Football in Malayalam

ദേശീയ ടീമിനു വേണ്ടി കളിക്കാൻ ചെൽസി താരങ്ങളെ അനുവദിച്ചേക്കില്ലെന്ന് ടുഷൽ, ബ്രസീൽ അടക്കമുള്ള ടീമുകൾക്ക് തിരിച്ചടി

Sreejith N
Chelsea FC v Stade Rennais: Group E - UEFA Champions League
Chelsea FC v Stade Rennais: Group E - UEFA Champions League / Marc Atkins/Getty Images
facebooktwitterreddit

ഈ മാസാവസാനം ലോകകപ്പ് യോഗ്യത മത്സരങ്ങളടക്കമുള്ള ഇന്റർനാഷണൽ മാച്ചുകൾ നടക്കാനിരിക്കെ ചെൽസി ടീമിലെ പ്രധാന താരങ്ങളെ ദേശീയ ടീമിനൊപ്പം കളിക്കാൻ അനുവദിച്ചേക്കില്ലെന്ന സൂചനകൾ നൽകി പരിശീലകൻ തോമസ് ടുഷൽ. കോവിഡ് മഹാമാരി പടർന്നു പിടിച്ചതു മൂലം ബ്രിട്ടൻ പല രാജ്യങ്ങളിലേക്കുമുള്ള യാത്രക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പത്ത് ദിവസത്തെ ക്വാറന്റൈനും ആവശ്യമാണ്.

സൗത്ത് അമേരിക്ക, ആഫ്രിക്ക, പോർച്ചുഗൽ എന്നിങ്ങനെയുള്ള പ്രദേശങ്ങൾ ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽ ഉൾപെട്ടതു കൊണ്ട് തിയാഗോ സിൽവ, എഡ്‌വേർഡ് മെൻഡി എന്നീ താരങ്ങളെയാണ് ചെൽസിക്ക് ലഭ്യമാകാതെ വരിക. നിലവിൽ പ്രീമിയർ ലീഗ് ടോപ് ഫോറിൽ നിൽക്കുന്നുണ്ടെങ്കിലും ആ സ്ഥാനം നിലനിർത്താൻ കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നുറപ്പുള്ള ചെൽസിയെ ഈ താരങ്ങളുടെ അഭാവം പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.

"പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്താനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നതു കൊണ്ടു തന്നെ എനിക്ക് ആശങ്കയുണ്ട്. കളിക്കാർ ക്വാറന്റൈനിൽ പോവുകയാണെങ്കിൽ ഞാൻ ആഗ്രഹിച്ച ഒരു ഗ്രൂപ്പിനെ എനിക്ക് ഒരുക്കിയെടുക്കാൻ പ്രയാസമാണ്," ലിവർപൂളിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ചെൽസി വിജയിച്ച മത്സരത്തിനു ശേഷം ടുഷൽ പറഞ്ഞു.

ഇതൊരു അസാധാരണ സാഹചര്യമാണെങ്കിലും ചെൽസിക്ക് ഇത് കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയാമെന്നും അത് ചിലപ്പോൾ താരങ്ങളെ ദേശീയ ടീമിന് വേണ്ടി കളിക്കാൻ അനുവദിക്കാതിരിക്കുക എന്നായിരിക്കുമെന്ന സൂചനകളും ടുഷൽ നൽകി. ക്ലബും ഇക്കാര്യത്തിൽ ആശങ്കാകുലരാണെന്നും ജർമൻ പരിശീലകൻ അറിയിച്ചു.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷെയറും തന്റെ ടീമിലെ പ്രധാന താരങ്ങളെ ദേശീയ ടീമിനൊപ്പം കളിക്കാൻ അനുവദിച്ചേക്കില്ലെന്ന സൂചനകൾ നൽകിയിരുന്നു. ഇതേ നിലപാട് എല്ലാ ക്ലബുകളും എടുക്കുകയാണെങ്കിൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾ അടക്കമുള്ള ഇന്റർനാഷണൽ മാച്ചുകൾ സൂപ്പർതാരങ്ങളുടെ അസാന്നിധ്യത്തിലായിരിക്കും നടക്കുക.

facebooktwitterreddit