Football in Malayalam

വോൾവ്‌സിനെതിരെ സമനില വഴങ്ങിയതിനു ശേഷം പ്രീമിയർ ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ടുഷെൽ

Sreejith N
Chelsea FC v Juventus: Group H - UEFA Champions League
Chelsea FC v Juventus: Group H - UEFA Champions League / Robin Jones/GettyImages
facebooktwitterreddit

വോൾവ്‌സിനെതിരെ നടന്ന മത്സരത്തിനു മുൻപ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ചെൽസി പരിശീലകൻ തോമസ് ടുഷെൽ. ഇന്നലെ രാവിലെ നടത്തിയ കോവിഡ് പരിശോധനയിൽ ചെൽസി ക്യാംപിലെ മൂന്നു പേർക്ക് കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് മത്സരം മാറ്റി വെക്കാൻ ക്ലബ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രീമിയർ ലീഗ് നേതൃത്വം അതു തള്ളിക്കളഞ്ഞിരുന്നു.

"കളിക്കാരുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ചുള്ള വലിയൊരു കാരണം തന്നെ അതിലുണ്ടായിരുന്നു, ഏഴു പോസിറ്റിവ് കേസുകളാണ് ടീമിലുള്ളത്, ബസിൽ മൂന്നു മണിക്കൂറോളം ഞങ്ങൾക്ക് യാത്ര ചെയ്യണം, മീറ്റിങ്ങിൽ ഒരുമിച്ചു നിൽക്കണം, ഡിന്നർ, ലഞ്ച് എന്നിവയെല്ലാം ഒരുമിച്ചായിരിക്കും. അതുകൊണ്ടു തന്നെ ഈ സാഹചര്യം ഇവിടെ അവസാനിക്കുമെന്നും തോന്നിയില്ല."

"ഞങ്ങളീ സാഹചര്യത്തെ നിയന്ത്രണത്തിൽ വരുത്തുന്നതിനു വേണ്ടിയാണ് കളി മാറ്റിവെക്കാൻ വേണ്ടി അഭ്യർത്ഥിച്ചത്, എന്നാൽ അതു തള്ളിക്കളയപ്പെട്ടു. അത് മനസിലാക്കാൻ വളരെ പ്രയാസമാണ്, കളിക്കാരുടെ ആരോഗ്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. പരിക്കിൽ നിന്നും ഭേദമായി തിരിച്ചെത്തിയ താരങ്ങളെ വെച്ച് ഞങ്ങൾ സാഹസത്തിനു മുതിരേണ്ടി വന്നു." മത്സരത്തിനു മുൻപ് ബിബിസിയോട് ടുഷെൽ പറഞ്ഞു.

മത്സരത്തിൽ സമനില വഴങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും വിമർശനത്തിന്റെ ഭാഷയിൽ തന്നെയാണ് ടുഷെൽ സംസാരിച്ചത്. ക്ലബ്ബിന്റെയും കളിക്കാരുടെയും സുരക്ഷക്കാണ് തങ്ങൾ പ്രാധാന്യം നൽകിയതെന്നും അതിനെപ്പറ്റി എല്ലായിപ്പോഴും സംസാരിക്കുന്നവർ അതു പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രീമിയർ ലീഗിന്റെ നിലപാടിൽ കടുത്ത പ്രതിഷേധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയതോടെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ആറു പോയിന്റ് പിന്നിലേക്ക് ചെൽസി വീണിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് പതിനെട്ടു മത്സരങ്ങളിൽ നിന്നും നാല്പത്തിനാല് പോയിന്റുള്ളപ്പോൾ മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് 38 പോയിന്റാണുള്ളത്. 41 പോയിന്റുള്ള ലിവർപൂൾ ആണു രണ്ടാം സ്ഥാനത്ത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit