Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ബാഴ്‌സയിൽ തുടരാൻ നിരവധി ഓഫറുകൾ നിഷേധിച്ച് പുയ്‌ജ്, ജീസസിനു വിലയിട്ട് മാഞ്ചസ്റ്റർ സിറ്റി

Sreejith N
FC Barcelona v Cadiz CF - La Liga Santander
FC Barcelona v Cadiz CF - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

1. ബാഴ്‌സയിൽ തുടരാൻ നിരവധി ഓഫറുകൾ നിഷേധിച്ച് റിക്വി പുയ്‌ജ്

Riqui Puig
SD Eibar v FC Barcelona - La Liga Santander / Quality Sport Images/Getty Images

ബാഴ്‌സലോണയിൽ തന്നെ തുടർന്ന് തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനായി റിക്വി പുയ്‌ജ് നിരവധി ഓഫറുകൾ നിഷേധിച്ചുവെന്ന് സ്‌പോർട് റിപ്പോർട്ടു ചെയ്യുന്നു. അയാക്‌സ്, സെൽറ്റ വീഗൊ, ഗ്രനാഡ എന്നീ ക്ലബുകളാണ് ഇരുപത്തിയൊന്നുകാരനായ താരത്തിനു വേണ്ടി ലോൺ ഓഫറുകൾ നൽകിയത്. കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്‌തമായി ഈ സീസണിൽ പുയ്‌ജിനു കൂടുതൽ അവസരം നൽകാൻ കൂമാനും പദ്ധതിയുണ്ട്.

2. ഗബ്രിയേൽ ജീസസിനു വിലയിട്ട് മാഞ്ചസ്റ്റർ സിറ്റി

Gabriel Jesus
Brazil v Chile: Quarterfinal - Copa America Brazil 2021 / Buda Mendes/Getty Images

ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കാൻ യുവന്റസ് എത്ര തുക മുടക്കേണ്ടി വരുമെന്നു മാഞ്ചസ്റ്റർ സിറ്റി വെളിപ്പെടുത്തിയതായി കാൽസിയോ മെർകാടോയുടെ റിപ്പോർട്ട്. ഇരുപത്തിനാലു വയസുള്ള താരത്തിനു വേണ്ടി അമ്പതു മില്യൺ യൂറോയാണ് സിറ്റി ആവശ്യപ്പെടുന്നത്. കഴിഞ്ഞ സീസണിൽ ഒൻപതു ഗോളുകൾ പ്രീമിയർ ലീഗിൽ നേടിയ താരത്തിന് രണ്ടു വർഷം കൂടിയാണ് സിറ്റിയുമായി കരാർ ബാക്കിയുള്ളത്.

3. ഹെൻഡേഴ്‌സണുമായി കരാർ പുതുക്കാൻ ലിവർപൂൾ തയ്യാറെടുക്കുന്നു

Jordan Henderson - Soccer Player
Italy v England - UEFA Euro 2020: Final / Visionhaus/Getty Images

ജോർദാൻ ഹെൻഡേഴ്‌സണുമായി കരാർ പുതുക്കാൻ ലിവർപൂൾ തയ്യാറെടുക്കുന്നുവെന്ന് ഡെയിലി മെയിൽ വെളിപ്പെടുത്തി. മുപ്പത്തിയൊന്നുകാരനായ ഇംഗ്ലണ്ട് മധ്യനിര താരത്തിന് ഇനിയും രണ്ടു വർഷം കരാറിൽ ബാക്കിയുണ്ടെങ്കിലും താരത്തെ കൂടുതൽ വർഷത്തേക്ക് ടീമിനൊപ്പം നിലനിർത്താനാണ് ലിവർപൂൾ ഒരുങ്ങുന്നത്.

4. ബെല്ലെറിൻ, ടെല്ലസ് എന്നിവരിൽ താൽപര്യമുണ്ടെന്ന് ഇന്റർ മേധാവി

Alex Telles
Villarreal CF v Manchester United - UEFA Europa League Final / Maja Hitij/Getty Images

ആഴ്‌സണൽ താരം ഹെക്ടർ ബെല്ലറിൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്‌സിസ് ടെല്ലസ് എന്നിവരെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് ഇന്റർ സിഇഒ ബെപ്പെ മറോട്ട പറഞ്ഞു. അഷ്‌റഫ് ഹക്കിമി പിഎസ്‌ജിയിലേക്ക് ചേക്കേറിയ സ്ഥാനത്തേക്ക് ബെല്ലറിനെ എത്തിക്കാൻ ശ്രമിക്കുമ്പോൾ ലെഫ്റ്റ് വിങ് ബാക്ക് സ്ഥാനത്തിനു കൂടുതൽ കരുത്തു പകരാനാണ് ടെല്ലസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

5. ബ്രൈത്ത്വൈറ്റിനെ ടീമിലെത്തിക്കാൻ ബ്രൈറ്റണു താൽപര്യം

Martin Braithwaite
England v Denmark - UEFA Euro 2020: Semi-final / Laurence Griffiths/Getty Images

സ്‌പാനിഷ്‌ മാധ്യമം സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണ സ്‌ട്രൈക്കറായ മാർട്ടിൻ ബ്രൈത്ത്വൈറ്റിനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൻ ശ്രമിക്കുന്നു. ബെൻ വൈറ്റിന്റെ ആഴ്‌സണൽ ട്രാൻസ്ഫറിൽ നിന്നും ലഭിക്കുന്ന തുക ടീമിനെ ശക്തിപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ബ്രൈറ്റൻ ബ്രൈത്ത്വൈറ്റിനെ നോട്ടമിട്ടിരിക്കുന്നത്. ഡാനിഷ് താരത്തിനായി ബാഴ്‌സ പതിമൂന്നു മില്യൺ ആവശ്യപ്പെടുന്നുണ്ട്.

6. ലെവൻഡോസ്‌കിക്ക് അമ്പതു മില്യണിന്റെ ഓഫറുമായി ചെൽസി

Robert Lewandowski
Sweden v Poland - UEFA Euro 2020: Group E / Dmitry Lovetsky - Pool/Getty Images

ബയേൺ സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിക്ക് അമ്പതു മില്യൺ യൂറോയുടെ ഓഫർ ചെൽസി നൽകിയെന്ന് ദി സൺ റിപ്പോർട്ടു ചെയ്യുന്നു. എർലിങ് ഹാലാൻഡിനു വേണ്ടിയുള്ള ചെൽസിയുടെ നീക്കങ്ങൾ എവിടെയും എത്താത്തതിനെ തുടർന്നാണ് ചെൽസി ലെവൻഡോസ്‌കിയിലേക്ക് ശ്രദ്ധ മാറ്റിയത്. എന്നാൽ മുപ്പത്തിരണ്ടുകാരനായ താരത്തെ ബയേൺ വിട്ടുകൊടുക്കാനുള്ള സാധ്യത വളരെക്കുറവാണ്.

7. ഉംറ്റിറ്റി ബാഴ്‌സ വിടാനുള്ള സാധ്യത തെളിയുന്നു

Samuel Umtiti
FC Barcelona v Granada CF - La Liga Santander / Quality Sport Images/Getty Images

സാമുവൽ ഉംറ്റിറ്റിയുടെ ലോൺ കരാർ പൂർത്തിയാക്കാൻ ഫ്രഞ്ച് ക്ലബായ ലിയോൺ ശ്രമിക്കുന്നു. ഇരുപത്തിയേഴുകാരനായ താരത്തിന്റെ പ്രതിഫലത്തിന്റെ പകുതി ബാഴ്‌സ നൽകുമെന്ന കരാറിലാണ് ലിയോൺ ഉംറ്റിറ്റിയെ ടീമിലെത്തിക്കുന്നതെന്ന് സ്‌പോർട് റിപ്പോർട്ടു ചെയ്‌തു. അതേസമയം പ്രതിഫലക്കരാറിൽ ഇരുടീമുകളും തമ്മിൽ ഇനിയും ധാരണയിൽ എത്താനുണ്ട്.


facebooktwitterreddit