ട്രാൻസ്ഫർ റൗണ്ടപ്പ്: വെർണറിൽ ബയേൺ മ്യൂണിക്കിന് താൽപര്യം, അർജന്റീനിയൻ താരത്തിനായി ആഴ്സണലും സ്പർസും രംഗത്ത്


1. ടിമോ വെർണറെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്കിനു താൽപര്യം
ചെൽസി സ്ട്രൈക്കറായ ടിമോ വെർണറെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്കിനു താൽപര്യമുണ്ടെന്ന് ഫുട്ബോൾ ഇൻസൈഡർ റിപ്പോർട്ടു ചെയ്തു. മുൻ ലീപ്സിഗ് പരിശീലകനായ ജൂലിയൻ നെഗൽസ്മാൻ തനിക്കു കീഴിൽ കളിച്ചിരുന്ന താരത്തെ സ്വന്തമാക്കാൻ ബയേണിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പരാജയപ്പെട്ട വെർണറെ ഒഴിവാക്കാൻ ചെൽസിക്കും താൽപര്യമുണ്ട്.
2. ജൊവാക്വിൻ കൊറേയക്കായി ആഴ്സണലും സ്പർസും രംഗത്ത്
ലാസിയോയുടെ അർജന്റീനിയൻ താരമായ ജൊവാക്വിൻ കൊറേയയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ ആഴ്സണലിനും ടോട്ടനം ഹോസ്പറിനും താൽപര്യമുണ്ടെന്ന് കൊറേറോ ഡെല്ലോ സ്പോർട് പുറത്തുവിട്ടു. കഴിഞ്ഞ സീസണിൽ ഇരുപത്തിയെട്ടു മത്സരങ്ങളിൽ നിന്നും എട്ടു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയ താരത്തിൽ എവർട്ടണും താൽപര്യമുണ്ട്.
3. ഇകാർഡിയെ സ്വന്തമാക്കാൻ റോമക്കും താൽപര്യം
പിഎസ്ജി സ്ട്രൈക്കറായ മൗറോ ഇകാർഡിയെ സ്വന്തമാക്കാൻ റോമക്കു താൽപര്യമുണ്ടെന്ന് കാൽസിയോമെർകാടോ പുറത്തു വിട്ടു. എഡിൻ സീക്കോ ക്ലബ് വിടാൻ സാധ്യതയുള്ളതു കൊണ്ടാണ് അർജന്റീനിയൻ താരത്തിനെ റോമ നോട്ടമിടുന്നത്. എന്നാൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിനു യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ലാത്ത റോമയിലേക്ക് ഇകാർഡി ചേക്കേറാനുള്ള സാധ്യത വളരെ കുറവാണ്.
4. ഗ്രീസ്മൻ യുവന്റസിലേക്ക് ചേക്കേറുന്ന കാര്യം പരിഗണിക്കുന്നു
കാൽസിയോ മെർകാടോയുടെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്സലോണ താരം അന്റോയിൻ ഗ്രീസ്മൻ യുവന്റസിലേക്ക് ചേക്കേറുന്ന കാര്യം പരിഗണിക്കുന്നു. ഇറ്റാലിയൻ ക്ലബ് ഫ്രഞ്ച് താരത്തിനു വേണ്ടി ബാഴ്സയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. വേതനബിൽ കുറക്കുന്നതിന് വേണ്ടി ബാഴ്സ ഒഴിവാക്കാൻ ശ്രമിക്കുന്ന പ്രധാന താരങ്ങളിൽ ഒരാളാണ് ഗ്രീസ്മൻ.
5. അർതുറോ വിദാൽ ബ്രസീലിയൻ ലീഗിലേക്ക്
ഇന്റർ മധ്യനിര താരമായ അർതുറോ വിദാൽ ബ്രസീലിയൻ ലീഗിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നുവെന്ന് കാൽസിയോ മെർകാടോ വെളിപ്പെടുത്തി. വിദാലിന് ക്ലബിനൊപ്പം തന്നെ തുടരാനാണ് താൽപര്യമെങ്കിലും വേതനവ്യവസ്ഥകൾ ക്രമീകരിക്കുന്നതിനു വേണ്ടിയാണ് ഇന്റർ താരത്തെ ഒഴിവാക്കുന്നത്. ഫ്രീ ട്രാൻസ്ഫറിൽ ഇന്റർ വിടുന്ന താരം ഫ്ലാമംഗോയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ.
6. ആന്റണി മാർഷ്യലിനെ ടോട്ടനത്തിനു വേണം
മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിര താരമായ ആന്റണി മാർഷ്യലിനെ ടോട്ടനം ഹോസ്പർ ലക്ഷ്യമിടുന്നുവെന്ന് ഡെയിലി സ്റ്റാർ പുറത്തു വിട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫ്രഞ്ച് താരത്തെ ഒഴിവാക്കാൻ താൽപര്യമുണ്ടെങ്കിലും അമ്പതു മില്യനാണ് അവർ ആവശ്യപ്പെടുന്നത്. ട്രാൻസ്ഫർ ഫീസും വേതനവും കുറച്ചാലേ ടോട്ടനം ട്രാൻസ്ഫർ നീക്കങ്ങൾ ശക്തമാക്കുന്നുണ്ടാകൂ.
7. ബെറാർഡിയെ സ്വന്തമാക്കാൻ 40 മില്യൺ നൽകേണ്ടി വരും
ഇറ്റലിക്കൊപ്പം യൂറോ കിരീടം സ്വന്തമാക്കിയ ഡൊമിനികോ ബെറാർഡിയെ സ്വന്തമാക്കാൻ ആഗ്രഹമുള്ള ക്ലബുകൾ നാൽപതു മില്യൺ യൂറോ മുടക്കേണ്ടി വരും. ഈ സമ്മറിൽ സീരി എ വിടാൻ ആഗ്രഹിക്കുന്ന താരത്തിനു വേണ്ടി ചെൽസി, ബൊറൂസിയ ഡോർട്മുണ്ട് എന്നീ ക്ലബുകൾ രംഗത്തുണ്ടെന്ന് ലാ ഗസറ്റ ഡെല്ല സ്പോർട് റിപ്പോർട്ടു ചെയ്യുന്നു.