ലുക്കാക്കുവിനെ ലിവർപൂളിനെതിരായ മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്നും ടുഷെൽ ഒഴിവാക്കിയേക്കും

West Ham United v Chelsea - Premier League
West Ham United v Chelsea - Premier League / Julian Finney/GettyImages
facebooktwitterreddit

ദിവസങ്ങൾക്കു മുൻപ് നൽകിയ അഭിമുഖത്തിൽ ചെൽസിയിൽ പരിശീലകൻ നടപ്പിലാക്കുന്ന സിസ്റ്റത്തിൽ തനിക്കു തൃപ്‌തിയില്ലെന്നു പറഞ്ഞ റൊമേലു ലുക്കാക്കുവിനെതിരെ തോമസ് ടുഷെൽ ശിക്ഷാ നടപടി എടുക്കാൻ സാധ്യത. പ്രമുഖ കായികമാധ്യമമായ ഗോളിന്റെ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂളും ചെൽസിയും തമ്മിൽ നടക്കുന്ന മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്നും ലുക്കാക്കു ഒഴിവാക്കപ്പെടാനാണ് സാധ്യത.

സ്കൈ സ്പോർട്സിനു നൽകിയ അഭിമുഖത്തിലാണ് റൊമേലു ലുക്കാക്കു ചെൽസിയിൽ പരിശീലകൻ നടപ്പിലാക്കുന്ന ശൈലിയിൽ തനിക്ക് തൃപ്‌തിയില്ലെന്നു വ്യക്തമാക്കിയത്. അതിനു പുറമെ ഇന്ററിനോട് തനിക്കുള്ള ആഭിമുഖ്യവും ബെൽജിയൻ താരം വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകൾ തീർത്തും അനാവശ്യമായ ഒന്നായിരുന്നുവെന്നാണ് ടുഷെൽ അതിനോട് പ്രതികരിച്ചത്.

താരം നൽകിയ അഭിമുഖം ചെൽസിയുടെ അറിവോടെയല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്കൈ സ്പോർട്സ് ജേർണലിസ്റ്റും താരവും തമ്മിൽ നേരിട്ട് സംസാരിച്ചാണ് അഭിമുഖത്തിനുള്ള ഏർപ്പാടുകൾ ചെയ്‌തത്‌. ഇതേത്തുടർന്നാണ് ലുക്കാക്കുവിനെതിരെ അച്ചടക്ക നടപടി എടുക്കാൻ ചെൽസി ഒരുങ്ങുന്നത്. അതേസമയം മത്സരം വളരെ നിർണായകമായ ഒന്നായതിനാൽ ടുഷെൽ മറിച്ചു ചിന്തിക്കാനും സാധ്യതയുണ്ട്.

ഏതാണ്ട് മൂന്ന് ആഴ്ചകൾക്കു മുൻപ് ചെൽസിയുടെ ഫോമിന് മങ്ങലേറ്റ സമയത്താണ് ലുക്കാക്കു അഭിമുഖം നൽകിയതെങ്കിലും താരം പരിക്കിൽ നിന്നും മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചെത്തി കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു ഗോൾ നേടിയതിനു ശേഷമാണ് അതു റിലീസ് ചെയ്യപ്പെട്ടത്. അതിന്റെ പേരിൽ ചെൽസി ആരാധകരും ലുക്കാക്കുവിനെതിരെ കടുത്ത വിമർശനം നടത്തുന്നുണ്ട്.

ലുക്കാക്കുവിനെ പുറത്തിരുത്തിയാൽ ഏരിയൽ ബോൾസിൽ കൂടുതൽ മികവു കാണിക്കാൻ കഴിയുന്ന കയ് ഹാവെർട്സിനെ പകരക്കാരനായി ടുഷെൽ പരിഗണിക്കാനാണ് സാധ്യത. ജർമൻ താരം കോവിഡ് ബാധിച്ച് പുറത്തിരുന്നത് കണക്കാക്കുമ്പോൾ ഒരുപക്ഷെ ടിമോ വെർണർക്കും അവസരം ലഭിച്ചേക്കാനുള്ള സാധ്യതയുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.