റൊണാൾഡോ വായടച്ചു വെച്ച് ടീമിന്റെ കളിയിൽ ശ്രദ്ധിക്കണമെന്ന് മുൻ ഇംഗ്ലണ്ട് താരം സിൻക്ലയർ
By Sreejith N

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ ട്രാൻസ്‌ഫർ ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നെങ്കിലും ഈ സീസൺ പകുതിയിലധികം പിന്നിട്ടിരിക്കെ താരം ടീമിലുണ്ടാക്കിയ പ്രഭാവത്തിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഗോളുകൾ നേടുന്നുണ്ടെങ്കിലും കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ഏഴാമതായതോടെയാണ് റൊണാൾഡോയുടെ വരവ് ടീമിനെ പ്രതികൂലമായി ബാധിച്ചുവെന്ന വിമർശനം പലരും ഉയർത്തുന്നത്.
ഒരു ടീം പ്ലേയർ എന്ന നിലയിലുള്ള പ്രകടനം നടത്താൻ റൊണാൾഡോ പരാജയപ്പെടുന്നതും കളിക്കളത്തിലും ഒപ്പം കളിക്കുന്ന താരങ്ങളോടുമുള്ള താരത്തിന്റെ മനോഭാവവും പല ഭാഗത്തു നിന്നും വിമർശിക്കപ്പെടുമ്പോൾ അതിന്റെ ആവർത്തനമാണ് മുൻ ഇംഗ്ലണ്ട് താരമായ ട്രെവർ സിൻക്ലെയർ നടത്തിയത്. റൊണാൾഡോ തന്റെ വായടച്ചു വെച്ച് കളിക്കളത്തിലെ തന്റെ പ്രകടനത്തെ കൂടുതൽ ശ്രദ്ധിക്കണം എന്നാണു അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
"റൊണാൾഡോയെ സ്വന്തമാക്കാതിരുന്നതിലൂടെ മാഞ്ചസ്റ്റർ സിറ്റി ഒരു വെടിയുണ്ടയിൽ നിന്നും ഒഴിഞ്ഞു മാറിയെന്നാണ് ഞാൻ കരുതുന്നത്, ഞാൻ ശരിക്കും അതു തന്നെയാണ് ചിന്തിക്കുന്നത്. ചില താരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫോം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത് നോക്കുക. സാഞ്ചോ, റാഷ്‌ഫോഡ് എന്നിവരെല്ലാം മികച്ച പ്രകടനം നടത്താൻ ബുദ്ധിമുട്ടുന്നു." ടോക്സ്പോർട്ടിനോട് സിൻക്ലയർ പറഞ്ഞത് മാർക്ക റിപ്പോർട്ടു ചെയ്‌തു.
"തീർച്ചയായും നിങ്ങൾക്ക് റൊണാൾഡോയെ കുറ്റപ്പെടുത്താൻ കഴിയും. നിങ്ങൾ നിങ്ങളുടെ കടമ മനസിലാക്കുക, നിങ്ങളൊരു ഫുട്ബോളറാണ്, ഒരു ഫുട്ബോൾ ക്ലബ് നിങ്ങളെ വാങ്ങിയിരിക്കുകയാണ്. പല സമയങ്ങളിലും വായടക്കുക എന്നതാണ് ചെയ്യാൻ ഏറ്റവും നല്ല കാര്യം. റൊണാൾഡോ ക്ലബിൽ വളരെയധികം പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്."
"താരം അടുത്ത കാലത്തായി അധികം ഗോളുകൾ നേടാത്തതു മാത്രമല്ല പ്രശ്‌നം. സോൾഷെയർ പോയി മൈക്കൽ കാരിക്ക് പരിശീലകനായി വന്നപ്പോൾ ഒരു മത്സരത്തിൽ താരത്തെ പുറത്തിരുത്തിയതു മുതൽ പല തരത്തിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയിട്ടുണ്ട്." സിൻക്ലെയർ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.