Chelsea News

എവർട്ടണെതിരായ തോൽ‌വിയിൽ ലുക്കാക്കുവിനെ ഉപയോഗിക്കുക പോലും ചെയ്യാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ടുഷെൽ

Sreejith N
Tuchel Explains Why He Didn't Bring Lukaku Against Everton
Tuchel Explains Why He Didn't Bring Lukaku Against Everton / Chloe Knott - Danehouse/GettyImages
facebooktwitterreddit

എവെർട്ടണെതിരെ ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ബെൽജിയൻ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവിനെ കളത്തിലിറക്കാതിരിക്കാനുള്ള തീരുമാനത്തിനു പിന്നിലെ കാരണം വ്യക്തമാക്കി ചെൽസി പരിശീലകൻ തോമസ് ടുഷെൽ. ഇന്നലെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് എവർട്ടണോടു തോൽവി വഴങ്ങിയതോടെ പ്രീമിയർ ലീഗിൽ കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയം നേടാൻ ചെൽസിക്കായിട്ടില്ല.

മത്സരത്തിന്റെ ആദ്യപകുതിക്കു ശേഷം ജോർജിന്യോയെ പിൻവലിച്ച് കോവാസിച്ചിനെ ഇറക്കിയതിനു പിന്നാലെയാണ് എവർട്ടണു വേണ്ടി റിച്ചാർലിസൺ ഗോൾ കണ്ടെത്തുന്നത്. അതിനു ശേഷം ഗോൾ തിരിച്ചടിക്കാൻ ആസ്പ്ലികുയറ്റയെ പിൻവലിച്ച് പുലിസിച്ചിനെയും വെർണറെ പിൻവലിച്ച് സിയച്ചിനെയും ചെൽസി ഇറക്കിയെങ്കിലും ലുക്കാക്കുവിനെ പരീക്ഷിക്കാൻ ടുഷെൽ തയ്യാറായിരുന്നില്ല.

ലുക്കാക്കുവിനെ പകരക്കാരനായി പോലും ഇറക്കാതിരുന്നതിന്റെ കാരണത്തെപ്പറ്റി ചോദിച്ചപ്പോൾ ടുഷെലിന്റെ പ്രതികരണം ഇങ്ങിനെ ആയിരുന്നു. "കാരണം ഞങ്ങൾ ജോർജിന്യോയെ നേരത്തെ തന്നെ ഇറക്കിയിരുന്നു. മൂന്നു മാറ്റങ്ങൾ മാത്രമേ ഞങ്ങൾക്ക് വരുത്താൻ കഴിയൂ." മാധ്യമങ്ങളോട് ചെൽസി പരിശീലകൻ പറഞ്ഞു.

എന്നാൽ നിർണായകമായ ഒരു മത്സരത്തിൽ ഗോൾ ആവശ്യമുള്ളപ്പോൾ പ്രധാന സ്‌ട്രൈക്കറായ ലുക്കാക്കുവിനെ പരിഗണിക്കാതിരുന്ന ടുഷെലിന്റെ തീരുമാനം ബെൽജിയൻ താരം അടുത്ത സീസണിൽ ചെൽസിയിൽ തുടരാനുള്ള സാധ്യത കുറവാണെന്നു കൂടിയാണ് വ്യക്തമാക്കുന്നത്. ഇന്റർ മിലാനിൽ നിന്നും ചെൽസിയിലേക്ക് തിരിച്ചെത്തിയ ലുക്കാക്കുവിന് ജർമൻ പരിശീലകന്റെ ശൈലിയുമായി ഒത്തുപോകാനും കഴിഞ്ഞിട്ടില്ല.

ഡിസംബർ 29നു ശേഷം ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ പോലും ചെൽസിക്കു വേണ്ടി വലകുലുക്കാൻ ലുക്കാക്കുവിന് കഴിഞ്ഞിട്ടില്ല. ഏതാണ്ട് 110 മില്യൺ യൂറോയിലധികം നൽകി സ്വന്തമാക്കിയ താരത്തിന് ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞതോടെ ട്രാൻസ്‌ഫർ ലക്ഷ്യങ്ങളുമായി എസി മിലാൻ, ബാഴ്‌സലോണ എന്നിവർ രംഗത്തുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit