Newcastle United News

പ്രീമിയർ ലീഗിലെ വമ്പൻമാർക്കൊപ്പം ന്യൂകാസിൽ യുണൈറ്റഡുമെത്താൻ അഞ്ചു വർഷമെടുക്കുമെന്ന് കീറൻ ട്രിപ്പിയർ

Sreejith N
Trippier Admits It Could Take Five Years For Newcastle To Catch Premier League Giants
Trippier Admits It Could Take Five Years For Newcastle To Catch Premier League Giants / Visionhaus/GettyImages
facebooktwitterreddit

ലോകഫുട്ബോളിലെ തന്നെ ഏറ്റവും സമ്പന്നരായ ഉടമകളുള്ള ക്ലബാണെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ ടീമുകളുടെ ഒപ്പമെത്താൻ ന്യൂകാസിൽ യുണൈറ്റഡിന് അഞ്ചാറു വർഷം വേണ്ടി വരുമെന്ന് ടീമിന്റെ ഫുൾബാക്കായ കീറൻ ട്രിപ്പിയർ. കൃത്യമായ ചുവടുകൾ വെച്ചാണ് ന്യൂകാസിൽ യുണൈറ്റഡ് മുന്നോട്ടു പോകുന്നതെന്നും ആരാധകർക്ക് ക്ഷമ വേണമെന്നും ട്രിപ്പിയർ പറഞ്ഞു.

2008ൽ മാഞ്ചസ്റ്റർ സിറ്റിയെ അബുദാബി റോയൽ ഫാമിലി സ്വന്തമാക്കി മൂന്നു വർഷത്തിനകം തന്നെ അവർ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. സമാനമായൊരു നേട്ടം ന്യൂകാസിൽ യുണൈറ്റഡിനും ആവർത്തിക്കാൻ കഴിയുമോയെന്ന് സൗദി നേതൃത്വം ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതു മുതൽ ചർച്ചകൾ ഉയരുന്നുണ്ട്. ഇതിനു മറുപടി പറയുകയായിരുന്നു ട്രിപ്പിയർ.

"ഇല്ല, തീർച്ചയായും ഇല്ല. മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥാവകാശം മാറുന്ന സമയത്ത് ഞാൻ ക്ലബിനൊപ്പം ഉണ്ടായിരുന്നു. കൂടുതൽ കളിസമയം കിട്ടുന്നതിനു വേണ്ടി എനിക്ക് ടീം വിടേണ്ടിയും വന്നു. മാഞ്ചസ്റ്റർ സിറ്റി അതെങ്ങിനെ ചെയ്‌തുവെന്ന്‌ കണ്ടതിനു ശേഷം എല്ലാവരും ന്യൂകാസിലിനെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്."

"ഞാൻ ഇവിടെ വന്നപ്പോൾ പറഞ്ഞതു പോലെ അതൊരു രാത്രി കൊണ്ട് ഉണ്ടാകാൻ പോകുന്നില്ല. അതിനു അഞ്ചോ ആറോ വർഷം എടുത്തേക്കാം. അവർ ശരിയായ ചുവടുകളാണ് വെക്കുന്നത്, എല്ലാവരും ക്ഷമയോടെ തുടരണം. ക്ലബ്ബിനെ മുന്നോട്ടു കൊണ്ടുവരാൻ കഴിയുന്ന ശരിയായ ചുവടുവെപ്പാണ് ന്യൂകാസിൽ യുണൈറ്റഡിന്റേത്." ക്രോണിക്കിൾ ലൈവിനോട് ട്രിപ്പിയർ പറഞ്ഞു.

ഈ സീസണിൽ ഒരു ഘട്ടത്തിൽ തരം താഴ്ത്തൽ മേഖലയിൽ കിടന്നിരുന്ന ന്യൂകാസിൽ ഇപ്പോൾ നില ഭദ്രമാക്കിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഇനി രണ്ടു മത്സരം കൂടി ബാക്കി നിൽക്കെ പതിനാലാം സ്ഥാനത്താണ് ടീമുള്ളത്. ഇനി വരുന്ന സീസണിൽ യൂറോപ്യൻ ടൂർണമെന്റിന് യോഗ്യത നേടാനുള്ള ശ്രമങ്ങളാവും ന്യൂകാസിൽ നടത്തുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit