ട്രാൻസ്ഫർ റൗണ്ടപ്പ്: എമേഴ്സണു വേണ്ടിയുള്ള ഓഫർ ബാഴ്സ നിരസിച്ചു, ഡോർട്മുണ്ട് താരത്തെ ലക്ഷ്യമിട്ട് യുവന്റസ്


1. എമേഴ്സണു വേണ്ടിയുള്ള സ്പർസിന്റെ ഓഫർ ബാഴ്സ നിരസിച്ചു
ബ്രസീലിയൻ റൈറ്റ് ബാക്കായ എമേഴ്സണു വേണ്ടിയുള്ള ടോട്ടനം ഹോട്സ്പറിന്റെ ഓഫർ ബാഴ്സ നിരസിച്ചു. ഇഎസ്പിഎന്നിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇരുപതു മില്യൺ യൂറോയും സെർജി ഓറിയറെയും നൽകാമെന്ന ടോട്ടനത്തിന്റെ ഓഫറാണ് ബാഴ്സ നിരസിച്ചത്. ടോട്ടനം ഓഫർ വർധിപ്പിച്ചാലും ബാഴ്സ എമേഴ്സണെ വിട്ടു കൊടുക്കില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
2. അക്സൽ വിറ്റ്സെലിനെ യുവന്റസ് ലക്ഷ്യമിടുന്നു
ബൊറൂസിയ ഡോർട്മുണ്ടിന്റെ ബെൽജിയൻ മധ്യനിര താരമായ അക്സൽ വിറ്റ്സലിനെ യുവന്റസ് ലക്ഷ്യമിടുന്നുവെന്ന് സ്കൈ സ്പോർട്സ് ഇറ്റാലിയ റിപ്പോർട്ടു ചെയ്യുന്നു. ജർമൻ ക്ലബുമായി ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരത്തിന് യുവന്റസിലേക്ക് ചേക്കേറാൻ താൽപര്യമുണ്ടെങ്കിലും കരാർ നീട്ടിക്കിട്ടിയാൽ ഡോർട്മുണ്ടിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
3. റൂബൻ ഡയസ് മാഞ്ചസ്റ്റർ സിറ്റി കരാർ പുതുക്കി
പോർച്ചുഗീസ് പ്രതിരോധ താരമായ റൂബൻ ഡയസ് മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ പുതുക്കി. ബെൻഫിക്കയിൽ നിന്നും കഴിഞ്ഞ സമ്മറിൽ സിറ്റിയിലെത്തിയതിനു ശേഷം ടീമിന്റെ നെടുന്തൂണായി മാറിയ താരം 2027 വരെയാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഇരുപത്തിനാലു വയസുള്ള താരത്തിന്റെ കൂടി പിൻബലത്തിലാണ് സിറ്റി പ്രീമിയർ ലീഗ് കിരീടം നേടിയതും ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചതും.
4. കുർട് സൂമ വെസ്റ്റ് ഹാമിലേക്ക് ചേക്കേറി
ചെൽസിയുടെ ഫ്രഞ്ച് പ്രതിരോധ താരമായ കുർട് സൂമ വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക് ചേക്കേറി. മുപ്പതു മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫറിലാണ് സൂമ ചെൽസി വിട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഏഴര വർഷത്തോളമായി ചെൽസിയിലുള്ള താരം നാലു വർഷത്തെ കരാറിലാണ് വെസ്റ്റ് ഹാമിലേക്ക് എത്തിയത്.
5. ഓഡ്രിയാസോള ഫിയോറെന്റീനയിലെത്തി
റയൽ മാഡ്രിഡ് റൈറ്റ് ബാക്കായ അൽവാരോ ഓഡ്രിയാസോള ഇറ്റാലിയൻ ക്ലബായ ഫിയോറെന്റീനയിലെത്തി. ഒരു വർഷത്തെ ലോണിലാണ് ഇരുപത്തിയഞ്ചു വയസുള്ള സ്പാനിഷ് താരത്തെ ഫിയോറെന്റീന സ്വന്തമാക്കിയത്. റയൽ സോസിഡാഡിൽ നിന്നും 2018ൽ റയൽ മാഡ്രിഡിലെത്തിയ ഓഡ്രിയാസോള ആറു മാസം ബയേണിനു വേണ്ടിയും ലോണിൽ കളിച്ചിട്ടുണ്ട്.
6. കൂണ്ടെ ചെൽസിയിലെത്താനുള്ള സാധ്യത മങ്ങുന്നു
സെവിയ്യ താരമായ ജൂൾസ് കൂണ്ടെ ചെൽസിയിലേക്ക് ചേക്കേറാനുള്ള സാധ്യത മങ്ങുന്നു. സ്പാനിഷ് മാധ്യമം എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് താരത്തിന്റെ റിലീസ് ക്ലോസായ എൺപതു മില്യൺ യൂറോ നൽകണം എന്നാണു സെവിയ്യ ചെൽസിയെ അറിയിച്ചിരിക്കുന്നത്. ഈ തുക നൽകി ചെൽസി താരത്തെ സ്വന്തമാക്കാൻ സാധ്യത കുറവാണ്.
7. ട്രിപ്പിയർക്കു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തിയേക്കില്ല
ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തണമെന്ന കീറോൺ ട്രിപ്പിയറുടെ ആഗ്രഹം ഈ സമ്മറിൽ നടക്കാനുള്ള സാധ്യത മങ്ങി. മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസിന്റെ റിപ്പോർട്ടുകൾ പ്രകാരം ട്രാൻസ്ഫർ ജാലകം നാളെ അവസാനിക്കാനിരിക്കെ അത്ലറ്റികോ മാഡ്രിഡ് താരത്തിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കങ്ങൾ നടത്താനുള്ള സാധ്യത വളരെ കുറവാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.