ട്രാൻസ്ഫർ റൗണ്ടപ്പ്: ലൗടാരോ മാർട്ടിനസിനെ വിടാതെ ടോട്ടനം ഹോട്സ്പർ, അസെൻസിയോയെ ആഴ്സണൽ ലക്ഷ്യമിടുന്നു


1. ലൗടാരോ മാർട്ടിനസിനായി 77 മില്യൺ പൗണ്ട് മുടക്കാൻ സ്പർസ് ഒരുങ്ങുന്നു
അർജന്റീനിയൻ സ്ട്രൈക്കറായ ലൗടാരോ മാർട്ടിനസിനെ വിടാതെ ടോട്ടനം ഹോട്സ്പർ. ഗസറ്റ ഡെല്ല സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിലാൻ താരത്തിനായി 77 മില്യൺ പൗണ്ട് മുടക്കാൻ ടോട്ടനം തയ്യാറാണ്. ഹാരി കേൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് ടോട്ടനം മാർട്ടിനസിനു വേണ്ടിയുള്ള നീക്കങ്ങൾ സജീവമാക്കുന്നത്.
2. അസെൻസിയോയെ സ്വന്തമാക്കാൻ ആഴ്സണലിനു താൽപര്യം
റയൽ മാഡ്രിഡ് താരമായ മാർകോ അസെൻസിയോയെ സ്വന്തമാക്കാൻ ആഴ്സണലിനു താൽപര്യമുണ്ടെന്ന് ഫിഷാജെസ് വെളിപ്പെടുത്തുന്നു. മാർട്ടിൻ ഒഡേഗാർഡിനെ റയലിൽ നിന്നും ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമായി മുന്നോട്ടു പോകുന്നതിനിടെയാണ് അസെൻസിയോക്കു വേണ്ടി ഗണ്ണേഴ്സ് ശ്രമം നടത്തുന്നത്. ലിവർപൂൾ, ടോട്ടനം ക്ലബുകൾക്കും താരത്തിൽ താൽപര്യമുണ്ട്.
3. കേനിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരക്കാരനെ കണ്ടെത്തി സിറ്റി
ഹാരി കേനിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം ഇറ്റാലിയൻ ക്ലബായ ഫിയോറെന്റീനയുടെ സ്ട്രൈക്കർ ദുസൻ വ്ലാഹോവിച്ചിനെ ടീമിലെത്തിക്കുന്ന കാര്യം സിറ്റി പരിഗണിക്കുന്നു. ഫിറെൻസ് വിയോളയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. കഴിഞ്ഞ സീസണിൽ സീരി എയിൽ ഇരുപത്തിയൊന്ന് ഗോളുകളാണ് സെർബിയൻ സ്ട്രൈക്കർ നേടിയത്.
4. പെഡ്രോ റോമയിൽ നിന്നും ലാസിയോയിലേക്ക്
മുൻ ബാഴ്സലോണ താരമായ പെഡ്രോ റോമയിൽ നിന്നും ലാസിയോയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു. പെഡ്രോ ചെൽസി താരമായിരിക്കുമ്പോൾ പരിശീലകനായിരുന്ന സാറിയാണ് നിലവിൽ ലാസിയോ കോച്ച്. റോമയിൽ മൗറീന്യോയുടെ പദ്ധതികളിൽ സ്ഥാനമില്ലാത്തതിനാലാണ് പെഡ്രോ ഫ്രീ ട്രാൻസ്ഫറിൽ ലാസിയോയിലേക്ക് ചേക്കേറുന്നതെന്ന് ഫാബ്രിസിയോ റൊമാനൊ പറയുന്നു.
5. പ്യാനിച്ചിനെ യുവന്റസിലേക്ക് തിരിച്ചെത്തിക്കാൻ റാംസിയെ ഒഴിവാക്കണം
ബോസ്നിയൻ താരമായ മിറാലം പ്യാനിച്ചിനെ സ്വന്തമാക്കാൻ യുവന്റസിന് താൽപര്യമുണ്ടെങ്കിലും അതിനു തടസമാകുന്നത് ആരോൺ റാംസിയെന്ന് മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ടു ചെയ്യുന്നു. ഏഴു മില്യൺ യൂറോ പ്രതിഫലം പറ്റുന്ന, ക്ലബിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന നാലാമത്തെ താരമായ റാംസിയെ ഒഴിവാക്കിയാലേ യുവന്റസിന് പ്യാനിച്ചിനെ തിരിച്ചെത്തിക്കാൻ കഴിയൂ.
6. ഒബാമയാങ് ആഴ്സണലിൽ തുടരാൻ സാധ്യത
ആഴ്സണൽ സ്ട്രൈക്കറായ ഒബാമയാങ് ഈ സീസണിലും ക്ലബിൽ തന്നെ തുടർന്നേക്കുമെന്ന് എക്സ്പ്രസ് സ്പോർട്ടിന്റെ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ സീസണിൽ മോശം ഫോമിലായിരുന്ന ഒബാമയങ്ങിനെ ആഴ്സണൽ സമ്മറിൽ ഒഴിവാക്കാൻ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ബാഴ്സക്ക് താരത്തിൽ താൽപര്യമുണ്ടെന്നും അഭ്യൂഹങ്ങൾ വെളിപ്പെടുത്തുന്നു.
7. മക്കന്നിയെ യുവന്റസ് ഒഴിവാക്കിയേക്കും
ജിയാൻലൂക്ക ഡി മർസിയോയുടെ റിപ്പോർട്ടുകൾ പ്രകാരം വെസ്റ്റേൺ മക്കന്നിയെ ഒഴിവാക്കുന്ന കാര്യം യുവന്റസ് പരിഗണിക്കുന്നു. സാസുവോളയിൽ നിന്നും മാനുവൽ ലോകാടെല്ലിയെ സ്വന്തമാക്കിയതു കൊണ്ടാണ് ഇരുപത്തിരണ്ടു വയസുള്ള അമേരിക്കൻ താരത്തിനു വേണ്ടിയുള്ള ഓഫറുകൾ യുവന്റസ് പരിഗണിക്കാൻ തയ്യാറെടുക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.