Football in Malayalam

എവർട്ടനെതിരെയും ചെൽസിക്ക് ക്ലീൻഷീറ്റ്; അപൂർവ റെക്കോർഡ് സ്വന്തമാക്കി തോമസ് ടുഷൽ

Sreejith N
Chelsea v Everton - Premier League
Chelsea v Everton - Premier League / Pool/Getty Images
facebooktwitterreddit

സീസണിനിടെ ലംപാർഡിനെ പുറത്താക്കാനുള്ള ചെൽസിയുടെ തീരുമാനം ഗുണം ചെയ്‌തുവെന്നാണ് അവരുടെ ഇപ്പോഴത്തെ ഫോം തെളിയിക്കുന്നത്. പുതിയതായി സ്ഥാനമേറ്റെടുത്ത ജർമൻ പരിശീലകനായ ടുഷലിനു കീഴിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ബ്ലൂസ് ഇന്നലെ നടന്ന മത്സരത്തിൽ എവർട്ടനെയും വീഴ്ത്തിയിരുന്നു. ഇതോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനം താൽക്കാലികമായെങ്കിലും നിലനിർത്താൻ ചെൽസിക്ക് കഴിഞ്ഞു.

ഗോഡ്‌ഫ്രേയുടെ സെൽഫ് ഗോളിനു പുറമെ ജോർജിന്യോ നേടിയ പെനാൽറ്റി ഗോളിലുമാണ് ഇന്നലത്തെ മത്സരത്തിൽ ചെൽസി വിജയം നേടിയത്. ഇതോടെ ടുഷലിനു കീഴിൽ കളിച്ച പതിനൊന്നു മത്സരങ്ങളിലും പരാജയം അറിയാതെയാണ് ബ്ലൂസ് കുതിക്കുന്നത്. ഇന്നലത്തെ മത്സരത്തിൽ ഗോൾ വഴങ്ങാതെ ക്ളീൻഷീറ്റ് സ്വന്തമാക്കിയതോടെ പ്രീമിയർ ലീഗിൽ മറ്റൊരു റെക്കോർഡും ജർമൻ പരിശീലകന്റെ പേരിലായി.

ഇന്നലത്തെ മത്സരത്തിലെ ക്ളീൻഷീറ്റടക്കം ടുഷൽ പരിശീലകനായതിനു ശേഷമുള്ള അഞ്ചു ഹോം മത്സരങ്ങളിലും ചെൽസി ഗോൾ വഴങ്ങിയിട്ടില്ല. പ്രീമിയർ ലീഗിൽ ആദ്യമായാണ് ഒരു പരിശീലകൻ സ്ഥാനമേറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ അഞ്ചു ഹോം മത്സരങ്ങളിലും ടീമിന് ക്ളീൻ ഷീറ്റ് ലഭിക്കുന്നത്. 2015നു ശേഷം ആദ്യമായാണ് ചെൽസി തുടർച്ചയായ അഞ്ചു ഹോം മത്സരങ്ങളിൽ ക്ളീൻ ഷീറ്റ് നേടുന്നതെന്ന പ്രത്യേകതയുമുണ്ട്.

ചെൽസി പ്രതിരോധനിരക്കും ഗോൾകീപ്പർക്കും ഇന്നലത്തെ മത്സരം അത്ര കടുപ്പമേറിയതായിരുന്നില്ല. ഗോളിലേക്കുള്ള ഒരേയൊരു ഷോട്ട് മാത്രമാണ് കീപ്പറായ എഡ്വേർഡ് മെൻഡിക്ക് നേരിടേണ്ടി വന്നത്. ജർമൻ പരിശീലകൻ സ്ഥാനമേറ്റെടുത്തതിനു ശേഷം കളിച്ച പതിനൊന്നു മത്സരങ്ങളിൽ ആകെ രണ്ടു ഗോളുകൾ മാത്രമാണ് വഴങ്ങിയിരിക്കുന്നതെന്നത് ചെൽസിയുടെ പുരോഗതി വ്യക്തമാക്കുന്നു.

നിലവിൽ ഇരുപത്തിയെട്ടു മത്സരങ്ങൾ കളിച്ച് അമ്പതു പോയിന്റുമായാണ് ചെൽസി ലീഗിൽ നാലാമതു നിൽക്കുന്നത്. എന്നാൽ ഒരു മത്സരം കുറവു കളിച്ച് 48, 46, 45 പോയിന്റുമായി ചെൽസിക്ക് തൊട്ടു താഴെ നിൽക്കുന്ന വെസ്റ്റ്ഹാം, എവർട്ടൻ, ടോട്ടനം ടീമുകൾ ചെൽസിക്ക് വെല്ലുവിളിയുയർത്തുന്നുണ്ട്.

facebooktwitterreddit