ട്രാൻസ്ഫർ റൗണ്ടപ്പ്: കേനിനു വേണ്ടിയുള്ള 150 മില്യണിന്റെ ഓഫർ സ്വീകരിക്കാതെ ടോട്ടനം, ഒഡേഗാർഡ് ആഴ്സണലിലേക്ക്


1. ഹാരി കേനിനു വേണ്ടിയുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫർ പരിഗണിക്കാതെ ടോട്ടനം
ഹാരി കേനിനെ ടീമിലെത്തിക്കുന്നതിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റി 150 മില്യൺ യൂറോയുടെ ഓഫർ നൽകിയെന്നും എന്നാൽ ടോട്ടനം ഹോസ്പർ ഇതുവരെയും താരത്തെ സംബന്ധിച്ച തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ട്രാൻസ്ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കുന്നു. നിലവിൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ച കേൻ കഴിഞ്ഞ മത്സരത്തിൽ സ്ക്വാഡിലുണ്ടായിരുന്നില്ല.
2. ആഴ്സണൽ ഒഡേഗാർഡിനെ സ്വന്തമാക്കുന്നതിനരികെ
കഴിഞ്ഞ സീസണിൽ ലോണിൽ ക്ലബിനു വേണ്ടി കളിച്ച റയൽ മാഡ്രിഡ് താരമായ മാർട്ടിൻ ഒഡേഗാർഡിനെ സ്വന്തമാക്കാൻ ആഴ്സണൽ ഒരുങ്ങുന്നു. ആൻസലോട്ടിയുടെ പദ്ധതികളിൽ സ്ഥാനമുണ്ടാകില്ലെന്ന് ഉറപ്പായ ഇരുപത്തിരണ്ടു വയസുള്ള നോർവേ താരത്തെ സ്ഥിരം ട്രാൻസ്ഫറിൽ ടീമിലെത്തിക്കാനാണ് ഗണ്ണേഴ്സ് ഒരുങ്ങുന്നതെന്ന് ഗോൾ സ്ഥിരീകരിക്കുന്നു.
3. ലോകാടെല്ലി യുവന്റസ് മെഡിക്കൽ പൂർത്തിയാക്കി
ഈ സീസണിൽ ടീമിനെ ശക്തിപ്പെടുത്തുന്നതിനു യുവന്റസ് സ്വന്തമാക്കിയ മാനുവൽ ലോകാടെല്ലി ക്ലബിനൊപ്പം മെഡിക്കൽ പൂർത്തിയാക്കി. ഇറ്റലിക്കൊപ്പം യൂറോ കപ്പ് വിജയം നേടിയ സാസുവോളോ താരത്തെ ടീമിലെത്തിക്കാൻ നാൽപതു മില്യൺ യൂറോയാണ് യുവന്റസ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ആഴ്സനലും ലോകാടെല്ലിയെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ഇറ്റലി വിടാൻ താരത്തിനു താൽപര്യമില്ലായിരുന്നു.
4. മാർക്കസ് തുറാമിനെ ഇന്റർ മിലാൻ ലക്ഷ്യമിടുന്നു
ലുക്കാക്കു ടീം വിട്ട ഒഴിവിലേക്ക് സീക്കോയെ സ്വന്തമാക്കി എങ്കിലും പുതിയൊരു സ്ട്രൈക്കറെ കൂടി ഇന്റർ മിലാൻ നോട്ടമിടുന്നു. സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ജർമൻ ക്ലബ് ബൊറൂസിയ മൊൻചെൻഗ്ലാഡ്ബാഷിന്റെ താരവും ഫ്രഞ്ച് ഇതിഹാസം ലിലിയൻ തുറാമിന്റെ മകനുമായ മാർക്കസ് തുറാമിനെയാണ് ഇന്റർ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം താരം നടത്തിയിരുന്നു.
5. ഹാലൻഡ് അടുത്ത സമ്മറിലും ക്ലബ് വിടില്ലെന്ന് ഡോർട്മുണ്ട് മാനേജർ
2021-22 സീസണിന് അപ്പുറവും എർലിങ് ബ്രൂട് ഹാലൻഡ് ബൊറൂസിയ ഡോർട്മുണ്ടിൽ തന്നെ തുടരുമെന്ന് ക്ലബിന്റെ പരിശീലകനായ മാർകോ റോസ് വ്യക്തമാക്കി. ദീർഘകാലത്തേക്കാണ് നോർവേ താരം ഡോർട്മുണ്ടുമായി കരാർ ഒപ്പിട്ടിരിക്കുന്നതെന്നും നിലവിലുള്ള അഭ്യൂഹങ്ങൾ മാറി മറിയാമെന്നും അദ്ദേഹം പറഞ്ഞു. ഒരു മികച്ച സീസൺ ഡോർട്മുണ്ടിനൊപ്പം പൂർത്തിയാക്കിയാൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുമെന്നും പരിശീലകൻ വ്യക്തമാക്കി.
6. റാഫ മിറിനു വേണ്ടിയുള്ള ശ്രമങ്ങൾ ഉപേക്ഷിക്കാതെ അത്ലറ്റികോ
വോൾവ്സ് സ്ട്രൈക്കറായ റാഫ മിറിനു വേണ്ടി അത്ലറ്റികോ മാഡ്രിഡ് ഇപ്പോഴും ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഫുട്ബോൾ ഇൻസൈഡർ വെളിപ്പെടുത്തുന്നു. സ്പാനിഷ് താരത്തിനായി ഇരുപതു മില്യൻ യൂറോയോളം ആവശ്യപ്പെടുന്ന വോൾവ്സ് ലോൺ കരാറിനും തയ്യാറാണ്. കഴിഞ്ഞ സീസണിൽ ഹ്യുയസ്കയിൽ ലോണിൽ കളിച്ച മിർ പതിനാറ് ഗോളുകൾ നേടിയിരുന്നു.
7. സൂമയെ ലക്ഷ്യമിട്ട് ടോട്ടനം ഹോസ്പർ
സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ചെൽസി പ്രതിരോധ താരമായ കുർട്ട് സൂമയെ ടോട്ടനം ഹോസ്പർ ലക്ഷ്യമിടുന്നു. തോമസ് ടുഷലിന്റെ ടീമിൽ ഇടമില്ലാത്ത ഫ്രഞ്ച് താരത്തിനു വേണ്ടി ഇരുപത്തിയഞ്ചു മില്യനാണ് ചെൽസി ആവശ്യപ്പെടുന്നത്. വെസ്റ്റ് ഹാമിനും സൂമയിൽ താൽപര്യമുണ്ട്.