Football in Malayalam

സിമിയോണി പ്രീമിയർ ലീഗ് ക്ലബിന്റെ പരിശീലകനായി വരാൻ താൽപര്യമുണ്ടെന്ന് ന്യൂകാസിൽ താരം ട്രിപ്പിയർ

Sreejith N
Atletico Madrid v Getafe - La Liga Santander
Atletico Madrid v Getafe - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കാണാൻ തനിക്കു താൽപര്യമുണ്ടെന്ന് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും ന്യൂകാസിൽ യുണൈറ്റഡിലേക്ക് ചേക്കേറിയ ഇംഗ്ലണ്ട് റൈറ്റ് ബാക്കായ കീറൻ ട്രിപ്പിയർ. അത്ലറ്റികോ മാഡ്രിഡിനു തന്നെ വിൽക്കാൻ താൽപര്യമില്ലാഞ്ഞിട്ടും പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരാനുണ്ടായ കാരണത്തെപ്പറ്റിയും താരം അത്‍ലറ്റിക്കിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"ഞാൻ ഡീഗോ സിമിയോണിയുമായും അത്ലറ്റികോ മാഡ്രിഡ് പ്രസിഡന്റുമായും നിരവധി സംഭാഷണങ്ങൾ പിന്നണിയിൽ നടത്തിയിരുന്നു. ഞാൻ പോകുന്നതിൽ ഒരു താൽപര്യവും ഇല്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ കുടുംബവുമായി ബന്ധപ്പെട്ട ചില കാരണങ്ങൾ ഉള്ളതിനാൽ എനിക്കു തിരിച്ചുവരേണ്ടത് ആവശ്യമായിരുന്നു."

"എനിക്ക് ഇംഗ്ലണ്ടിന്റെ വടക്കു ഭാഗത്തേക്കാണ് വരേണ്ടിയിരുന്നത്. അവിടെ നിന്നും ന്യൂകാസിൽ യുണൈറ്റഡിനു മാത്രമാണ് എന്നിൽ താൽപര്യം ഉണ്ടായിരുന്നത്. എഡ്ഡീ ഹോവേക്കൊപ്പം ബേൺലിയിൽ മുൻപ് ജോലി ചെയ്‌തിരുന്നതിനാൽ അദ്ദേഹവുമായി ടീമിന്റെ പ്രോജെക്റ്റിനെ സംബന്ധിച്ചും ഇനിയുള്ള മുന്നോട്ടുപോക്കിനെ കുറിച്ചും ഞാൻ സംസാരിക്കുകയും ചെയ്‌തു." ട്രിപ്പിയർ വ്യക്തമാക്കി.

"സിമിയോണി പ്രീമിയർ ലീഗിൽ ജോലി ചെയ്‌തു കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു വർഷം മുൻപു തന്നെ സിമിയോണി ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചുവെന്ന് എനിക്കറിയാം, അദ്ദേഹത്തിന്റെ പങ്കാളി ഇംഗ്ലീഷ് സംസാരിക്കുകയും ചെയ്യും. ഡ്രസിങ് റൂമിൽ അദ്ദേഹം വൈകാരികതയോടെയാണ് സംസാരിക്കുക. ഭാഷ ഒഴുക്കുള്ളതല്ലെങ്കിൽ അതദ്ദേഹത്തിനു ലഭിക്കില്ല, എങ്കിലും അദ്ദേഹം പ്രീമിയർ ലീഗിൽ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." ട്രിപ്പിയർ പറഞ്ഞു.

ഈ സീസണിൽ അത്ലറ്റികോ മോശം ഫോമിലാണെന്നിരിക്കെ സിമിയോണി ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അങ്ങിനെ സംഭവിച്ചാൽ ന്യൂകാസിൽ യുണൈറ്റഡ് അർജന്റീന പരിശീലകനു വേണ്ടി ശ്രമം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത്ലറ്റികോ മാഡ്രിഡിനെ യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാക്കി മാറ്റിയതിന്റെ മുഴുവൻ ക്രെഡിറ്റും അർഹിക്കുന്ന അദ്ദേഹത്തിനു ന്യൂകാസിലിനെയും പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്നുറപ്പാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit