ട്രാൻസ്ഫർ റൗണ്ടപ്പ്: ലപോർട്ടെക്ക് വിലയിട്ട് മാഞ്ചസ്റ്റർ സിറ്റി, ഇന്ററിൽ തുടരാൻ മാർട്ടിനസ് വേറെ ഓഫറുകൾ നിഷേധിച്ചു

1. 60 മില്യൺ പൗണ്ടിന്റെ ഓഫർ ലഭിച്ചാൽ മാഞ്ചസ്റ്റർ സിറ്റി അയ്മെറിക്ക് ലപോർട്ടെയെ വിൽക്കും
60 മില്യൺ പൗണ്ടിന്റെ ഓഫർ ലഭിച്ചാൽ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധതാരമായ അയ്മെറിക്ക് ലപോർട്ടയെ വിൽക്കും. സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞ താരത്തിന് ക്ലബ് വിടാൻ താല്പര്യമുണ്ട്. റയൽ മാഡ്രിഡ്, എഫ്സി ബാഴ്സലോണ എന്നിവർക്ക് ലപോർട്ടെയിൽ താല്പര്യമുണ്ടെങ്കിലും സിറ്റി ആവശ്യപ്പെടുന്ന തുക നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ റയലിനോ ബാഴ്സക്കോ താങ്ങാൻ കഴിയുമോ എന്ന കാര്യം സംശയമാണ്.
2. ആകർഷണീയമായ ഓഫറുകൾ മാർട്ടിനസ് വേണ്ടെന്ന് വെച്ചെന്ന് ഇന്റർ മിലാൻ ഡയറക്ടർ
ആകർഷണീയമായ ഓഫറുകൾ മറ്റു ക്ലബുകളിൽ നിന്ന് ലഭിച്ചെങ്കിലും ഇന്റർ മിലാനിൽ തുടരാനാണ് ലൗട്ടാരോ മാർട്ടിനസ് ആവശ്യപ്പെട്ടതെന്ന് വെളിപ്പെടുത്തി ഇറ്റാലിയൻ ക്ലബിന്റെ ഡയറക്ടറായ ബെപ്പെ മറോട്ട. അതേ സമയം, ചെൽസിയിലേക്ക് ചേക്കേറിയ ലുക്കാക്കു തന്നെ വിൽക്കണം എന്ന് ആവശ്യപ്പെട്ടതായും മറോട്ട വ്യക്തമാക്കി.
3. ടാൻഗുയ് എൻഡോബലയിൽ ബയേൺ മ്യൂണിക്കിന് താല്പര്യം
ടോട്ടൻഹാം ഹോട്സ്പർ താരം ടാൻഗുയ് എൻഡോബലയിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിന് താല്പര്യം. താരത്തെ സ്വന്തമാക്കാൻ കോറെന്റിന് ടോളിസോയെയും 20 മില്യൺ യൂറോയും നൽകാൻ ബയേൺ തയ്യാറാണെങ്കിലും, ഈ വാഗ്ദാനം സ്പർസ് നിഷേധിച്ചെന്നാണ് സ്കൈ സ്പോർട്സ് ജർമനി റിപ്പോർട്ട് ചെയ്യുന്നത്.
4. പ്യാനിച്ചിന്റെയും ഉംറ്റിറ്റിയുടെയും സങ്കീർണമായ സാഹചര്യമാണെന്ന് കൂമാൻ
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ വിൽക്കാൻ സാധ്യതയുള്ള മിറാലം പ്യാനിച്ചിന്റെയും സാമുവേൽ ഉംറ്റിറ്റിയുടെയും ക്ലബിലെ സാഹചര്യം സങ്കീർണമാണെന്ന് വ്യക്തമാക്കി പരിശീലകൻ റൊണാൾഡ് കൂമാൻ. എന്നാൽ, അവസാന തീരുമാനം എടുക്കേണ്ടത് താരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. "മിനിറ്റുകൾ ലഭിക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ള അവരെപ്പോലുള്ള കളിക്കാരുണ്ട്, പക്ഷെ അന്തിമ തീരുമാനം ഇപ്പോഴും കളിക്കാരുടെ ഭാഗത്ത് നിന്നാണ് വരേണ്ടത്. അതെ, അവർക്കുള്ളത് ഒരു സങ്കീർണമായ സ്ഥാനമാണ്."
5. ഫ്ലോറൻസിയെ ടീമിലെത്തിച്ച് എസി മിലാൻ
ഇറ്റാലിയൻ ഫുൾ-ബാക്ക് അലെസാന്ദ്രോ ഫ്ലോറൻസിയെ ഒരു വർഷത്തെ ലോൺ കരാറിൽ എസ് റോമയിൽ നിന്ന് ടീമിലെത്തിച്ച് എസി മിലാൻ. ലോൺ കാലാവധിക്ക് ശേഷം, താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാനുള്ള ഓപ്ഷൻ നിലവിലെ ഉടമ്പടിയിലുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.