Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: യുവന്റസ് വിടുമെന്നു പ്രഖ്യാപിച്ച് ബുഫൺ, രണ്ടു താരങ്ങൾക്ക് ഓഫറുകൾ ക്ഷണിച്ച് ബാഴ്‌സലോണ

Sreejith N
Juventus v Parma - Italian Serie A
Juventus v Parma - Italian Serie A / Soccrates Images/Getty Images
facebooktwitterreddit

1. ഈ സീസണു ശേഷം യുവന്റസ് വിടുമെന്ന് ബുഫൺ

Gianluigi Buffon
Juventus v Napoli - Serie A / Jonathan Moscrop/Getty Images

ഈ സീസണു ശേഷം യുവന്റസ് വിടുമെന്ന് പ്രഖ്യാപിച്ച് ഇറ്റലിയുടെ ഇതിഹാസതാരം ജിയാൻലൂയിജി ബുഫൺ. ബീയിൻ സ്പോർട്ടിനോട് സംസാരിക്കുമ്പോഴാണ് നാല്പത്തിമൂന്നുകാരനായ താരം ഇറ്റാലിയൻ ക്ലബുമായി കരാർ പുതുക്കുന്നില്ലെന്നു വ്യക്തമാക്കിയത്. യുവന്റസിനൊപ്പം വളരെക്കാലമായി തുടരുന്ന ബുഫൺ 2018-19 സീസണിൽ പിഎസ്‌ജിയിൽ കളിച്ചിരുന്നു. കോപ്പ ഇറ്റാലിയ ഫൈനലായിരിക്കും യുവന്റസിനൊപ്പം താരത്തിന്റെ അവസാന മത്സരം.

2. ബ്രൈത്ത്വൈറ്റ്, കുട്ടീന്യോ എന്നിവർക്കു വേണ്ടി ഓഫറുകൾ ക്ഷണിച്ച് ബാഴ്‌സലോണ

FBL-ESP-LIGA-BARCELONA-LEVANTE
FBL-ESP-LIGA-BARCELONA-LEVANTE / LLUIS GENE/Getty Images

ഡാനിഷ് സ്‌ട്രൈക്കർ മാർട്ടിൻ ബ്രൈത്ത്വൈറ്റ്, ബ്രസീലിയൻ മിഡ്‌ഫീൽഡർ ഫിലിപ്പെ കുട്ടീന്യോ എന്നിവർക്കു വേണ്ടി ബാഴ്‌സലോണ ഓഫറുകൾ സ്വീകരിക്കാൻ ആരംഭിച്ചതായി സ്‌പാനിഷ്‌ മാധ്യമം സ്‌പോർട് വെളിപ്പെടുത്തി. അടുത്ത സീസണിൽ ടീമിനെ ശക്തിപ്പെടുത്താൻ പുതിയ താരങ്ങളെ സ്വന്തമാക്കാനാണ് ബാഴ്‌സലോണ ഈ താരങ്ങളെ ഒഴിവാക്കുന്നത്.

3. സാഞ്ചോയെ യൂറോ കപ്പിനു മുൻപ് വേണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

Jadon Sancho
Borussia Dortmund v RB Leipzig - Bundesliga / Pool/Getty Images

ഈ സമ്മറിൽ നടക്കാനിരിക്കുന്ന യൂറോ കപ്പിനു മുന്നോടിയായി സാഞ്ചോ ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കങ്ങൾ നടത്തുന്നു. 78 മില്യൺ പൗണ്ടാണ് ഇംഗ്ലീഷ് താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകാനൊരുങ്ങുന്നതെന്നും ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ടു ചെയ്‌തു. കഴിഞ്ഞ സമ്മറിൽ തന്നെ സാഞ്ചോക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തിയിരുന്നു.

4. സെർജി ഓറിയറെ ലക്ഷ്യമിട്ട് എസി മിലാൻ

Serge Aurier
Tottenham Hotspur v Sheffield United - Premier League / James Williamson - AMA/Getty Images

കാൽസിയോ മെർകാറ്റോയുടെ റിപ്പോർട്ടുകൾ പ്രകാരം ടോട്ടനം ഹോട്സ്‌പർ റൈറ്റ് ബാക്കായ സെർജി ഓറിയറെ സ്വന്തമാക്കാൻ എസി മിലാൻ ശ്രമം നടത്തുന്നു. ഇരുപത്തിയെട്ടുകാരനായ താരത്തിന്റെ കരാർ അടുത്ത സീസണോടെ അവസാനിക്കുന്നതിനാൽ മിലൻറെ ഓഫർ ടോട്ടനം പരിഗണിച്ചേക്കും. ഈ സീസണിൽ 19 പ്രീമിയർ ലീഗ് മത്സരങ്ങളിലാണ് ഓറിയർ കളിച്ചിരിക്കുന്നത്.

5. പ്രതിഫലം ഇരട്ടിയാക്കാൻ ബയേണിനോട് ആവശ്യപ്പെട്ട് കോമാൻ

Kingsley Coman
FC Bayern Muenchen v Borussia Moenchengladbach - Bundesliga / Pool/Getty Images

ഫ്രഞ്ച് മുന്നേറ്റനിര താരമായ കിങ്‌സ്‌ലി കോമാൻ തന്റെ പ്രതിഫലം ഇരട്ടിയാക്കാൻ ബയേൺ മ്യൂണിക്കിനോട് ആവശ്യപ്പെട്ടുവെന്ന് എഫ്‌ടി റിപ്പോർട്ടു ചെയ്യുന്നു. ഒരു വർഷം 17 മില്യൺ യൂറോ ബയേണിനോട് ആവശ്യപ്പെടുന്ന താരം പന്ത്രണ്ടു മില്യൺ നൽകാമെന്ന ഓഫർ നിരസിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 24കാരനായ താരം ബയേണുമായി കരാർ പുതുക്കാൻ തന്നെയാണ് സാധ്യത.

6. പ്യാനിച്ച് യുവന്റസിലേക്ക് തന്നെ തിരിച്ചെത്തിയേക്കും

Miralem Pjanic
FC Barcelona v Elche CF - La Liga Santander / Quality Sport Images/Getty Images

ബാഴ്‌സലോണ മധ്യനിര താരമായ മിറാലം പ്യാനിച്ച് ഈ സീസണു ശേഷം യുവന്റസിലേക്ക് തന്നെ തിരിച്ചു പോയേക്കുമെന്ന് കാറ്റാലൻ മാധ്യമമായ സ്‌പോർട് റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ സമ്മറിൽ നടന്ന ആർതർ-പ്യാനിച്ച് കൈമാറ്റക്കരാർ കൊണ്ട് ഇരുടീമുകൾക്കും നേട്ടമൊന്നും ഉണ്ടായിട്ടില്ല. അതേസമയം ഈ സമ്മറിൽ പ്യാനിച്ചിനു പകരം റോഡ്രിഗോ ബെന്റംഗുർ ബാഴ്‌സയിലെത്തിയേക്കും.

7. ബേലിന് റയൽ മാഡ്രിഡിൽ ഭാവിയില്ലെന്ന് ഏജന്റ്

Gareth Bale
Leeds United v Tottenham Hotspur - Premier League / Pool/Getty Images

ടോട്ടനം ഹോട്സ്പറിൽ ലോണിൽ കളിക്കുന്ന ഗാരെത് ബേൽ റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്തിയാലും ക്ലബിൽ അവസരങ്ങൾ ലഭിക്കാൻ സാധ്യതയില്ലെന്ന് താരത്തിന്റെ ഏജന്റായ ജോനാഥൻ ബാർനറ്റ് പറഞ്ഞു. ടോട്ടനത്തിലെത്തിയതിനു ശേഷവും മികവ് കാണിക്കാൻ കഴിയാതിരുന്ന താരം ഇപ്പോൾ ഫോം തിരിച്ചു കിട്ടിയതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ സ്‌പർസിൽ തന്നെ വെയിൽസ്‌ താരം തുടർന്നേക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit