതയോടെയാണ് അവർ ടീമിലുണ്ടായിരുന്നത്. ഏതു ടീമിനും അവർ മുതൽക്കൂട്ടായിരിക്കും," ടുഷെൽ വ്യക്തമാക്കി.

ചെൽസിക്കൊപ്പം ഒരേ കാലഘട്ടത്തിൽ കളിച്ച് സമാനമായ നേട്ടങ്ങൾ സ്വന്തമാക്കിയ താരങ്ങളാണ് ദിദിയർ ദ്രോഗ്ബയും പീറ്റർ ചെക്കും. ചെക്ക് നാല് പ്രീമിയർ ലീഗും നാല് എഫ്എ കപ്പ് കിരീടങ്ങളും മൂന്നു ലീഗ് കപ്പും ഒരു ചാമ്പ്യൻസ് ലീഗും ഒരു യൂറോപ്പ ലീഗും സ്വന്തമാക്കിയപ്പോൾ ഇതിൽ യൂറോപ്പ ലീഗ് മാത്രമാണ് ദ്രോഗ്ബ ചെൽസിക്കൊപ്പം സ്വന്തമാക്കിയിട്ടില്ലാത്ത കിരീടം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit