ട്രാൻസ്ഫർ റൗണ്ടപ്പ്: വെർണർ ചെൽസിയിൽ നിന്നും പുറത്തേക്ക്, മാഞ്ചസ്റ്റർ സിറ്റിക്ക് പോർച്ചുഗൽ താരത്തെ വേണം


1. ടിമോ വെർണർ ചെൽസിയിൽ നിന്നും പുറത്തേക്ക്
എർലിങ് ഹാലൻഡിനെ സ്വന്തമാക്കാനുള്ള ചെൽസിയുടെ പദ്ധതികളുടെ ഭാഗമായി ടിമോ വെർണർ പുറത്തു പോകുമെന്ന് സ്കൈ ജർമനി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സീസണിൽ തന്റെ കഴിവിനനുസരിച്ച പ്രകടനം ചെൽസിയിൽ പുറത്തെടുക്കാൻ കഴിയാതിരുന്ന വെർണർക്ക് അനുയോജ്യമായ ഒരു ക്ലബ്ബിനെ കണ്ടെത്താൻ ചെൽസി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വെർണർ ക്ലബ് വിട്ടാൽ ചെൽസി ആ തുക ഹാലാൻഡ് ട്രാൻസ്ഫറിന് ഉപയോഗിക്കും.
2. നുനോ മെൻഡസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി രംഗത്ത്
പോർച്ചുഗൽ താരമായ നുനോ മെൻഡസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി രംഗത്ത്. ഭാവി ഫുട്ബോളിലെ മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന മെൻഡസിനു വേണ്ടി സ്പോർട്ടിങ് അമ്പതു മില്യൺ യൂറോയാണ് ആവശ്യപ്പെടുന്നതെങ്കിലും അതു നൽകാൻ മാഞ്ചസ്റ്റർ സിറ്റിക്ക് പദ്ധതിയില്ലെന്ന് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി.
3. ആഴ്സണൽ ഒഴിവാക്കുന്നവരുടെ പട്ടികയിൽ ലകസറ്റയും
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ആഴ്സണൽ ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ പട്ടികയിൽ ഫ്രഞ്ച് താരമായ ലകസറ്റയും. പുതിയ സൈനിംഗുകൾക്കു വേണ്ട ഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടിയാണ് ആഴ്സണൽ താരത്തെ ഒഴിവാക്കാൻ നോക്കുന്നതെന്ന് ദി മിറർ വെളിപ്പെടുത്തി. ആഴ്സണലുമായി ഒരു വർഷത്തെ കരാർ മാത്രമേ ലകസറ്റക്ക് ബാക്കിയുള്ളൂ.
4. കുബോയെ റയൽ സോസിഡാഡ് സ്വന്തമാക്കാൻ സാധ്യത
ജാപ്പനീസ് മെസി എന്നറിയപ്പെടുന്ന റയൽ മാഡ്രിഡ് താരം കുബോ അടുത്ത സീസണിൽ റയൽ സോസിഡാഡിനു വേണ്ടി കളിക്കാൻ സാധ്യത. സ്പാനിഷ് മാധ്യമം എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം കുബോയെ ലോൺ കരാറിൽ ടീമിലെത്തിക്കാനാണ് സോസിഡാഡ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ സീസണിൽ വിയ്യാറയൽ, ഗെറ്റാഫെ എന്നീ ക്ലബുകളിലാണ് താരം ലോണിൽ കളിച്ചത്.
5. സൗളിനെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുൻതൂക്കം
അത്ലറ്റികോ മാഡ്രിഡ് മധ്യനിര താരമായ സൗൾ നിഗ്വസിനെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ലിവർപൂളിനെക്കാൾ മാഞ്ചസ്റ്റർ യുണൈറ്റഡിനാണ് മുൻതൂക്കമെന്ന് മുണ്ടോ ഡിപോർറ്റീവോ. റോഡ്രിഗോ ഡി പോളിന്റെ വരവോടെയാണ് സൗളിനു ടീമിലുള്ള സ്ഥാനം നഷ്ടമായത്. അതേസമയം ഗ്രീസ്മാൻ-സൗൾ കൈമാറ്റക്കരാർ ഇതുവരെയും ഒന്നുമായിട്ടില്ല.
6. ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കാൻ യുവന്റസിന് കഴിയില്ല
മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ സ്ട്രൈക്കറായ ഗബ്രിയേൽ ജീസസിനെ യുവന്റസ് സ്വന്തമാക്കാനുള്ള സാധ്യതകൾ മങ്ങുന്നു. താരത്തിന് വേണ്ടി അമ്പതു മില്യൺ യൂറോയോളമാണ് മാഞ്ചസ്റ്റർ സിറ്റി ആവശ്യപ്പെടുന്നതെന്നും നിലവിലെ സാഹചര്യത്തിൽ അതു യുവന്റസിന് അപ്രാപ്യമാണെന്നും കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്തു,
7. വരാനെക്കു വേണ്ടി ആദ്യത്തെ ഓഫർ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു
റാഫേൽ വരാനെക്കു വേണ്ടി ആദ്യത്തെ ഔദ്യോഗിക നീക്കം നടത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു. റയൽ മാഡ്രിഡുമായി ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരം പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ വേണ്ടിയാണ് പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നത്. വരാനെയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പേർസണൽ കോൺട്രാക്റ്റിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.