ട്രാൻസ്ഫർ റൗണ്ടപ്പ്: ലെവൻഡോസ്കിയെ പെപ് ഗ്വാർഡിയോളക്ക് വേണം, ബാഴ്സ താരത്തിനു ക്ലബ് വിടാൻ താൽപര്യമില്ല


1. റോബർട്ട് ലെവൻഡോസ്കിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും രംഗത്ത്
ബയേൺ മ്യൂണിക്കിന്റെ സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവൻഡോസ്കിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും രംഗത്ത്. ഹാരി കേനിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടാൽ പോളണ്ട് താരത്തെ പകരക്കാരനായി എത്തിക്കാനുള്ള ശ്രമത്തിലാണ് പെപ് ഗ്വാർഡിയോള. ഡെയിലി മെയിൽ ആണ് ഇക്കാര്യം പുറത്തു വിട്ടത്.
2. ബാഴ്സലോണ വിടാൻ താൽപര്യമില്ലെന്ന് ലെങ്ലെറ്റ്
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ വിടാൻ താൽപര്യമില്ലെന്ന് ഫ്രഞ്ച് പ്രതിരോധ താരം ലെങ്ലെറ്റ് അറിയിച്ചതായി ഇഎസ്പിഎൻ റിപ്പോർട്ടു ചെയ്തു. എവർട്ടൺ താരത്തിനു വേണ്ടി സജീവമായി രംഗത്തുണ്ടെന്നിരിക്കെയാണ് ലെങ്ലെറ്റിന്റെ തീരുമാനം. ടീമിലെ ഏതാനും താരങ്ങളെ ഒഴിവാക്കി വേതനബിൽ കുറക്കാൻ ബാഴ്സ ശ്രമിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ലെങ്ലറ്റ് ഇത്തരമൊരു തീരുമാനമെടുത്തത്.
3. ഹെർണാണ്ടസിനു വേണ്ടിയുള്ള പിഎസ്ജിയുടെ ഓഫർ നിരസിച്ച് എസി മിലാൻ
മുൻ റയൽ മാഡ്രിഡ് താരമായ തിയോ ഹെർണാണ്ടസിനു വേണ്ടിയുള്ള പിഎസ്ജിയുടെ ഓഫർ എസി മിലാൻ നിരസിച്ചു. ടുട്ടോസ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിമൂന്നുകാരനായ താരത്തിനു വേണ്ടി നാൽപതു മില്യൺ യൂറോയാണ് പിഎസ്ജി ഓഫർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 33 സീരി എ മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളും ഏഴ് അസിസ്റ്റുമാണ് ഹെർണാണ്ടസ് സ്വന്തമാക്കിയത്.
4. ബാരല്ലയെ വിൽക്കാനില്ലെന്ന് ഇന്റർ മിലാൻ
മധ്യനിര താരമായ നിക്കോളോ ബാരല്ലെയെ വിൽക്കാൻ ഇന്റർ തയ്യാറല്ലെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നീ ക്ളബുകളാണ് താരത്തിനായി രംഗത്തുള്ളത്. കഴിഞ്ഞ സീസണിൽ ഇന്ററിനെ സീരി എ ജേതാക്കളാക്കാൻ സഹായിച്ച താരം ഇറ്റലിയുടെ യൂറോ കപ്പ് വിജയത്തിലും നിർണായക സാന്നിധ്യമായിരുന്നു.
5. ജിറൂദ് എസി മിലാൻ ട്രാൻസ്ഫർ പൂർത്തിയാക്കാൻ ഒരുങ്ങുന്നു
ചെൽസി താരമായ ഒലിവർ ജിറൂദ് അടുത്ത സീസണിൽ എസി മിലാനു വേണ്ടി കളിക്കുമെന്നുറപ്പായി. ഫ്രഞ്ച് താരം ഇറ്റാലിയൻ ക്ലബിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിലാണെന്ന് ക്ലബിന്റെ ടെക്നിക്കൽ ഡയറക്ടറായ പൗളോ മാൽഡിനി കഴിഞ്ഞ ദിവസം പറഞ്ഞു. രണ്ടു മില്യൺ യൂറോ ട്രാൻസ്ഫറിലാണ് ജിറൂദ് എസി മിലാനിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
6. ട്രിപ്പിയറിനു പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരാൻ ആഗ്രഹം
അത്ലറ്റികോ മാഡ്രിഡ് താരമായ കീറോൺ ട്രിപ്പിയർക്ക് പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരാൻ ആഗ്രഹം. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായി ഓഫർ നൽകിയിരുന്നെങ്കിലും അത്ലറ്റികോ മാഡ്രിഡ് അത് നിരസിച്ചിരുന്നു. രണ്ടു പ്രീമിയർ ലീഗ് ക്ലബുകൾക്ക് കൂടി താരത്തിൽ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ അത്ലറ്റികോക്കോപ്പം ലീഗ് കിരീടം നേടിയ ട്രിപ്പിയർ യൂറോ കപ്പിലും മികച്ച പ്രകടനം നടത്തിയിരുന്നു.
7. ഡോണറുമ്മ പിഎസ്ജി ട്രാൻസ്ഫർ പൂർത്തിയാക്കി
യൂറോ കപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂയിജി ഡോണറുമ്മ പിഎസ്ജി ട്രാൻസ്ഫർ പൂർത്തിയാക്കി. എസി മിലാനുമായുള്ള കരാർ അവസാനിച്ച താരത്തെ ഫ്രീ ട്രാൻസ്ഫറിലാണ് പിഎസ്ജി സ്വന്തമാക്കിയത്. 2026 വരെയാണ് ഇറ്റാലിയൻ ഗോൾകീപ്പറുടെ പിഎസ്ജി കരാർ.