ട്രാൻസ്ഫർ റൗണ്ടപ്പ്: ബെർണാഡോ സിൽവക്കായി ബാഴ്സയും മിലാനും, കെയ്നിനു വേണ്ടി പുതിയ ഓഫർ നൽകാൻ മാഞ്ചസ്റ്റർ സിറ്റി


1. ബെർണാഡോ സിൽവയെ സ്വന്തമാക്കാൻ മിലാനും ബാഴ്സയും
മാഞ്ചസ്റ്റർ സിറ്റി താരമായ ബെർണാഡോ സിൽവയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ എസി മിലാനും സ്പാനിഷ് ക്ലബായ ബാഴ്സയും ശ്രമം നടത്തുന്നുണ്ടെന്ന് ലെ10 സ്പോർട് റിപ്പോർട്ടു ചെയ്തു. ഗ്രീലിഷ് ടീമിലെത്തിയതോടെ പോർച്ചുഗൽ താരം സിറ്റി വിടാൻ ശ്രമം നടത്തുന്നുണ്ടെന്ന് ഗ്വാർഡിയോള വ്യക്തമാക്കിയിരുന്നു. സിറ്റിയുമായി നാലു വർഷത്തെ കരാർ ഗ്വാർഡിയോളക്ക് ബാക്കിയുണ്ട്.
2. കെയ്നിനു വേണ്ടി ഓഫർ പുതുക്കി നൽകാൻ മാഞ്ചസ്റ്റർ സിറ്റി
ഹാരി കെയ്നിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈയാഴ്ച വീണ്ടുമൊരു ഓഫർ മാഞ്ചസ്റ്റർ സിറ്റി ടോട്ടനത്തിനു നൽകുമെന്ന് ദി ടെലിഗ്രാഫ് വെളിപ്പെടുത്തി. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം നൂറു മില്യൺ ഓഫർ നൽകിയിട്ടും താരത്തെ വിട്ടുകൊടുക്കാൻ ടോട്ടനം തയ്യാറായിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ടോട്ടനത്തിനായി താരം കളത്തിലിറങ്ങുകയും ചെയ്തിരുന്നു.
3. മാഡിസണു വേണ്ടി ആഴ്സണൽ ബിഡ് ചെയ്തിട്ടില്ലെന്ന് റോജേഴ്സ്
ലൈസ്റ്റർ മധ്യനിര താരമായ ജെയിംസ് മാഡിസണു വേണ്ടി ആഴ്സനലിന്റെ ബിഡുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ബ്രെണ്ടൻ റോജേഴ്സ് പറഞ്ഞു. ആഴ്സണലിലേക്ക് താരം ചേക്കേറാൻ സാധ്യത ഉണ്ടായിരുന്നുവെന്നത് വെറും അഭ്യൂഹങ്ങൾ മാത്രമായിരുന്നു എന്ന് റോജേഴ്സ് വ്യക്തമാക്കി.
4. പ്യാനിച്ചിൽ നാപ്പോളിക്ക് താൽപര്യം
ബാഴ്സലോണയിൽ അവസരങ്ങളില്ലാത്ത മുൻ യുവന്റസ് താരമായ മിറാലം പ്യാനിച്ചിനെ നാപ്പോളി നോട്ടമിടുന്നു. കൊറേറോ ഡെല്ലോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ബോസ്നിയൻ താരത്തെ തിരിച്ചു കൊണ്ടുവരാൻ യുവന്റസ് ശ്രമിക്കുന്നുണ്ടെങ്കിലും വെല്ലുവിളിയുമായി നാപ്പോളി രംഗത്തുണ്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബാഴ്സ ടീമിൽ പ്യാനിച്ച് ഉണ്ടായിരുന്നില്ല.
5. ഐലാക്സ് മൊറീബ ആർബി ലീപ്സിഗിൽ എത്തിയേക്കും
ബാഴ്സലോണയുമായി കരാർ പുതുക്കുന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്ന യുവതാരമായ ഐലാക്സ് മൊറീബ ജർമൻ ക്ലബായ ആർബി ലീപ്സിഗിലേക്ക് ചേക്കേറാൻ സാധ്യത. സ്പോർട് വണിന്റെ റിപ്പോർട്ടുകൾ പ്രകാരം സാബിസ്റ്റർ ലീപ്സിഗ് വിടുകയാണെങ്കിൽ പകരക്കാരനായി മൊറീബയെയാണ് ക്ലബ് പരിഗണിക്കുന്നത്.
6. കമവിങ്ങ റെന്നെസ് വിടാൻ സാധ്യത
യൂറോപ്യൻ ഫുട്ബോളിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഫ്രഞ്ച് യുവതാരമായ എഡ്വേർഡോ കമവിങ്ങ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റെന്നെസ് വിടാൻ സാധ്യത. 35 മില്യൺ യൂറോക്ക് ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരത്തെ വിട്ടുകൊടുക്കാൻ റെന്നെസ് തയ്യാറാണെന്ന് ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കി.
7. ടോട്ടനം ഹോട്സ്പറിന്റെ അടുത്ത ലക്ഷ്യം അഡമ ട്രയോറെ
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൈനിംഗുകൾ അവസാനിപ്പിക്കാതെ ടോട്ടനം. ദി ടെലെഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം സ്പർസ് പരിശീലകനായ നുനോ തന്റെ മുൻ ക്ലബായ വോൾവ്സിന്റെ വിങ്ങറായ അഡമ ട്രയോറയെ ആണ് നോട്ടമിടുന്നത്. ട്രാൻസ്ഫർ ജാലകം അവസാനിക്കും മുൻപ് താരത്തെ ടീമിലെത്തിക്കാൻ കഴിയുമെന്നാണ് നുനോ കരുതുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.