Football in Malayalam

ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്യുന്നതിനു മുൻപ് റൊണാൾഡോ അയച്ച സന്ദേശം വെളിപ്പെടുത്തി ട്രാൻസ്‌ഫർമാർക്കറ്റ് കോർഡിനേറ്റർ

Sreejith N
Manchester United v West Ham United - Premier League
Manchester United v West Ham United - Premier League / Visionhaus/GettyImages
facebooktwitterreddit

താരങ്ങളുടെ ട്രാൻസ്‌ഫർമൂല്യം സംബന്ധിച്ച വിവരങ്ങളും മറ്റു കണക്കുകളും നൽകുന്ന പ്രമുഖ വെബ്‌സൈറ്റായ ട്രാൻസ്‌ഫർ മാർക്കറ്റിനെ ക്രിസ്റ്റ്യാനോ റൊണാൾഡോ ബ്ലോക്ക് ചെയ്‌തത് ഏറെ ചർച്ചാവിഷയമായ കാര്യമായിരുന്നു. ജോർജ് മെൻഡസ് ഏജന്റായ താരങ്ങളുടെ ഇലവൻ പ്രസിദ്ധീകരിച്ചപ്പോൾ തന്റെ മൂല്യം 75 മില്യൺ മാത്രമായി കാണിച്ചതിന്റെ പേരിലാണ് യുവന്റസിൽ കളിച്ചു കൊണ്ടിരുന്ന സമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ ട്രാൻസ്‌ഫർ മാർക്കറ്റിനെ ബ്ലോക്ക് ചെയ്‌തത്‌.

ഇൻസ്റ്റാഗ്രാം പേജിൽ വന്ന ഒരു കമന്റിനു മറുപടിയായി ട്രാൻസ്‌ഫർ മാർക്കറ്റ് തന്നെയാണ് റൊണാൾഡോ തങ്ങളെ ബ്ലോക്ക് ചെയ്‌ത വിവരം പുറത്തുവിട്ടത്. അതിനാൽ പേജിലെ പോസ്റ്റുകളിൽ റൊണാൾഡോയെ ടാഗ് ചെയ്യാൻ കഴിയുന്നില്ലെന്നും അവർ അറിയിച്ചിരുന്നു. ഇതുവരെ തന്റെ ബ്ലോക്ക് റൊണാൾഡോ പിൻവലിച്ചിട്ടുമില്ല.

അന്നു നടന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കയാണ് ട്രാൻസ്‌ഫർ മാർക്കറ്റ് കോർഡിനേറ്ററായ ക്രിസ്റ്റ്യൻ സ്വാർട്സ്. ദി അത്ലറ്റിക്കിനു നൽകിയ അഭിമുഖത്തിൽ ബ്ലോക്ക് ചെയ്യുന്നതിനു മുൻപ് റൊണാൾഡോ തങ്ങളുടെ വെബ് ടീമിന് സന്ദേശം അയച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

"റൊണാൾഡോ ഞങ്ങളുടെ സോഷ്യൽ മീഡിയ ടീമിന് ആദ്യം സന്ദേശം അയച്ചിരുന്നു. അവർ താരത്തോട് മറുപടി പറഞ്ഞു. എന്തു കൊണ്ടാണിങ്ങനെ സംഭവിച്ചതെന്നു വിശദീകരിച്ചു. താരത്തിന്റെ അതെ പ്രായത്തിലുള്ളവരെ പരിഗണിക്കുമ്പോൾ റൊണാൾഡോ നമ്പർ വൺ ആണെന്നും പറഞ്ഞു."

"റൊണാൾഡോയും ലിസ്റ്റിൽ ഉണ്ടായിരുന്ന അടുത്ത താരവും തമ്മിൽ മുപ്പതു മുപ്പത്തിയഞ്ചു മില്യൺ പൗണ്ടിന്റെ വ്യത്യാസം ഉണ്ടായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. അതിനു ശേഷം താരം ഏതാനും സ്മൈലീ അയച്ചതിനു ശേഷം ഞങ്ങളെ ബ്ലോക്ക് ചെയ്‌തു പോവുകയായിരുന്നു." ക്രിസ്റ്റ്യൻ സ്വാർട്സ് വ്യക്തമാക്കി.

ട്രാൻസ്‌ഫർമാർക്കറ്റ് അന്നു പ്രസിദ്ധീകരിച്ച ലിസ്റ്റിൽ 75 മില്യൺ യൂറോ മൂല്യം കൽപ്പിച്ച റൊണാൾഡോക്ക് മുന്നിൽ 100 മില്യൺ യൂറോ മൂല്യം നൽകിയ ബെർണാഡോ സിൽവ മാത്രമാണ് ഉണ്ടായിരുന്നത്. അതിനു ശേഷം ഒരു വർഷത്തിലധികം പിന്നിട്ടപ്പോൾ 19 മില്യൺ പൗണ്ടിന്റെ ട്രാൻസ്‌ഫറിൽ താരം യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുകയും ചെയ്‌തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit