ട്രാൻസ്ഫർ റൗണ്ടപ്പ്: ലോകടെല്ലിക്കു താൽപര്യം യുവന്റസിലേക്ക് ചേക്കേറാൻ, ചെൽസി ടാമി അബ്രഹാമിന്റെ വില കുറക്കുന്നു


1. ലോകടെല്ലിക്ക് യുവന്റസിലേക്ക് ചേക്കേറാനാണ് താൽപര്യമെന്ന് സാസുവോളോ സിഇഒ
യൂറോ കപ്പിൽ ഇറ്റലിക്ക് വേണ്ടി തിളങ്ങിയതോടെ ശ്രദ്ധാകേന്ദ്രമായി മാറിയ മാനുവൽ ലോകടെല്ലിക്ക് യുവന്റസിലേക്ക് ചേക്കേറാനാണ് താൽപര്യമെന്ന് താരത്തിന്റെ ക്ലബായ സാസുവോളയുടെ സിഇഒ ജിയോവാനി കാർനെവാലി അറിയിച്ചു. യുവന്റസുമായി ട്രാൻസ്ഫർ ചർച്ചകൾക്ക് തയ്യാറെടുക്കുകയാണെന്നു വ്യക്തമാക്കിയ അദ്ദേഹം താരത്തിനായി പ്രീമിയർ ലീഗ് ക്ലബുകളും ശ്രമം നടത്തുന്നുണ്ടെന്നു വ്യക്തമാക്കി.
2. ടാമി അബ്രഹാമിന്റെ ട്രാൻസ്ഫർ തുക കുറക്കാൻ ചെൽസി ഒരുങ്ങുന്നു
ടാമി അബ്രഹാമിന്റെ ട്രാൻസ്ഫർ തുക കുറക്കാൻ ചെൽസി ഒരുങ്ങുന്നു. ദി സണിന്റെ റിപ്പോർട്ടുകൾ പ്രകാരം താരത്തിനു വേണ്ടി ക്ലബുകളൊന്നും മുന്നോട്ടു വരാത്തതു കൊണ്ടാണ് ട്രാൻസ്ഫർ തുക ചെൽസി കുറക്കുന്നത്. ഇംഗ്ലീഷ് സ്ട്രൈക്കർക്കു വേണ്ടി ശ്രമം നടത്തുന്ന ആഴ്സണലിനും ആസ്റ്റൺ വില്ലക്കും ഇത് സന്തോഷവാർത്തയാണ്.
3. ജോ ഹാർട്ടിനെ സ്വന്തമാക്കാൻ സെൽറ്റിക് ശ്രമിക്കുന്നു
ടോട്ടനം ഹോസ്പർ ഗോൾകീപ്പറായ ജോ ഹാർട്ടിനു വേണ്ടി സ്കോട്ടിഷ് ക്ലബായ സെൽറ്റിക് രംഗത്തുണ്ടെന്ന് ബിബിസി സ്പോർട് വെളിപ്പെടുത്തി. മുപ്പത്തിനാലുകാരനായ മുൻ മാഞ്ചസ്റ്റർ സിറ്റി താരം 2018നു ശേഷം ഒരു പ്രീമിയർ ലീഗ് മത്സരം പോലും കളിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ സീസണിൽ പത്തു കപ്പ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.
4. ഗ്രിമാൾഡോയെ സ്വന്തമാക്കാൻ ലാസിയോ രംഗത്ത്
ബെൻഫിക്കയിൽ നിന്നും അലെസാൻഡ്രോ ഗ്രിമാൾഡോയെ സ്വന്തമാക്കാൻ ലാസിയോ ശ്രമം നടത്തുന്നുവെന്ന് ടോഡോഫിഷാജസ് റിപ്പോർട്ടു ചെയ്തു. പോർച്ചുഗീസ് ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് മുൻ ബാഴ്സലോണ ബി താരത്തെ കൈവിടാൻ പ്രേരിപ്പിക്കുന്നത്. 18 മില്യൺ യൂറോയോളം ഗ്രിമാൾഡോക്കായി ഇറ്റാലയൻ ക്ലബ് മുടക്കേണ്ടി വരും.
5. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിൽ ട്രിപ്പിയർ
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ട്രിപ്പിയറെന്ന് ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ താരത്തിന് ആഗ്രഹമുണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് സാഞ്ചോ, വരാനെ എന്നിവർ എത്തിയതിനാൽ ഏതെങ്കിലും താരങ്ങളെ ഒഴിവാക്കിയാലെ നിലവിലെ സാഹചര്യത്തിൽ ട്രാൻസ്ഫർ നടക്കുകയുള്ളൂ.
6. എഡേഴ്സൺ മാഞ്ചസ്റ്റർ സിറ്റി കരാർ പുതുക്കാനൊരുങ്ങുന്നു
ബ്രസീലിയൻ താരമായ എഡേഴ്സൺ മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ പുതുക്കാനൊരുങ്ങുന്നു. നിലവിൽ 2025 വരെ താരത്തിനു കരാറുണ്ടെങ്കിലും ദീർഘകാലത്തേക്ക് എഡേഴ്സണെ ടീമിന്റെ ഭാഗമായി നിലനിർത്താൻ വേണ്ടിയാണ് മാഞ്ചസ്റ്റർ സിറ്റി പുതിയ കാരാർ നൽകുന്നത്. ദി അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
7. സൂമ വെസ്റ്റ് ഹാമിലേക്ക് ചേക്കേറാൻ സാധ്യത
ഫ്രഞ്ച് പ്രതിരോധ താരമായ കുർട് സൂമ ചെൽസി വിടാൻ ഒരുങ്ങുന്നു. സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം വെസ്റ്റ് ഹാമിലേക്കാണ് താരം ചേക്കേറാൻ കൂടുതൽ സാധ്യത. ടുഷെൽ പരിശീലകനായതോടെ ചെൽസിയിൽ സൂമയുടെ അവസരങ്ങൾ കുറഞ്ഞിരുന്നു.