ട്രാൻസ്ഫർ റൗണ്ടപ്പ്: ഇൻസിനെക്കു വിലയിട്ട് നാപ്പോളി, ലിവർപൂൾ താരം പോർട്ടോയിലേക്ക് ചേക്കേറി


1. ലോറെൻസോ ഇൻസിനെക്ക് വിലയിട്ട് നാപ്പോളി
യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തിയ ഇറ്റാലിയൻ താരം ലോറെൻസോ ഇൻസിനെക്ക് വിലയിട്ട് നാപ്പോളി. താരത്തെ ആവശ്യമുള്ള ക്ലബുകൾ മുപ്പതു മില്യൺ യൂറോ നൽകണമെന്നാണ് നാപ്പോളിയുടെ നിലപാടെന്ന് കൊറേറോ ഡെല്ലോ സ്പോർട് റിപ്പോർട്ടു ചെയ്തു. ഇൻസിനെക്ക് പുതിയ കരാർ നൽകാൻ നാപ്പോളി ശ്രമിക്കുന്നുണ്ടെങ്കിലും അതു നടന്നില്ലെങ്കിൽ ഈ തുകക്ക് താരത്തെ ക്ലബ് വിടാൻ നാപ്പോളി അനുവദിക്കും.
2. മാർകോ ഗ്രുജിക്ക് ലിവർപൂളിൽ നിന്നും പോർട്ടോയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കി
ലിവർപൂൾ താരമായിരുന്ന മാർകോ ഗ്രുജിക്ക് പോർട്ടോയിലേക്ക് ചേക്കേറി. പോർച്ചുഗീസ് ക്ലബിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമാകാനാണ് താരം ലിവർപൂൾ വിട്ടത്. അഞ്ചു വർഷത്തെ കരാർ ഒപ്പിട്ട താരത്തിനു വേണ്ടി പത്തു മില്യൺ യൂറോയിലധികം പോർട്ടോ മുടക്കിയിട്ടുണ്ട്. സെർബിയൻ താരത്തിനു വേണ്ടി സാസുവോളയും രംഗത്തുണ്ടായിരുന്നു.
3. ഗാരത് ബേൽ റയൽ മാഡ്രിഡിൽ തന്നെ തുടരും
അടുത്ത സീസണിൽ റയൽ മാഡ്രിഡിൽ തന്നെ തുടരാൻ ഗാരത് ബേൽ തീരുമാനിച്ചതായി സ്പാനിഷ് മാധ്യമമായ എഎസ് വ്യക്തമാക്കി. വെയിൽസ് താരം ക്ലബ് ഫുട്ബോളിൽ നിന്നും റിട്ടയർ ചെയ്യാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും അടുത്ത സീസണിൽ കാർലോ ആൻസലോട്ടിക്കു കീഴിൽ റയലിൽ തന്നെ കളിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
4. യൂറി ടിയൽമാൻസ് കരാർ പുതുക്കുമെന്ന പ്രതീക്ഷയിൽ ലൈസ്റ്റർ സിറ്റി
ബെൽജിയൻ താരമായ യൂറി ടിയൽമാൻസ് കരാർ പുതുക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ലൈസ്റ്റർ സിറ്റിയെന്ന് ദി ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ സീസണിൽ ചരിത്രത്തിൽ ആദ്യമായി ലൈസ്റ്റർ സിറ്റി എഫ്എ കപ്പ് കിരീടം നേടിയപ്പോൾ ഫൈനലിൽ ഗോൾ നേടിയത് ടിയൽമാൻസായിരുന്നു. രണ്ടു വർഷം മാത്രമാണ് ബെൽജിയൻ താരത്തിന് കരാർ ബാക്കിയുള്ളത്.
5. ഓഡ്രിയോസോള മിലാനിലേക്കു ചേക്കേറാൻ സാധ്യത
റയൽ മാഡ്രിഡ് താരമായ അൽവാരോ ഓഡ്രിയാസോള ഇറ്റാലിയൻ ക്ലബായ എസി മിലാനിലേക്ക് ചേക്കേറാൻ സാധ്യത. എൽ ട്രാന്സിസ്റ്ററിന്റെ റിപ്പോർട്ടുകൾ പ്രകാരം റയലിൽ അവസരങ്ങൾ കുറയുമെന്നുറപ്പുള്ള ഇരുപത്തിയഞ്ചുകാരനായ താരം ലോണിലാണ് മിലാനിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നത്. കരാറിൽ താരത്തെ സ്ഥിരമായി സ്വന്തമാക്കാനുള്ള ഉടമ്പടി മിലാൻ ഉൾക്കൊള്ളിക്കാൻ സാധ്യതയുണ്ട്.
6. ഹാലൻഡിനു പകരക്കാരായി രണ്ടു താരങ്ങളെ ചെൽസി പരിഗണിക്കുന്നു
എർലിങ് ഹാലൻഡിനു വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങൾ പരാജയപ്പെട്ടാൽ പകരക്കാരായി രണ്ടു താരങ്ങളെ ചെൽസി പരിഗണിക്കുന്നു. സ്റ്റുട്ട്ഗർട്ടിന്റെ ഓസ്ട്രിയൻ സ്ട്രൈക്കർ സാസ കലാസിച്ച്, ബയേൺ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി എന്നിവരെയാണ് ചെൽസി നോട്ടമിടുന്നതെന്ന് എക്സ്പ്രെസ്സ് റിപ്പോർട്ടു ചെയ്തു.
7. ഷാക്കക്ക് പുതുക്കിയ ഓഫർ നൽകാൻ റോമ
ആഴ്സണൽ താരം ഗ്രാനിത് ഷാക്കക്കായി പുതുക്കിയ ഓഫർ നൽകാൻ ആഴ്സണൽ ഒരുങ്ങുന്നു. താരത്തിനു താത്പര്യമുള്ളതു കൊണ്ടു തന്നെ ട്രാൻസ്ഫർ പൂർത്തിയാക്കാൻ കഴിയുമെന്ന പൂർണ ആത്മവിശ്വാസത്തിലാണ് റോമ. മൗറീന്യോ അടുത്ത സീസണിലെ ടീമിനൊപ്പം തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാക്കക്ക് അറിയാമെന്നും ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി.
8. ലമേല സ്വാപ് ഡീലിൽ സെവിയ്യയിലേക്ക് ചേക്കേറും
സ്വാപ് ഡീലിൽ ടോട്ടനം ഹോട്സ്പർ താരം എറിക് ലമേല സെവിയ്യയിലേക്കും, സ്പാനിഷ് ക്ലബിൻ്റെ യുവതാരമായ ബ്രൈ ഗിൽ ഇംഗ്ലീഷ് ക്ലബിലേക്കും ചേക്കേറുമെന്ന് റിപ്പോർട്ടുകൾ. കരാർ ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും, ഗില്ലിനെ സ്വന്തമാക്കുന്ന ഡീലിൻ്റെ ഭാഗമായി ലമേലക്ക് പുറമെ 25 മില്യൺ യൂറോയും ആഡ്-ഓണും ടോട്ടൻഹാം സെവിയ്യക്ക് നൽകും.