ട്രാൻസ്ഫർ റൗണ്ടപ്പ്: ഗ്രീലിഷിനായി മാഞ്ചസ്റ്റർ സിറ്റി ആദ്യ ഓഫർ നൽകി, ലോകടെല്ലിക്കു വേണ്ടി യുവന്റസ് ചർച്ചകളാരംഭിച്ചു


1. ഗ്രീലിഷിനു വേണ്ടി 75 മില്യണിന്റെ ആദ്യ ഓഫർ നൽകി മാഞ്ചസ്റ്റർ സിറ്റി
അടുത്ത സീസണിലേക്കു വേണ്ടി സ്വന്തമാക്കാൻ ശ്രമിക്കുന്ന പ്രധാന താരമായ ജാക്ക് ഗ്രീലിഷിനായി ആദ്യത്തെ ഓഫർ നൽകി മാഞ്ചസ്റ്റർ സിറ്റി. ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം 75 മില്യൺ പൗണ്ടിന്റെ ഓഫറാണ് സിറ്റി ആസ്റ്റൺ വില്ലക്കു മുന്നിൽ വെച്ചിരിക്കുന്നത്. എന്നാൽ ഗ്രീലിഷ് ക്ലബ് വിടാതിരിക്കാൻ താരത്തിന്റെ പ്രതിഫലം കുത്തനെ വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ആസ്റ്റൺ വില്ല നടത്തുന്നത്.
2. ലോകടെല്ലിയെ സ്വന്തമാക്കാനുള്ള ചർച്ചകൾ യുവന്റസ് ആരംഭിക്കുന്നു
ഇറ്റാലിയൻ മധ്യനിര താരമായ മാനുവൽ ലോകാടെല്ലിയെ സ്വന്തമാക്കാനുള്ള ചർച്ചകൾ യുവന്റസ് ആരംഭിക്കുന്നുവെന്ന് ലാ ഗസറ്റ ഡെല്ല സ്പോർട് വ്യക്തമാക്കി. താരത്തെ ആദ്യം ലോണിൽ ടീമിലെത്തിച്ച് പിന്നീട് സ്ഥിരം കരാറിൽ സ്വന്തമാക്കാമെന്നാണ് യുവന്റസ് പ്രതീക്ഷിക്കുന്നത്. എന്നാൽ താരത്തിന് നാൽപതു മില്യൺ യൂറോയാണ് സാസുവോളോ പ്രതീക്ഷിക്കുന്നത്.
3. ലെവൻഡോസ്കി ബയേൺ മ്യൂണിക്ക് വിടില്ല
ചെൽസിയടക്കം നിരവധി ക്ലബുകളുമായി ചേർത്ത് അഭ്യൂഹങ്ങളുള്ള റോബർട്ട് ലെവൻഡോസ്കി അടുത്ത രണ്ടു സീസണിലും ബയേൺ മ്യൂണിക്കിനൊപ്പം തുടരുമെന്ന് ക്ലബിന്റെ പ്രസിഡന്റായ ഹെർബർട്ട് ഹൈനർ വ്യക്തമാക്കി. ഒരു സ്ട്രൈക്കറെ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന ചെൽസിയുടെ പ്രധാന ലക്ഷ്യം ഹാലാൻഡ് ആണെങ്കിലും ലെവൻഡോസ്കിയിലും അവർക്കു താൽപര്യമുണ്ട്.
4. റാംസിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ടോട്ടനം
ആരോൺ റാംസിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ടോട്ടനം ഹോസ്പർ. അല്ലെഗ്രി പരിശീലകനായി എത്തിയതോടെ പത്തു മില്യൺ യൂറോക്ക് വെയിൽസ് താരത്തെ ഒഴിവാക്കാൻ ഒരുങ്ങുകയാണ് ഇറ്റാലിയൻ ക്ലബ്. ഈ അവസരം മുതലെടുത്ത് താരത്തെ ടീമിലെത്തിക്കാനാണ് ടോട്ടനം ശ്രമിക്കുന്നതെന്ന് ഗസറ്റ ഡെല്ല സ്പോർട് റിപ്പോർട്ടു ചെയ്തു.
5. അലസാൻഡ്രോ ഫ്ലോറൻസി റോമ വിടാനൊരുങ്ങുന്നു
യൂറോ കപ്പ് നേടിയ ഇറ്റലി ടീമിൽ അംഗമായിരുന്ന അലസാൻഡ്രോ ഫ്ലോറൻസി റോമ വിടാൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ ലോണിൽ കളിച്ച താരത്തെ ടീമിന്റെ ഭാഗമായി നിലനിർത്താൻ റോമക്ക് താൽപര്യമുണ്ടെങ്കിലും ഫ്ലോറൻസി ക്ലബ് വിടാനാണ് തയ്യാറെടുക്കുന്നത്. സെവിയ്യ, അറ്റലാന്റ എന്നീ ക്ലബുകളാണ് താരത്തിനായി രംഗത്തുള്ളത്.
6. പോഗ്ബ ഭാവിയെ സംബന്ധിച്ച തീരുമാനം 2022ൽ എടുക്കും
ഭാവിയെ സംബന്ധിച്ച തീരുമാനം 2022ൽ എടുക്കാനാണ് പോഗ്ബ ഒരുങ്ങുന്നതെന്ന് യൂറോസ്പോർട് റിപ്പോർട്ടു ചെയ്യുന്നു. പിഎസ്ജി താരത്തെ സ്വന്തമാക്കാൻ സജീവമായി രംഗത്തുണ്ടെങ്കിലും കരാർ അവസാനിച്ചതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ പോഗ്ബ തീരുമാനമെടുക്കൂ. റയൽ മാഡ്രിഡാണ് താരം ലക്ഷ്യം വെക്കുന്നതെന്നാണ് സൂചനകൾ.
7. കില്ലിനി ക്ലബിനൊപ്പം തുടരുമെന്ന ആത്മവിശ്വാസത്തിൽ അല്ലെഗ്രിയും ആഗ്നല്ലിയും
കരാർ അവസാനിച്ച് ഫ്രീ ഏജന്റായ ജോർജിയോ കില്ലിനി ക്ലബിനൊപ്പം തന്നെ തുടരുമെന്ന ഉറച്ച പ്രതീക്ഷ യുവന്റസ് പരിശീലകനായ അല്ലെഗ്രിക്കും ക്ലബ് പ്രസിഡന്റായ ആഗ്നല്ലിക്കും ഉണ്ടെന്ന് അവരുടെ പ്രതികരണം വ്യക്തമാക്കുന്നു. താരവുമായി സംസാരിച്ചുവെന്ന് ആഗ്നല്ലി പറഞ്ഞപ്പോൾ താരത്തിന് തന്റെ ടീമിൽ സ്ഥാനമുണ്ടെന്ന് അല്ലെഗ്രിയും വ്യക്തമാക്കി.