Football in Malayalam

ലിവർപൂൾ കഴിഞ്ഞാൽ തന്റെ ഏറ്റവും പ്രിയപ്പെട്ട ടീം ബാഴ്‌സലോണയാണെന്ന് ട്രെന്റ് അലക്‌സാണ്ടർ അർനോൾഡ്

Sreejith N
Trent Alexander Arnold Reveals Barcelona Are His Favorite Club
Trent Alexander Arnold Reveals Barcelona Are His Favorite Club / Chris Brunskill/Fantasista/GettyImages
facebooktwitterreddit

2017ൽ ലിവർപൂൾ അക്കാദമിയിൽ നിന്നും സീനിയർ ടീമിൽ ഇടം നേടിയ ട്രെന്റ് അലക്‌സാണ്ടർ അർനോൾഡ് ഇന്ന് സീനിയർ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒന്നാണ്. റൈറ്റ് ബാക്കായി കളിക്കുന്ന താരം നടത്തുന്ന മുന്നേറ്റങ്ങളാണ് ലിവർപൂളിന്റെ ആക്രമണനിരക്ക് കൂടുതൽ കരുത്തു നൽകുന്നത്. അതിനൊപ്പം ഫ്രീ കിക്കുകളിൽ നിന്നും ഗോൾ കണ്ടെത്താനും താരത്തിന് കഴിവുണ്ട്.

അക്കാദമിയിൽ നിന്നും ഉയർന്നു വന്ന താരമായതു കൊണ്ടു തന്നെ ലിവർപൂളാണ് ട്രെന്റ് അലക്‌സാണ്ടർ അർണോൾഡിന്റെ പ്രിയപ്പെട്ട ക്ലബും. എന്നാൽ ലിവർപൂൾ കഴിഞ്ഞാൽ സ്‌പാനിഷ്‌ ക്ലബായ ബാഴ്‌സലോണയോട് തനിക്കുള്ള ഇഷ്‌ടം കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് താരം വെളിപ്പെടുത്തുകയുണ്ടായി. ബ്രിട്ടീഷ് ജിക്യൂവിൽ അലസ്റ്റയർ കാംപെല്ലിനോട് സംസാരിക്കുമ്പോഴായിരുന്നു ട്രെന്റിന്റെ പ്രതികരണം.

"എന്റെ പ്രിയപ്പെട്ട മറ്റൊരു ക്ലബ് ബാഴ്‌സലോണയാണെന്ന് ഞാൻ പറയും. ലിവർപൂളിന്റെതിനു സമാനമായ മൂല്യങ്ങളും വിശ്വാസങ്ങളുമാണ് അവർക്കുള്ളതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അവർ അക്കാദമി വഴിയാണ് താരങ്ങളെ ടീമിലെത്തിക്കുക. ഞാൻ വളർന്നത് മെസിയെയും സാവി, ഇനിയേസ്റ്റ, എറ്റൂ തുടങ്ങിയ താരങ്ങളുള്ള സ്‌പെഷ്യൽ ബാഴ്‌സലോണ ടീമിനെയും കണ്ടാണ്." ട്രെന്റ് പറഞ്ഞു.

നിലവിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തു ലിവർപൂൾ നിൽക്കുന്നുണ്ടെങ്കിലും ലീഗ് കിരീടം തങ്ങളുടെ കയ്യിലല്ലെന്നാണ് അർനോൾഡ് പറയുന്നത്. അതേസമയം മറ്റു മത്സരങ്ങളിൽ തങ്ങളുടെ ദിവസം നല്ലതാണെങ്കിൽ വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit