Football in Malayalam

കെപ്പയെ വെച്ചു ടുഷെൽ നടത്തിയ നീക്കത്തിൽ ചെൽസിക്ക് കിരീടം, തന്ത്രത്തിനു പിന്നിലെ കാരണം വിശദീകരിച്ച് ജർമൻ പരിശീലകൻ

Sreejith N
facebooktwitterreddit

പകരക്കാരനെ ഇറക്കിയപ്പോൾ കളിക്കളത്തിൽ നിന്നും കയറാൻ വിസമ്മതിച്ച്‌ ചെൽസിയിൽ വിവാദ കഥാപാത്രവും അതിനൊപ്പം പലപ്പോഴും മോശം പ്രകടനത്തിന്റെ പേരിൽ പരിഹാസ്യനുമായി മാറിയിട്ടുണ്ടെങ്കിലും ഇന്നലെ നടന്ന യുവേഫ സൂപ്പർകപ്പ് പോരാട്ടം സ്‌പാനിഷ്‌ ഗോൾകീപ്പർ കെപ്പ അരിസാബലാഗക്ക് തന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുന്നതായിരുന്നു. വിയ്യാറയലിനെതിരായ സൂപ്പർ കപ്പിൽ ചെൽസിക്ക് കിരീടം നേടിക്കൊടുത്തത് കേപ്പയുടെ രണ്ടു പെനാൽറ്റി സേവുകളാണ്.

ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിന്റെ 119ആം മിനുട്ടു വരെ എഡ്വേർഡ് മെൻഡിയാണ് ചെൽസിയുടെ വല കാത്തതെങ്കിലും പെനാൽറ്റി ഷൂട്ടൗട്ട് വരുമെന്ന് ഉറപ്പായപ്പോൾ കെപ്പയിൽ വിശ്വാസമർപ്പിക്കാൻ പരിശീലകനായ തോമസ് ടുഷെൽ തീരുമാനിക്കുകയായിരുന്നു. പരിശീലകന്റെ വിശ്വാസം കാത്ത സ്‌പാനിഷ്‌ കീപ്പർ രണ്ടു കിക്കുകൾ തടഞ്ഞിട്ട് ചെൽസിക്ക് ടുഷെൽ സ്ഥാനമേറ്റെടുത്തതിനു ശേഷമുള്ള രണ്ടാമത്തെ കിരീടം സ്വന്തമാക്കി നൽകുകയായിരുന്നു.

വിയ്യാറയലിനെതിരെ ഇരുപത്തിയേഴാം മിനുട്ടിൽ സിയച്ചിന്റെ ഗോളിൽ ചെൽസി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ജെറാർഡ് മൊറേനോ വിയ്യാറയലിനെ ഒപ്പമെത്തിച്ചു. തുടർന്ന് സമനിലപ്പൂട്ടു പൊളിക്കാൻ ഇരു ക്ലബുകൾക്കും കഴിയാതെ വന്നതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. അതേസമയം ഷൂട്ടൗട്ടിൽ കേപ്പയെ ഇറക്കാനുള്ള തീരുമാനം യാദൃശ്ചികം ആയിരുന്നില്ലെന്നാണ് ടുഷെൽ പറയുന്നത്.

പെനാൽറ്റി ഷൂട്ടൗട്ടിൽ കെപ്പക്ക് മുൻതൂക്കമുണ്ടെന്ന് ക്ലബിന്റെ തങ്ങളുടെ കയ്യിലുള്ള കണക്കുകളിൽ വ്യക്തമാണെന്നും അതുകൊണ്ടു തന്നെ നോക്ക്ഔട്ട് മത്സരങ്ങളിൽ ഇതുപോലെയുള്ള മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നും ഗോൾകീപ്പർമാരെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും ടുഷെൽ മത്സരത്തിനു ശേഷം പറഞ്ഞു. മെൻഡി അതിനു തയ്യാറായത് വലിയ കാര്യമാണെന്നും കളിക്കളത്തിൽ നിന്നും പിൻവലിക്കപ്പെടുന്നത് അഭിമാനത്തിനു സംഭവിക്കുന്ന മുറിവായി താരം കണക്കാക്കിയില്ലെന്നും ടുഷെൽ പറഞ്ഞു.

ടീം വിജയിച്ചതിൽ സന്തോഷമുണ്ടെന്നും ഞങ്ങൾ ചെൽസിയെ വിജയിപ്പിക്കാനാണ് കളിക്കുന്നത് എന്നുമാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മെൻഡി പറഞ്ഞത്. മത്സരത്തിലുടനീളം മെൻഡി മികച്ച പ്രകടനം നടത്തിയെന്നും വിജയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കെപ്പയും പറഞ്ഞു. എന്തായാലും സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ചെൽസിക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് ലോകറെക്കോർഡ് തുകക്ക് ടീമിലെത്തിയ കെപ്പയുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് ഉറപ്പാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit