ഇത് വമ്പൻ തോൽവിയോടുള്ള പ്രതികരണം, ചെൽസി താരങ്ങളെ പ്രശംസിച്ച് തോമസ് ടുഷെൽ


പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോമിനെതിരായ മത്സരത്തിൽ കനത്ത തോൽവി വഴങ്ങിയ ചെൽസി ചാമ്പ്യൻസ് ലീഗിൽ അതിനുള്ള പ്രതികരണം നടത്തുമെന്നു തനിക്കറിയാമായിരുന്നു എന്ന് പരിശീലകൻ തോമസ് ടുഷെൽ. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ മേസൺ മൗണ്ട്, ചിൽവെൽ എന്നിവർ നേടിയ ഗോളുകളിൽ പോർച്ചുഗീസ് ക്ലബായ പോർട്ടോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് സെമി ഫൈനലിലേക്ക് ഒരു ചുവടു കൂടി അടുത്തതിനു ശേഷം സംസാരിക്കുകയായിരുന്നു ജർമൻ പരിശീലകൻ.
ടുഷെൽ ചെൽസി പരിശീലകനായതിനു ശേഷം നടന്ന കളികളിൽ ആദ്യത്തെ തോൽവിയാണ് അവർ കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വഴങ്ങിയത്. തിയാഗോ സിൽവ ചുവപ്പുകാർഡ് നേടി പുറത്തായ പോരാട്ടത്തിൽ ലീഗിലെ അവസാന സ്ഥാനക്കാരിലൊരാളായ വെസ്റ്റ് ബ്രോമിനോടേറ്റ 5-2ന്റെ തോൽവി ചെൽസിയുടെ ആത്മവിശ്വാസത്തെ തകർക്കുന്നതായിരുന്നുവെങ്കിലും ഇന്നലത്തെ മത്സരത്തോടെ അത് തിരിച്ചു പിടിക്കാൻ അവർക്കായിട്ടുണ്ട്.
? Thomas Tuchel was full of praise for his @ChelseaFC side after the blues bounced back to beat @FCPorto in the @ChampionsLeague https://t.co/Dk0hnMxZH8 #UCL #PORCHE
— beIN SPORTS (@beINSPORTS_AUS) April 8, 2021
"കരുത്തരായ പോർട്ടൊക്കെതിരെ നടന്ന കടുപ്പമേറിയ മത്സരമായിരുന്നു ഇത്. ഞങ്ങൾ ബുദ്ധിമുട്ടിയ നിരവധി അവസരങ്ങൾ മത്സരത്തിലുണ്ടായിരുന്നുവെന്ന് ഞാൻ അംഗീകരിക്കുന്നു. ഒരു ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ സാഹചര്യങ്ങൾ എപ്പോഴും ബുദ്ധിമുട്ടേറിയതായിരിക്കും. എന്നാൽ മികച്ച രീതിയിൽ കളിച്ച് നല്ലൊരു റിസൾട്ടുണ്ടാക്കാൻ ടീമിനായി."
"വെസ്റ്റ് ബ്രോമിനെതിരായ തോൽവിയോട് താരങ്ങൾ പ്രതികരിക്കുമെന്ന് എനിക്കറിയാമായിരുന്നു. അന്നത്തെ മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലും പിറ്റേ ദിവസവും അതു കണ്ടിരുന്നു. അത് വലിയ കാര്യമാക്കി എടുക്കാതെ പ്രതികരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. തിരിച്ചടികൾ ഫുട്ബോളിൽ സ്വാഭാവികമാണ്, അതിൽ നിന്നും തിരിച്ചു വരികയാണ് പ്രധാനം." ബിടി സ്പോർട്ടിനോട് ടുഷെൽ പറഞ്ഞു.
മത്സരത്തിൽ ഗോൾ നേടിയ മേസൺ മൗണ്ട് ചെൽസിക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി. ഇതിനു പുറമെ 2012 മാർച്ചിൽ നാപോളിക്കെതിരെ ലംപാർഡും ടെറിയും ഗോൾ നേടിയതിനു ശേഷം ആദ്യമായാണ് രണ്ട് ഇംഗ്ലീഷ് താരങ്ങൾ ചെൽസിക്ക് വേണ്ടി ഒരേ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോൾ കണ്ടെത്തുന്നത്.